5,336 കുട്ടികൾക്ക് ‘കാവൽ’; കുറ്റകൃത്യ സഹജവാസന 3.3 ശതമാനമായി കുറച്ചു


ഫെബിൻ ജോഷി
Published on Jan 24, 2026, 10:51 AM | 2 min read
ആലപ്പുഴ : കുറ്റകൃത്യങ്ങളുടെ ലോകത്തേക്കുള്ള കുട്ടികളുടെ യാത്ര തടയാൻ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കിയ ‘കാവൽ പദ്ധതി’ ശ്രദ്ധേയമായ നേട്ടത്തിൽ. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെ സമൂഹവുമായി ഇണക്കിച്ചേർത്ത്, വീണ്ടും കുറ്റകൃത്യങ്ങളിലെത്തുന്നത് തടയാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. നടപ്പിലാക്കി ഒൻപതുവർഷത്തിനിടെ കുട്ടികളിലെ കുറ്റകൃത്യ സഹജവാസന 3.3 ശതമാനമായി കുറയ്‌ക്കാൻ കഴിഞ്ഞെന്ന് വനിതാ ശിശുവികസന വകുപ്പിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
2016 സെപ്‌തംബറിൽ പദ്ധതി ആരംഭിക്കുമ്പോൾ കുട്ടികളിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സഹജവാസന 13 ശതമാനമായിരുന്നു.
പദ്ധതി സുപ്രീംകോടതിയുടെയടക്കം പ്രശംസ നേടി. 1,610 കുട്ടികളെ സമൂഹത്തിന് തിരികെനൽകി. ബാലനീതി നിയമം 2015 അടിസ്ഥാനമാക്കി ഒന്നാം പിണറായി വിജയൻ സർക്കാർ നടപ്പിലാക്കിയ പദ്ധതി 5,336 കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇതുവരെ മാനസികം, വൈകാരികം, സാമൂഹികം, വിദ്യാഭ്യാസം, സാമ്പത്തികം, നൈപുണ്യപരിശീലനം തുടങ്ങി 15 മേഖലകളിൽ പിന്തുണ ലഭ്യമാക്കി. 5,284 പേർ ആൺകുട്ടികളും 51 പെൺകുട്ടികളും ഒരു ട്രാൻസ്‌ജെൻഡറുമാണ് പദ്ധതിയുടെ ഭാഗമായത്. 3,127 പേർ നിലവിൽ പദ്ധതിയുടെ ഭാഗമാണ്. ഓരോ കുട്ടിയ്‌ക്കും വ്യക്തിഗത ശ്രദ്ധാപദ്ധതി തയ്യാറാക്കിയാണ് പ്രവർത്തനം. 14 ജില്ലകളിലെ 28 സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനാണ് ചുമതല.
കുട്ടികൾക്ക് തുടർച്ചയായ പിന്തുണ നൽകുന്നതിന് ജുവനൈൽ ജസ്റ്റിസ് ബോർഡ്, പൊലീസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകൾ, സ്കൂൾ കൗൺസിലർമാർ, കുടുംബാംഗങ്ങൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ തുടങ്ങിയ സംവിധാനങ്ങളെ കോർത്തിണക്കുകയാണ് വനിതാ ശിശു വികസന വകുപ്പ്. ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിന്റെ (നിംഹാൻസ്) പിന്തുണയോടെ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി.
18 തികയാതെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിലെത്തുന്ന കുട്ടികൾക്ക് കൗൺസലിങ് നൽകും. കുട്ടികളുടെ സാമൂഹ്യപശ്ചാത്തല അന്വേഷണവും നടത്തും. ഇവയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാവൽ പദ്ധതിയുടെ ഭാഗമാക്കും. എല്ലാ മാസവും ജില്ലാതലത്തിൽ കാവൽ പ്രതിമാസ അവലോകനയോഗം ചേർന്ന് പുരോഗതി വിലയിരുത്തും. 21 വയസുവരെയാണ് സേവനം ലഭിക്കുക. കുറ്റകൃത്യ സഹജവാസന പൂർണമായി ഇല്ലാതാകുന്നവരെ പദ്ധതിയിൽനിന്ന് ഒഴിവാക്കും. മറ്റുള്ളവരുടെ വിവരങ്ങൾ സാമൂഹ്യനീതി വകുപ്പിന്റെ നേർവഴി പദ്ധതി അടക്കമുള്ളവയ്‌ക്ക് കൈമാറും.
പട്ടിക
ജില്ല | ആകെ കുട്ടികൾ | മോചിപ്പിക്കപ്പെട്ടവർ |
തിരുവനന്തപുരം | 872 | 318 |
കൊല്ലം | 458 | 141 |
പത്തനംതിട്ട | 157 | 0 |
ആലപ്പുഴ | 280 | 130 |
കോട്ടയം | 304 | 153 |
ഇടുക്കി | 490 | 285 |
എറണാകുളം | 486 | 80 |
തൃശൂർ | 614 | 309 |
പാലക്കാട് | 298 | 81 |
മലപ്പുറം | 249 | 0 |
കോഴിക്കോട് | 511 | 13 |
വയനാട് | 282 | 35 |
കണ്ണൂർ | 183 | 0 |
കാസർഗോഡ് | 152 | 65 |
ആകെ | 5336 | 1610 |










0 comments