ad
Deshabhimani

കർണാടക മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്‌ കേരളത്തിൽ എന്ത്‌ താൽപ്പര്യം

kanugolu Siddaramaiah
avatar
പ്രത്യേക ലേഖകൻ

Published on Feb 19, 2026, 06:42 PM | 1 min read

തിരുവനനന്തപുരം: കേരളത്തിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങൾ മെനയുന്ന സുനിൽ കനഗോലു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാബിനറ്റ്‌ റാങ്കുള്ള ഉപദേഷ്ടാവാണെന്ന ‘മലയാള മനോരമ’യുടെ വെളിപ്പെടുത്തൽ ഗ‍ൗരവതരമായ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നു. കേരളത്തിലെ വികസന പദ്ധതികളെ കോൺഗ്രസും യുഡിഎഫും എതിർക്കുന്നത്‌ ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണെന്നതാണ്‌ മുഖ്യചോദ്യം. സംസ്ഥാനത്തെ ഐടി വികസനം, സിൽവർലൈൻ അടക്കമുള്ള അടിസ്ഥാനസ‍ൗകര്യ പദ്ധതികൾഎന്നിവയെ തള്ളിപ്പറയുന്നതാണ്‌ യുഡിഎഫിന്റെ ശൈലി.


കേരളത്തിൽ പ്രചാരണം നയിക്കുന്നതിന്‌ കനഗോലു പ്രതിഫലമൊന്നും വാങ്ങുന്നില്ലെന്നാണ്‌ കോൺഗ്രസിന്റെ നിലപാട്‌. മനോരമ പ്രസിദ്ധീകരിച്ച രാഷ്‌ട്രീയ ലേഖനത്തിലും ഇക്കാര്യം ആവർത്തിക്കുന്നു. എഐസിസി അംഗവും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടങ്ങുന്ന ദേശീയ ടാസ്‌ക്‌ ഫോഴ്‌സിന്റെ ഭാ​ഗവുമായ കനഗോലു കർണാടക മുഖ്യമന്ത്രിയുടെ കാബിനറ്റ്‌ റാങ്കുള്ള ഉപദേഷ്ടാവാണെന്നും മനോരമ പറയുന്നു. 2014ൽ നരേന്ദ്ര മോദിയുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച പ്രശാന്ത്‌ കിഷോറിന്റെ സംഘാംഗമായാണ്‌ കനഗോലു രാഷ്‌ട്രീയത്തിൽ എത്തിയത്‌. പ്രശാന്ത്‌ കിഷോർ ഇപ്പോൾ പല പാർടികളുടെയും പ്രചാരണച്ചുമതല ഏറ്റെടുക്കുന്നുണ്ടെങ്കിലും ഇതിന്റെയെല്ലാം ഗുണഭോക്താവ്‌ ബിജെപിയാണെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.


കനഗോലുവിന്റെ നിലപാട്‌ സംബന്ധിച്ച്‌ സമൂഹമാധ്യമങ്ങളിൽ പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്‌. കർണാടക സർക്കാരിന്റെ പ്രതിഫലം ഇദ്ദേഹം പറ്റുന്നുണ്ടോയെന്നും മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്‌ കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കുമോ എന്നും ചോദ്യം ഉയരുന്നു.പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‌ കർണാടകത്തിൽനിന്ന്‌ 150 കോടി രൂപ എത്തിയെന്ന്‌ ആരോപണം ഉന്നയിച്ച പി വി അൻവർ ഇപ്പോൾ യുഡഎഫിനൊപ്പമാണ്‌. സിൽവർ ലൈൻ അട്ടിമറിക്കാൻ പണം നൽകിയെന്നാണ്‌ അൻവൻ ആരോപിച്ചത്‌.


പിആർ വിദഗ്‌ധനെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കനഗോലുവിന്റെ പിആർ പ്രവർത്തനമാണ്‌ മനോരമ നടത്തിയിരിക്കുന്നത്‌. സംസ്ഥാന സർക്കാർ പിആർ പ്രവർത്തനം നടത്തുന്നുവെന്ന്‌ പരിഭവം പറയുന്ന കോൺഗ്രസിന്റെ പിആർ പ്രവർത്തനം മനോരമ ശരിവച്ചിരിക്കയാണ്‌. കനഗോലു കോൺഗ്രസിന്റെ ഭാഗമാണെന്നും അതുകൊണ്ട്‌ പ്രശ്‌നമില്ലെന്ന ന്യായവും മനോരമ മുന്നോട്ടുവയ്‌ക്കുന്നു. എന്നാൽ കർണാടക മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്‌ കേരള രാഷ്‌ട്രീയത്തിൽ നിരന്തരം ഇടപെടുന്നതിന്‌ മനോരമയും കോൺഗ്രസും സമാധാനം പറയേണ്ടിവരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home