print edition സ്‌ത്രീ സുരക്ഷാപദ്ധതി ; 10 ദിവസം 6.82 ലക്ഷം അപേക്ഷ

തിരുവനന്തപുരം
സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച സ്ത്രീ സുരക്ഷാ പദ്ധതിയിൽ 10 ദിവസത്തിനിടെ ലഭിച്ചത് 6,82,446 അപേക്ഷ. കൂടുതൽപേർ അപേക്ഷിച്ചത് മലപ്പുറം ജില്ലയിലാണ്. 1,21,942 പേർ. കുറവ് ഇടുക്കിയിലും. 10,117 അപേക്ഷകൾ. തിരുവനന്തപുരം – 71,085, കൊല്ലം – 54,931, പത്തനംതിട്ട – 15,166, ആലപ്പുഴ – 51,698, കോട്ടയം – 22,358, എറണാകുളം – 24,873, തൃശൂർ – 46,873, പാലക്കാട് – 1,09,900, കോഴിക്കോട് – 69,822, വയനാട് – 16,805, കണ്ണൂർ – 34,269, കാസർകോട് – 32,607 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അപേക്ഷകളുടെ എണ്ണം. ബുധൻ വരെയുള്ള കണക്കാണിത്.
ഡിസംബർ 22 മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. നിലവിൽ സംസ്ഥാനത്തെ മറ്റു സാമൂഹ്യക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത അർഹരായ സ്ത്രീകൾക്ക് മാസം 1,000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കേരളത്തിൽ സ്ഥിരതാമസക്കാരായ 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) റേഷൻ കാർഡുകൾ ഉള്ളവർക്ക് അപേക്ഷിക്കാം.










0 comments