print edition ഭരണകൂട മർദനമുറകളെ പ്രതിരോധിക്കാൻ ജനകീയ കൂട്ടായ്മകൾ ശക്തിപ്പെടണം: എം വി ഗോവിന്ദൻ

കെജിഒഎ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള യാത്രയയപ്പ് സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം : ഭരണകൂടങ്ങളുടെ കടന്നാക്രമണങ്ങളെയും മർദനമുറകളെയും പ്രതിരോധിക്കാൻ പൗരസമൂഹത്തിന്റെ ബോധപൂർവമായ ഇടപെടലുകളും ജനകീയ കൂട്ടായ്മകളും ശക്തിപ്പെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെജിഒഎ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൈയിലുള്ള ആയുധങ്ങളുടെ കരുത്തുകൊണ്ടല്ല, ജനങ്ങൾ നൽകുന്ന നിശ്ശബ്ദ സമ്മതത്തിന്റെ പശ്ചാത്തലത്തിലാണ് ഭരണകൂടം അവരെ അടിച്ചമർത്തുന്നതെന്നും തങ്ങളെ ആക്രമിക്കാൻ ഭരണകൂടത്തിന് അവകാശമില്ലെന്ന് പൊതുസമൂഹം എപ്പോൾ തീരുമാനിക്കുന്നോ, ആ നിമിഷം മർദന ആയുധങ്ങളെല്ലാം നിശ്ചലമാകുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്രാജ്യത്വ ശക്തികളുടെയും വർഗീയ ശക്തികളുടെയും കടന്നാക്രമണങ്ങൾക്കെതിരെ ലോകമെമ്പാടും പുതിയ പ്രതിരോധമുഖങ്ങൾ ഉയരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് അസംഘടിത തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കായി നടത്തിയ പ്രക്ഷോഭങ്ങൾ ഇതിന് ഉദാഹരണമാണ്. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സ്വന്തം നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾ ശക്തമായി മുന്നോട്ടുപോകുകയാണ്.
കമ്യൂണിസ്റ്റുകളും യുക്തിവാദികളും മാത്രമല്ല, വർഗീയതയ്‌ക്കെതിരായ വിശാല ഐക്യപ്രസ്ഥാനത്തിൽ വിശ്വാസികളെക്കൂടി ഉൾക്കൊള്ളിക്കാനായില്ലെങ്കിൽ വർഗീയ ധ്രുവീകരണത്തിന്റെ അപകടത്തെ പ്രതിരോധിക്കാനാകില്ല. വിശ്വാസികൾ വർഗീയവാദികളല്ല, മതനിരപേക്ഷ ഉള്ളടക്കത്തോടെ വർഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുന്നവരാണ്– അദ്ദേഹം പറഞ്ഞു.
കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എൻ ശരത് ചന്ദ്രലാൽ അധ്യക്ഷനായി. മുൻ സ്പീക്കർ എം വിജയകുമാർ, കെജിഒഎ മുൻ ജനറൽ സെക്രട്ടറി കെ ശിവകുമാർ, സ്വാഗതസംഘം കൺവീനർ ആർ മനോജ് കുമാർ എന്നിവർ സംസാരിച്ചു.










0 comments