തിരുവനന്തപുരം നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷം; ഹരിതകർമസേന ജീവനക്കാരിക്കും വിദ്യാർഥികൾക്കും കടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷം. നായ്ക്കളുടെ ആക്രമണത്തിൽ ഹരിതകർമസേന ജീവനക്കാരിക്കും സ്കൂൾ വിദ്യാർഥികൾക്കും ഉൾപ്പെടെ നിരവധി പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കടിയേറ്റത്. ആറന്നൂർ വാർഡിൽ മാലിന്യശേഖരണത്തിനെത്തിയ ഹരിതകർമസേന ജീവനക്കാരിയെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിച്ചു. രണ്ട് സ്കൂൾ വിദ്യാർഥികൾക്കും നായ്ക്കളുടെ കടിയേറ്റു.
പ്രദേശത്തെ ഒരു വയോധികയെ നായ്ക്കൾ ഓടിച്ചിട്ട് ആക്രമിക്കാൻ ശ്രമിച്ചതായും നാട്ടുകാർ പറഞ്ഞു. സ്കൂൾ പരിസരങ്ങളിലടക്കം നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നത് വിദ്യാർഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കുളത്തൂർ വാർഡിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
കോലത്തുകര ക്ഷേത്രത്തിന് മുന്നിൽ വെച്ച് ഇന്നലെ രാവിലെ ഒരാളെ തെരുവുനായ കടിച്ചു. വൃശ്ചിക മാസമായിട്ടും ഭയം കാരണം ക്ഷേത്രത്തിൽ എത്താൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് വ്യാപകമായി പരാതിയുണ്ട്. തെരുവുനായ് ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിച്ചിട്ടും ഭരണസമിതിയുടെ ഭാഗത്തുനിന്ന് അനാസ്ഥ തുടരുകയാണെന്ന് കൗൺസിലർമാർ വ്യക്തമാക്കി.









0 comments