ഓണാഘോഷവും സമരമാക്കി വിദ്യാർഥികൾ; കേരള സർവകലാശാലയിൽ എസ്എഫ്ഐ സമരം തുടരുന്നു

തിരുവനന്തപുരം : കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ലോ കോളേജുകളിലെ എൽഎൽബി മൂല്യനിർണയ അപാകതകൾക്കും വിദ്യാർഥിവിരുദ്ധ നടപടികൾക്കുമെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം മൂന്നാം ദിവസവും സർവകലാശാലാ ആസ്ഥാനത്ത് തുടരുന്നു. സമരത്തിന്റെ ഭാഗമായി കോളേജുകളിൽ ഓണാഘോഷങ്ങൾ ഒഴിവാക്കി നിയമ വിദ്യാർഥികൾ സർവകലാശാലാ ആസ്ഥാനത്ത് വേറിട്ട രീതിയിൽ ഓണം ആഘോഷിച്ച് പ്രതിരോധം തീർത്തു. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ "മുഖത്ത്' പ്രതീകാത്മകമായി പൊട്ട് കുത്തുന്ന വ്യത്യസ്ത പ്രതിഷേധവും അരങ്ങേറി.
സമരപ്പന്തലിൽ ഭരണഘടനയുടെ ആമുഖത്തിന്റെ മാതൃകയിൽ പൂക്കളമിട്ടു. രജിസ്ട്രാറുടെ പരാതിയിൽ, സമാധാനപരമായി ഓണം ആഘോഷിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. മുഴുവൻ വിദ്യാർത്ഥികളും വിസിക്ക് എതിരാണന്നും വി സി സ്വീകരിക്കുന്നത് വിദ്യാർത്ഥി വിരുദ്ധ നിലപാടാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. ആർഎസ്എസിന് വേണ്ടി അടിമപ്പണി എടുക്കുന്ന വ്യക്തിയായി മോഹനൻ കുന്നുമ്മൽ മാറി. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം മുന്നോട്ട് കൊണ്ടുപോകുമെന്നും പി എസ് സഞ്ജീവ് പറഞ്ഞു.










0 comments