കലാസാഹിത്യസംഘം സമൂഹത്തിൽ നിർണായക സാന്നിധ്യമായി: സുനിൽ പി ഇളയിടം
മതഭീകരവാദത്തിനെതിരെ സർഗപ്രതിരോധം ഉയർത്തണം: കലാസാഹിത്യസംഘം

കോട്ടയം : മതഭീകരവാദത്തിനും അതുയർത്തുന്ന മനുഷ്യവിരുദ്ധതക്കുമെതിരെ സർഗപ്രതിരോധമുയർത്തണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും നേരെ സംഘപരിവാർ ഉയർത്തുന്ന ഭീഷണിയെ ചെറുക്കണം. പ്രൊഫ. നിവേദിതമേനോന്റെ പ്രഭാഷണം തടയാൻ എബിവിപി–-ആർഎസ്‌എസ് പ്രവർത്തകർ ശ്രമിച്ചതിൽ ജനറൽ കൗൺസിൽ പ്രതിഷേധിച്ചു.
ജനറൽ കൗൺസിൽ സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ പി മോഹനൻ ജനറൽ കൗൺസിൽ തീം പേപ്പർ അവതരിപ്പിച്ചു. ജോഷി ഡോൺ ബോസ്കോ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഫിലിം ക്രിട്ടിക്സ് പ്രത്യേക പരാമർശം നടത്തിയ പി ആർ ഹരിലാലിന് സംവിധായകൻ കമൽ ഉപഹാരം നൽകി. ഡി ശ്രീദേവിയുടെ "ശലഭമഴ' നോവൽ ഷീല ടോമിക്ക് നൽകി ബി എം സുഹ്റ പ്രകാശിപ്പിച്ചു.
മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വൻ, സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ, കമൽ, എസ്‌പിസിഎസ് പ്രസിഡന്റ് പി കെ ഹരികുമാർ, ബി എം സുഹ്റ, ഷിനിലാൽ, ലിസി, വിനോദ് കൃഷ്ണ, ഷീല ടോമി, ടി ആർ അജയൻ, രാവുണ്ണി രവിത ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. ടി ആർ രഘുനാഥൻ സ്വാഗതവും ആർ പ്രസന്നൻ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തിൽ പ്രൊഫ. എം എം നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സുജ സൂസൻ ജോർജ് അധ്യക്ഷയായി. എം കെ മനോഹരൻ ഭാവിപരിപാടികൾ അവതരിപ്പിച്ചു. ബി ശശികുമാർ സ്വാഗതവും പി ആർ ഹരിലാൽ നന്ദിയും പറഞ്ഞു.
കലാസാഹിത്യസംഘം സമൂഹത്തിൽ നിർണായക സാന്നിധ്യമായി: സുനിൽ പി ഇളയിടം
കേരളത്തിന്റെ സാമൂഹ്യ അവബോധം രൂപപ്പെടുത്തുന്ന നിർണായക സാന്നിധ്യമായാണ് പുരോഗമന കലാസാഹിത്യസംഘം നിലകൊണ്ടതെന്ന് സുനിൽ പി ഇളയിടം പറഞ്ഞു. ഓരോ കാലഘട്ടത്തിനും അനുസൃതമായ ഇടപെടലുകളാണ് സംഘം നടത്തിയിട്ടുള്ളത്. ഇതുവഴി പുരോഗമനപരമായ സാമൂഹ്യവീക്ഷണം ഉറപ്പിക്കാനും സാധിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ കൗൺസിൽ കോട്ടയത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മതാത്മകമായ ദേശീയഭാവന ജനാധിപത്യപരമായി മാറിയത് 1920കൾക്ക് ശേഷം ദേശീയപ്രസ്ഥാനത്തിലൂടെയാണ്. പുതിയ ആധുനിക സ്വത്വധാരകൾ ഉയർന്നുവന്നു. 1920കൾ മുതൽ കാൽനൂറ്റാണ്ടുകൊണ്ടാണ് രാഷ്‌ട്രസങ്കൽപം രാഷ്‌ട്രീയമായി ഇന്ത്യയിൽ വികസിച്ചത്. രാജവാഴ്‌ചാധിഷ്‌ഠിതമായ രാജ്യസങ്കൽപം മാറി. എന്നാൽ അത് അതേനിലയിൽ പൂർണമായി ഉൾക്കൊള്ളാൻ രാജ്യത്തിന്റെ സാംസ്‌കാരികമണ്ഡലത്തിന് കഴിഞ്ഞില്ല. രാഷ്‌ട്രീയമേൽത്തട്ടിൽ ജനാധിപത്യ ചിന്താധാര നിലനിൽക്കുമ്പോഴും അടിത്തട്ടിൽ ബ്രാഹ്മണത്വം നിലനിന്നു. അവിടെയാണ് ഇന്നുകാണുന്ന ഹിന്ദുത്വത്തിന്റെ വേരുകളുള്ളത്.
എവിടെ ജനിച്ചു എന്നതിനു പകരം, ജനിച്ച നാടിനെ പുണ്യഭൂമിയും പിതൃഭൂമിയുമായി കാണുന്നുണ്ടോ എന്നതാണ് പൗരത്വത്തിന്റെ അടിസ്ഥാനമെങ്കിൽ, പൗരത്വം മതരാഷ്‌ട്രപരമായി മാറുന്നു. മതരാഷ്‌ട്രസങ്കൽപത്തിന്റെ അവതാരകരെക്കുറിച്ച് വിമർശനപരമായി ഒന്നും പറയാൻ പാടില്ലെന്നാണ് സുപ്രീംകോടതി പറയുന്നത്. സവർക്കർ നൽകിയ മാപ്പപേക്ഷകൾ പൊതുരേഖകളായി നമ്മുടെ മുന്നിലുണ്ടെന്നും സുനിൽ പി ഇളയിടം പറഞ്ഞു.









0 comments