print edition മധ്യവർഗ കുടുംബഘടനയെ ജനാധിപത്യവൽക്കരിക്കണം : സുനിൽ പി ഇളയിടം

തിരുവനന്തപുരം
മതനിരപേക്ഷത, ജനാധിപത്യം, ജാതി വിരുദ്ധത എന്നിവയെ തകർക്കുന്ന മട്ടിലാണ് കേരളീയ സമൂഹത്തിലെ കുടുംബസംവിധാനമെന്ന് ഡോ. സുനിൽ പി ഇളയിടം. ഏഴ് പതിറ്റാണ്ടോളമായി ഒരുവിധ പരിഷ്‌കരണത്തിനും നവീകരണത്തിനും വിധേയമാകാത്തതാണ് നമ്മുടെ കുടുംബസംവിധാനം. പൊതുജീവിതവും ആന്തരിക ജീവിതവും തമ്മിലുള്ള വൈരുധ്യം വികസിച്ചുവരുന്നു. മധ്യവർഗ കുടുംബഘടനയെ ജനാധിപത്യവൽക്കരിക്കാനുള്ള രാഷ്‌ട്രീയപ്രവർത്തനം ഏറ്റെടുക്കണമെന്നും "മതനിരപേക്ഷ പുരോഗമന സംസ്‌കാരം' എന്ന വിഷയത്തിൽ നടന്ന സിന്പോസിയം ഉദ്‌ഘാടനം ചെയ്‌ത് സുനിൽ പി ഇളയിടം പറഞ്ഞു.
ഹിന്ദുത്വക്കെതിരായ എതിർപ്പ് എന്നതുപോലെ പ്രധാനമാണ് വർഗീയതക്കെതിരായ പ്രതിരോധവും. രാഷ്‌ട്രീയമായി പരാജയപ്പെട്ടാലും പരാജയപ്പെടാത്തതുപോലെ നിലനിൽക്കാൻ ഹിന്ദുത്വത്തെ സാധ്യമാക്കുന്നത് ഭൂതകാലത്തെയും ദേശീയപാരന്പര്യത്തെയും കുറിച്ചുള്ള ചില സങ്കൽപ്പന ക്രമങ്ങളാണ്. അതിൽ ഇടപെടാൻ കഴിയുന്ന തരത്തിൽ അടിസ്ഥാന മൂല്യങ്ങളെ മതനിരപേക്ഷവൽക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷതയും പുരോഗമനസംസ്‌കാരവും കെട്ടിപ്പടുക്കുന്നതിൽ കേരളം മഹത്തായ മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്ന് ഡോ. ടി എസ് ശ്യാംകുമാർ പറഞ്ഞു. മതനിരപേക്ഷ ചരിത്രകാരന്മാർക്ക് വലിയ ഭീഷണിയാണ് നേരിടേണ്ടി വരുന്നതെന്ന് ഡോ. എം എ സിദ്ദിഖ് പറഞ്ഞു. ഡോ. കെ എം ഷീബ, ഡോ. കെ എൻ ഗണേഷ് തുടങ്ങിയവരും സംസാരിച്ചു. ഡോ. എം വി നാരായണൻ അധ്യക്ഷനായി.









0 comments