കേരളത്തിൽ 25 രൂപയ്‌ക്ക് ഒരുകിലോ അരി കിട്ടും
print edition സപ്ലൈകോയെ തകർക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം

തിരുവനന്തപുരം
ന്യായവിലയ്‌ക്ക് അവശ്യവസ്‌തുക്കൾ വിതരണംചെയ്യുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനെ തകർക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം. വിപണി ഇടപെടലുകൾക്ക് സാന്പത്തികസഹായം നൽകാതെയും കേന്ദ്രവിഹിതത്തിൽ കോടികൾ കുടിശ്ശിക വരുത്തിയുമാണ് വിപണി ഇടപെടലിന്റെ കേരളമാതൃകയെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോയ്‌ക്ക് കേന്ദ്രസർക്കാർ നൽകാനുള്ള കുടിശ്ശിക 1343 കോടി രൂപയാണ്. കോവിഡ് കാലത്ത് കേന്ദ്രം അനുവദിച്ച അരിക്കും സംസ്ഥാനം പണം നൽകേണ്ടിവന്നു. അവശ്യസാധനവില കുതിച്ചുയർന്നപ്പോൾ സപ്ലൈകോ വഴി സർക്കാർ വിപണിയിൽ ഫലപ്രദമായി ഇടപെട്ടു. 13 ഇനം അവശ്യവസ്‌തുക്കളാണ് 50 ശതമാനംവരെ വിലക്കുറവിൽ നൽകിയത്. സംസ്ഥാനത്താകെ 1630 സപ്ലൈകോ വിൽപ്പനശാലകൾ പ്രവർത്തിക്കുന്നുണ്ട്.
നെൽക്കർഷകരെ സഹായിക്കാനായി സംസ്ഥാന സർക്കാർ നൽകിയിരുന്ന പ്രോത്‌സാഹന ബോണസ് നിർത്തണമെന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്. നെല്ലിന് കേന്ദ്രം താങ്ങുവിലയായി നൽകുന്നത് 23.69 രൂപ മാത്രമാണ്. 6.31 രൂപയാണ് സംസ്ഥാനം നൽകുന്ന പ്രോത്സാഹന ബോണസ്. ഇതുൾപ്പെടെയാണ് കർഷകന് ഒരു കിലോ നെല്ലിന് 30 രൂപ ലഭിക്കുന്നത്.
കേന്ദ്രനിർദേശത്തെ എതിർക്കുന്നതിനാലാണ് സപ്ലൈകോയ്‌ക്കുള്ള കുടിശ്ശിക അനുവദിക്കാത്തത്. വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതിക്ക് കീഴിലുള്ള നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസികൂടിയാണ് സപ്ലൈകോ. നാലുവർഷത്തിനുള്ളിൽ പ്രോത്സാഹന ബോണസായി 2187.1 കോടി രൂപയാണ് സംസ്ഥാനസർക്കാർ ഇതിനകം നെൽക്കർഷകർക്ക് നൽകിയത്. നെല്ലിന്റെ സംഭരണവില കുടിശ്ശികയില്ലാതെ കർഷകന് നൽകുന്നുമുണ്ട്.
കെ സി വേണുഗോപാൽ അറിയണം
കേരളത്തിൽ 25 രൂപയ്‌ക്ക് ഒരുകിലോ അരി കിട്ടും
കേരളത്തിൽ 25 രൂപയ്‌ക്ക് ഒരുകിലോ അരി കിട്ടും. മാസം 20 കിലോഗ്രാംവരെ അരി ഇൗ വിലയ്‌ക്ക് സപ്ലൈകോയിൽനിന്ന് റേഷൻ കാർഡുകാർക്ക് വാങ്ങാം. ഇതിനുപുറമെ 13 ഇന അവശ്യസാധനങ്ങളുടെ പട്ടികയിൽ എട്ടുകിലോഗ്രാം അരി സബ്‌സിഡി നിരക്കിൽ സപ്ലൈകോ വിതരണം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ ഫലപ്രദമായ വിപണി ഇടപെടലാണ് കഴിഞ്ഞ പത്തുവർഷമായി എൽഡിഎഫ്‌സർക്കാർ നടത്തുന്നത്. കോൺഗ്രസിനുവേണ്ടി തെരഞ്ഞെടുപ്പ് തന്ത്രമൊരുക്കാൻ ഇറങ്ങിയ കെ സി വേണുഗോപാൽ ഇതറിയണം. നിത്യോപയോഗസാധനങ്ങളും പച്ചക്കറികളും താങ്ങാവുന്ന വിലയിൽ എല്ലാവിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുന്നു.
ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തിൽ സപ്ലൈകോ വഴിയുള്ള വിപണി ഇടപെടലിന് വർഷം ശരാശരി 350 കോടി രൂപയാണ് ചെലവഴിക്കുന്നത്. 2016 ഏപ്രിലിലെ വിലയ്‌ക്ക് 2024 ഫെബ്രുവരി മൂന്നാംവാരംവരെ 13 ഇനം അവശ്യസാധനങ്ങൾ നൽകി. തുടർന്ന് 35 ശതമാനംവരെ വിലക്കുറവിൽ സാധനങ്ങൾ വിതരണംചെയ്യുന്നു.
സഹകരണ വകുപ്പിലുള്ള വിൽപ്പനശാലകൾ വഴിയും വിപണിയിൽ ഇടപെടുന്നു. സപ്ലൈകോയുടെ ആനുകൂല്യം 93 ലക്ഷം കാർഡുടമകൾക്കും ലഭ്യമാണ്. ഉത്സവ സീസണുകളിൽ വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാനത്തുടനീളം ചന്തകളുമുണ്ട്.
കഴിഞ്ഞ ഓണക്കാലത്ത് കേന്ദ്രസർക്കാർ അധിക അരി സംസ്ഥാനത്തിന് നിഷേധിച്ചപ്പോൾ അധികവില നൽകിയാണ് കേരളം അരി ലഭ്യമാക്കിയത്. ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയാണ് സപ്ലൈകോ ഔട്ട് ലെറ്റുകൾ വഴിയുണ്ടായത്.
ദിവസം 19.4 കോടിയുടെ വിൽപ്പനയുണ്ടായി. ആകെ 307 കോടിയുടെ വിൽപ്പന നടന്നു. വെളിച്ചെണ്ണയുടെ വില കുതിച്ച് ഉയർന്നപ്പോൾ സർക്കാർ ഇടപെട്ട് വിലകുറച്ചു.
ചില്ലറ വിൽപ്പന, വ്യാപാര ശൃംഖലകളോട് കിടപിടിക്കുന്ന ബ്രാൻഡഡ് എഫ്എംസിജി ഉൽപ്പന്നങ്ങളുടെ വൻനിര സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. മഞ്ഞ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും 14 ഇനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യകിറ്റും നൽകി.









0 comments