print edition കിഫ്ബിക്കെതിരായ നോട്ടീസിലെ സ്റ്റേ: ഇഡിയുടെ അപ്പീൽ തീർപ്പാക്കി

കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇഡി നോട്ടീസിലെ തുടർനടപടികൾ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി തീർപ്പാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അപ്പീലിലെ തുടർനടപടികൾ അവസാനിപ്പിച്ചത്. അപ്പീൽ ഹർജിയുമായി ബന്ധപ്പെട്ട വാദങ്ങൾ ഇഡിക്കും കിഫ്ബിക്കും ഇനി സിംഗിൾ ബെഞ്ച് മുമ്പാകെ ഉന്നയിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കിഫ്ബിക്കെതിരെയുള്ള അന്വേഷണ നടപടികൾക്ക് സിംഗിൾ ബെഞ്ച് അനുവദിച്ച മൂന്നുമാസത്തെ സ്റ്റേ ഉത്തരവ് ചോദ്യംചെയ്തായിരുന്നു ഇഡിയുടെ അപ്പീൽ. ഫെമ ലംഘനം ആരോപിച്ച് ഇഡി നൽകിയ കാരണംകാണിക്കൽ നോട്ടീസിനെതിരെ കിഫ്ബി നൽകിയ ഹർജിയിലെ തുടർനടപടികളാണ് സിംഗിൾ ബെഞ്ച് ഡിസംബർ 16ന് മൂന്നുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നത്. ആ കാലാവധി മാർച്ച് 16ന് അവസാനിച്ചു.
റിയൽ എസ്റ്റേറ്റ് പ്രവർത്തനം നടത്തിയെന്നും പിഴ ഈടാക്കാതിരിക്കാനും നടപടിയെടുക്കാതിരിക്കാനും കാരണം ബോധിപ്പിക്കാനായിരുന്നു നോട്ടീസ്. എന്നാൽ, റിസർവ് ബാങ്ക് മാനദണ്ഡം അനുസരിച്ച് കിഫ്ബി ചെയ്യുന്ന അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങളെ റിയൽ എസ്റ്റേറ്റ് പ്രവർത്തനമായി കാണാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസിനെതിരെ സിംഗിൾ ബെഞ്ചിനെ സമീപിച്ചത്.










0 comments