2000 മുതല്‍ 2500 വര്‍ഷംമുമ്പുള്ള മനുഷ്യവാസത്തിന്റെ തെളിവുകള്‍
ഇടുക്കി ആനപ്പാറയില്‍ പ്രാചീന മനുഷ്യവാസയിടം കണ്ടെത്തി

അജിന്‍ അപ്പുക്കുട്ടന്‍
Published on Mar 13, 2025, 12:01 AM | 1 min read
കട്ടപ്പന : ഇടുക്കി ജില്ലയിലെ കൊച്ചറയ്ക്ക് സമീപം ആനപ്പാറയിൽ 2000 മുതൽ 2500 വർഷംവരെ പഴക്കമുള്ള പ്രാചീന മനുഷ്യവാസയിടം കണ്ടെത്തി. മഹാശിലായുഗത്തിന്റെ ശേഷിപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യവാസത്തിന്റെ തെളിവ് ആദ്യമായാണ് കേരളത്തിൽ കണ്ടെത്തുന്നത്. കേരള ചരിത്ര ഗവേഷണ കൗൺസിൽ നടത്തിയ ഗവേഷണത്തിന്റേതാണ് കണ്ടെത്തലുകൾ.

കല്ലുകൊണ്ടുള്ള നിർമിതികൾ, ഇൻഡോ -പസഫിക് സ്ഫടിക മുത്തുകൾ, കൽ മുത്തുകൾ, ആഭരണങ്ങൾ, ചുവപ്പും വെള്ളയും നിറമുള്ള കാർണീലിയൻ മുത്തുകൾ, കാർണീലിയൻ ലോക്കറ്റുകൾ, കറുപ്പും (ബ്ലാക്ക് വെയർ) ചുവപ്പും (കോഴ്‌സ് റെഡ് വെയർ), ചുവപ്പു കറുപ്പും ഇടകലർന്നതും (ബ്ലാക്ക് ആൻഡ് റെഡ് വെയർ), ചുവപ്പിൽ വെള്ള വരകളുള്ളതുമായ മൺപാത്രങ്ങൾ, ഇരുമ്പയിര്, ഇരുമ്പ് അവശിഷ്ടങ്ങൾ, ഇരുമ്പിൽ തീർത്ത അമ്പ് മുനകൾ, കത്തികൾ എന്നിവയാണ് ആനപ്പാറയിൽനിന്ന് കണ്ടെത്തിയത്.

മനുഷ്യവാസത്തിന്റെ ആദ്യത്തെ കണ്ടെത്തലുകളായതിനാൽ ആനപ്പാറയിലെ ഖനനവും ഗവേഷണവും കേരള ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതായി കെസിഎച്ച്ആർ ഡയറക്ടർ പ്രൊഫ. ഡോ. ദിനേശൻ വടക്കിനിയിൽ പറഞ്ഞു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ 2024 ഡിസംബർ മൂന്നുമുതൽ ഫെബ്രുവരി 28 വരെയായിരുന്നു ഖനനം.

അപൂർവങ്ങളിൽ അപൂർവം
ആനപ്പാറ സ്വദേശി രാജപ്പന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലായിരുന്നു ഗവേഷണം. ചുവപ്പിൽ വെള്ള വരകകളുള്ള മൺപാത്രങ്ങൾ ബിസിഇ മൂന്നാം നൂറ്റാണ്ടുമുതൽ സിഇ മൂന്നാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിലേതാണ്. അമ്പ് മുന, കുന്തമുന, കത്തി, അരിവാൾ, സ്പൂൺ തുടങ്ങി 379 ഇരുമ്പ് ഉപകരണങ്ങളും കണ്ടെത്തി. ഒരിടത്തുനിന്ന് ഇരുമ്പയിരിന്റെ കഷണവും 3.7 കിലോ ഭാരമുള്ള ഹെമറ്റെറ്റ് എന്നിവ കണ്ടെടുത്തു. ഇന്തോ- പസഫിക് മുത്തുകളുടെ ഗണത്തിലുള്ള ചുവപ്പ്, പച്ച നിറത്തിലുള്ള 236 മുത്തുകളും ലഭിച്ചു.

‘ഇടുക്കി ചരിത്ര രേഖകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവായ ചതുരംഗപ്പാറ വില്ലേജ് ഓഫീസർ ടി രാജേഷാണ് ആനപ്പാറയെക്കുറിച്ച് ഗവേഷക സംഘത്തിന് വിവരം നൽകിയത്. കണ്ടെത്തിയ പുരാവസ്തുക്കൾ പറവൂരിലെ ഓഫീസിലേക്ക് മാറ്റും. കെസിഎച്ച്ആറിലെ റിസർച് ഓഫീസർ ഡോ. ദിനീഷ് കൃഷ്ണൻ, തഞ്ചാവൂർ തമിഴ് സർവകലാശാലയിലെ ഡോ. സെൽവകുമാർ എന്നിവടങ്ങുന്ന ഇരുപതംഗ സംഘമാണ് ഗവേഷണം നടത്തിയത്.










0 comments