സിഎംആർഎൽ–എക്സാലോജിക് കേസ്: സുപ്രീം കോടതി വിധി ഇഡി - വിഡി കൂട്ടുകെട്ടിന് കനത്ത തിരിച്ചടി: പി രാജീവ്

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസിലെ സുപ്രീം കോടതി വിധി സംസ്ഥാനത്തെ ഇഡി - വിഡി കൂട്ടുകെട്ടിന് കനത്ത തിരിച്ചടിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്. ഹൈക്കോടതിയിൽ ഞങ്ങൾ ഉന്നയിച്ച എല്ലാ വാദങ്ങളും സുപ്രീം കോടതി ശരിവച്ചു. ഒരാളെ കേൾക്കാതെ കേസിൽ എഫ്ഐആർ ഇടുന്നത് തെറ്റാണെന്ന് നേരത്തെ പറഞ്ഞിരുന്നു. പൊലീസോ വിജിലൻസോ അകാരണമായി എഫ്ഐആർ ഇട്ടാൽ അത് റദ്ദാക്കാൻ ആവശ്യപ്പെട്ട് പൗരന് സമീപിക്കാവുന്ന നിയമപരവും ഭരണഘടനാപരവുമായ സംവിധാനമാണ് കോടതി. എന്നാൽ ആ കോടതി തന്നെ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുമ്പോൾ ഈ അവകാശത്തിന്റെ ഫലപ്രദമായ വിനിയോഗം തടസ്സപ്പെടുന്നുവെന്നും പി രാജീവ് പറഞ്ഞു.
ഇഡി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നില്ല. പ്രാഥമിക തെളിവുകൾ പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണ്. ആവശ്യമെങ്കിൽ പ്രാഥമിക അന്വേഷണം നടത്താൻ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്നും വാദിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്താനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരത്തിൽ കോടതിക്ക് എത്രത്തോളം ഇടപെടാമെന്നതായിരുന്നു കേസിൽ ഉന്നയിച്ച പ്രധാന നിയമപ്രശ്നങ്ങളിലൊന്ന്. യഥാർഥത്തിൽ ഉന്നയിച്ച നിയമപ്രശ്നങ്ങൾ പരിഗണിക്കാതെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ നൽകാനുള്ള അനുമതി നിഷേധിച്ചത്.
എഫ്ഐആർ ഇടുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം വേണോ?, കുറ്റം ചാർത്തപ്പെട്ടയാളുകളെ കേൾക്കേണ്ടതുണ്ടോ? ഇതാക്കെയാണ് കോടതി പരിശോധിച്ചത്. യഥാർത്ഥത്തിൽ അത് ആയിരുന്നില്ല ഉന്നയിക്കപ്പെട്ട പ്രശ്നം. അത് പൊതുതത്വങ്ങൾ മാത്രമാണ്. പ്രാഥമികമായി തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാൽ മാത്രം എഫ്ഐആർ ഇട്ടാൽ മതിയെന്നാണ് സുപ്രീം കോടതി പറയുന്നത്. എഫ്ഐആർ ഇടുന്നതിന് മുമ്പ് സാധാരണ പ്രതികളെ കേൾക്കണമോ എന്നതായിരുന്നില്ല രണ്ടാമത്തെ ചോദ്യം. പൊതുതാൽപ്പര്യ ഹർജി സിംഗിൾ ബെഞ്ച് പരിഗണിക്കുമ്പോൾ അതിൽ പ്രതികളാക്കപ്പെടാൻ സാധ്യതയുള്ള ആളുകളുടെ പേരുകൾ പരാമർശിച്ചാൽ അവരെക്കൂടി കേൾക്കേണ്ടതാണ് സ്വാഭാവിക നീതി എന്ന വാദമാണ് ഞങ്ങൾ ഉന്നയിച്ചത്.
ഈ രണ്ട് പ്രധാന ചോദ്യങ്ങളും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ ഫ്രെയിം ചെയ്യപ്പെട്ടിരുന്നില്ല. ഇപ്പോൾ ഉന്നത നീതിപീഠം കേൾക്കപ്പെടാനുള്ള അവകാശത്തെ അംഗീകരിച്ചിരിക്കുകയാണ്. സ്പെഷ്യൽ ലീവ് പെറ്റീഷൻ തള്ളുമ്പോൾ സാധാരണ നടപടിക്രമമനുസരിച്ച് അപ്പീലും തള്ളും. അപ്പീൽ നൽകാനുള്ള അനുമതി നിഷേധിച്ച വിധിയാണ് ഇപ്പോൾ സെറ്റ് അസൈഡ് ചെയ്തിരിക്കുന്നത്. അതോടെ അപ്പീൽ പുതുതായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലേക്ക് വരും.
ഈ വിഷയത്തിൽ സർക്കാർ തന്നെയായിരുന്നു അപ്പീൽ നൽകേണ്ടിയിരുന്നത്. സർക്കാർ അപ്പീൽ നൽകിയിരുന്നെങ്കിൽ മറ്റുള്ളവർക്ക് പ്രത്യേക അനുമതി തേടേണ്ട സാഹചര്യമുണ്ടാകുമായിരുന്നില്ല. നിയമവ്യവസ്ഥയിൽ നിർവഹിക്കേണ്ട പ്രാഥമിക ഉത്തരവാദിത്വം കേരള സർക്കാർ നിർവഹിച്ചില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ സർക്കാർ വലിയ തിടുക്കം കാണിച്ചു. കോടതിയുടെ ഉത്തരവ് കിട്ടിയ ഉടൻ തന്നെ അതിവേഗത്തിൽ പ്രവർത്തിക്കുകയും കോടതിയുടെ പേരിൽ ആ നടപടി ന്യായീകരിക്കുകയും ചെയ്തു. ദേശീയ തലത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിന് വിരുദ്ധമായിരുന്നു കേരളത്തിലെ സമീപനം.
നാളെ കർണാടകയിൽ മുഖ്യമന്ത്രിക്കെതിരെയോ രാഹുൽ ഗാന്ധിക്ക് നേരെയോ ഇഡി ഒരു റിപ്പോർട്ട് നൽകിയാൽ ഉടൻ എഫ്ഐആർ ഇടണമെന്ന നിലപാടുണ്ടാകും. ആ സമീപനം ചോദ്യം ചെയ്യാനുള്ള അവകാശം ഞങ്ങൾ അടിയറവ് വച്ചുവെന്നാണ് കേരളത്തിലെ സർക്കാർ പ്രഖ്യാപിച്ചത്. അത് ദേശീയ രാഷ്ട്രീയത്തിന്റെ പ്രശ്നങ്ങൾ കാണാതെ ബിജെപിയോട് ചേർന്ന് നിൽക്കുന്ന കോൺഗ്രസ് സമീപനം ഇപ്പോൾ തുറന്നുകാട്ടപ്പെട്ടുവെന്നും പി രാജീവ് പറഞ്ഞു.








0 comments