ad
Deshabhimani

അവർ ഒന്നിച്ചു, 
പലസ്തീന്റെ കണ്ണീർ പങ്കിട്ട്‌

palastine

‘മാനവരാശി പലസ്തിനൊപ്പം, കൊച്ചി നഗരവും’ എന്ന പരിപാടിയിൽ പലസ്തീനിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട 
കുട്ടികളുടെ മൃതശരീരങ്ങൾ പ്രതീകാത്മകമായി പ്രദർശിപ്പിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Oct 10, 2025, 04:30 AM | 2 min read


കൊച്ചി

‘സുആദ്‌ അലി ഇ‍ൗസ ഹമൂദ’. ഇസ്രയേലിന്റെ അരുംകൊലയിൽ ജീവൻ നഷ്ടമായ കുരുന്നുകളിൽ ഒന്നിന്റെ പേര്‌ സാഹിത്യകാരൻ എൻ എസ്‌ മാധവൻ വെള്ളത്തുണിയിൽ എഴുതിച്ചേർത്തു. പലസ്‌തീനിൽ ജീവൻ നഷ്ടമായ കുട്ടികളുടെ പേരുകൾ തുണിയിൽ എഴുതിച്ചേർത്ത്‌ മറ്റുള്ളവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഗാസയുടെ ദുഃഖം അവരുടേതായി. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ പലസ്‌തീനിൽ ഇസ്രയേൽ കൊന്നൊടുക്കിയവരുടെ സ്‌മരണയിൽ കണ്ണീർപൊഴിച്ച്‌ അവരൊത്തുകൂടി. കഫിയ ധരിച്ചും യുദ്ധം വേണ്ടെന്ന പ്ലക്കാർഡ്‌ ഉയർത്തിയും പലസ്തീനൊപ്പം ഹൃദയം ചേർക്കുകയായിരുന്നു കൊച്ചി.


ഇസ്രയേൽ വംശഹത്യയിൽ പ്രതിഷേധിച്ച് ‘മാനവരാശി പലസ്‌തീനൊപ്പം, കൊച്ചി നഗരവും’ മുദ്രാവാക്യമുയർത്തി വ്യാഴം വൈകിട്ട്‌ കൊച്ചി നഗരാവലി രാജേന്ദ്രമൈതാനത്ത്‌ ഒത്തുചേർന്നു. പലസ്‌തീൻ ഐക്യദാർഢ്യസമിതി സംഘടിപ്പിച്ച പരിപാടി എൻ എസ് മാധവൻ ഉദ്ഘാടനം ചെയ്‌തു.


പ്രതീകാത്മക ചിത്രരചനയും വിവിധ ഇൻസ്റ്റലേഷനുകളും ഒരുക്കി. ‘യുദ്ധം വേണ്ട, ഗാസ ജീവിക്കട്ടെ, ഫ്രീ പലസ്തീൻ’ എന്ന ആശയത്തിലായിരുന്നു ചിത്രരചന. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള ചിത്രരചന ഉദ്‌ഘാടനം ചെയ്‌തു. ജീവൻ നഷ്ടമായ കുട്ടികളുടെ പേരുകൾ തുണിയിൽ എഴുതിച്ചേർക്കുന്നതിന്റെ ഉദ്‌ഘാടനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ നിർവഹിച്ചു.


പലസ്തീൻ ജനത ഏറ്റുവാങ്ങിയ ക്രൂരപീഡനങ്ങളുടെ നേർക്കാഴ്ച വ്യക്തമാക്കുന്ന ഫോട്ടോപ്രദർശനം ആരുടെയും കരളലിയിക്കുന്നതായിരുന്നു. ഡോ. ജോ ജോസഫാണ്‌ ഫോട്ടോകൾ സമാഹരിച്ചത്‌. ഗാന്ധി സ്‌ക്വയറിനു സമീപത്തുനിന്ന്‌ ആരംഭിച്ച ജാഥയ്‌ക്കൊപ്പം നൂറുകണക്കിനുപേർ രാജേന്ദ്ര മൈതാനത്തേക്ക്‌ എത്തി. ‘ഫ്രം ഗ്രൗണ്ട് സീറോ സ്‌റ്റോറീസ് ഫ്രം ഗാസ’ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.


തടസ്സങ്ങളെ മറികടന്ന് ഗാസയിലേക്ക് ജീവജലമെത്തിച്ച ശ്രീരശ്‌മി ഉദയകുമാർ അനുഭവങ്ങൾ പങ്കുവച്ചു. ഡോക്ടേഴ്‌സ് ബിയോണ്ട്‌ ബോർഡേഴ്‌സ് വളന്റിയറായി ഗാസയിൽ ആതുരസേവനം നടത്തുന്ന ഡോ. എസ് എസ് സന്തോഷ്‌കുമാർ ഗാസയിൽനിന്ന്‌ ഓൺലൈനിൽ പങ്കെടുത്തു. എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ അധ്യക്ഷനായി.


നോവലിസ്‌റ്റ് വിനോദ് കൃഷ്‌ണ, ജസ്റ്റിസ് വി കെ മോഹനൻ, ഫാ. പോൾ തേലക്കാട്ട്, ഫാ. അനിൽ ഫിലിപ്, അഡ്വ. അശോക് എം ചെറിയാൻ, ദീപ കെ രാജൻ, പി ആർ മുരളീധരൻ, ജോൺ ഫെർണാണ്ടസ്‌, അഡ്വ. വി കെ പ്രസാദ്‌, ഏലിയാസ്‌ മാത്യു തുടങ്ങിയവർ സംസാരിച്ചു.


നാടക് ജില്ലാ കമ്മിറ്റി ഒരുക്കിയ ‘നമ്മൾ അവിടാരുന്നേൽ' എന്ന നാടകവും അരങ്ങേറി. മഹാരാജാസ്‌ കോളേജ്‌ വിദ്യാർഥികൾ മൈം അവതരിപ്പിച്ചു. ഡോ. കെ ജി പ‍ൗലോസ്‌ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


നിഷ്‌പക്ഷത കാപട്യം ഫാ. പോൾ തേലക്കാട്ട്‌

പലസ്‌തീൻ വിഷയത്തിൽ നിഷ്‌പക്ഷത എന്നത്‌ കാപട്യമാണെന്ന് ഫാ. പോൾ തേലക്കാട്ട്‌ പറഞ്ഞു. അക്രമത്തിന്റെയും മനുഷ്യത്വരാഹിത്യത്തിന്റെയും പ്രതിസന്ധിയാണ്‌ നാം നേരിടുന്നത്‌. ഇതിനെ പ്രതിഷേധവും ശക്തമായ ശബ്ദവും കൊണ്ടാണ്‌ നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


നഷ്ടപ്പെട്ട 
പുഞ്ചിരി ഫാ. അനിൽ ഫിലിപ്പ്‌

ഗാസയിൽ നഷ്ടപ്പെട്ടത്‌ കുഞ്ഞുങ്ങളുടെ പുഞ്ചിരിയാണെന്ന്‌ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്‌ പറഞ്ഞു.


ലൈവ്‌ സ്‌‍ട്രീം ചെയ്യുന്ന വംശഹത്യ ശ്രീരശ്‌മി ഉദയകുമാർ

ലോകമെന്പാടുമുള്ള ജനതയെ വെല്ലുവിളിച്ച്‌, നമ്മുടെ മൊബൈൽ ഫോണിലൂടെയും ടെലിവിഷനിലൂടെയും പലസ്‌തീനിലെ കുഞ്ഞുങ്ങളും മുതിർന്നവരും കൊല്ലപ്പെടുന്നത്‌ ലൈവായി സ്‌ട്രീം ചെയ്‌തു കൊണ്ടിരിക്കുകയാണെന്ന്‌ ശ്രീരശ്‌മി ഉദയകുമാർ പറഞ്ഞു.

തടസ്സങ്ങളെ മറികടന്ന് ഗാസയിലേക്ക് ജീവജലമെത്തിച്ച അനുഭവങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു ശ്രീരശ്‌മി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home