സംസ്ഥാന സ്കൂള്‍ കായികമേള; ദീപശിഖാ പ്രയാണത്തിന് നാളെ എറണാകുളത്ത് തുടക്കം

തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായിക മേളയോടനുബന്ധിച്ചുള്ള ദീപശിഖാ പ്രയാണം 19ന് എറണാകുളത്തുനിന്ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ സ്കൂളുകളിലെ സ്വീകരണം ഏറ്റുവാങ്ങി 20ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 21ന് നഗരത്തിലെ വിവിധ സ്കൂളുകളിൽ സ്വീകരണം ഏറ്റുവാങ്ങി പട്ടം ഗവ. ഗേൾസ് സ്കൂളിൽ ട്രോഫി ഘോഷയാത്രയുമായി ചേർന്ന് ഉദ്ഘാടന വേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരുമെന്ന് മന്ത്രി വ്യക്തമാക്കി.
ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയുടെ സംസ്ഥാന തല പര്യടനം 16ന് കാസർകോട് നീലേശ്വരത്ത് നിന്ന് ആരംഭിച്ചു. ട്രോഫി നാളെ തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസ മന്ത്രി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ ചേർന്ന് സ്വീകരിക്കും. എംഎൽഎ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും. 20, 21 തിയതികളിൽ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്ര തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും.
ഗവ. ഹയർ സെക്കന്ററി സ്കൂൾ വെഞ്ഞാറമൂട്, ഗവ. ഗേൾസ് എച്ച്എസ് നെടുമങ്ങാട്, ഗവ. എച്ച്എസ് ആര്യനാട്, ഗവ. എച്ച്എസ് പരുത്തിപ്പളളി, കാട്ടാക്കട, ഗവ. ഹയർ സെക്കന്ററി മാരായമുട്ടം, ഗവ. ബോയ്സ് എച്ച്എസ് നെയ്യാറ്റിൻകര, ഗവ. ഹയർ സെക്കന്ററി സ്കൂൾ ബാലരാമപുരം, ഗവ. എച്ച്എസ് നേമം, ഗവ. എച്ച്എസ് ശ്രീകാര്യം, ഗവ. ഹയർ സെക്കന്ററി സ്കൂൾ പട്ടം എന്നിവിടങ്ങളിൽ സ്വീകരണമുണ്ടാകും.
മന്ത്രിയുടെ വാർത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ
ചാമ്പ്യൻഷിപ്പ്
മികച്ച സ്കൂളിനുളള ഓവറോൾ ചാമ്പ്യൻ ഷിപ്പ് ട്രോഫി നൽകുന്നതിന് ജനറൽ സ്കൂളും, സ്പോർട്സ് സ്കൂളും രണ്ടു കാറ്റഗറിയായി പരിഗണിച്ച് ഓരോ കാറ്റഗറിയിൽ നിന്നും മികച്ച സ്കൂൾ തിരഞ്ഞെടുക്കും. ഏറ്റവും കൂടുതൽ പോയിന്റു നേടിയ ജില്ല നിർണ്ണയിക്കുന്നതിന് ജനറൽ സ്കൂൾ, സ്പോർട്സ് സ്കൂൾ എന്നിങ്ങനെ വ്യത്യാസം ഇല്ലാതെ രണ്ടു കാറ്റഗറിയിലെ സ്കൂളുകളും നേടുന്ന ആകെ പോയിന്റുകൾ ഒരുമിച്ചു കണക്കാക്കും.
നിലവിൽ അത്‍ലറ്റിക്സിൽ മികച്ച ജനറൽ സ്കൂളിന് നൽകിവരുന്ന തുക ഒന്നാം സ്ഥാനത്തിന് 2,20,000, രണ്ടാം സ്ഥാനത്തിന് 1,65,000, മൂന്നാം സ്ഥാനത്തിന് 1,10,000 എന്നിങ്ങനെയാണ്. ഇത് 2,50,000, 1,75,000, 1,25,000 എന്നിങ്ങനെ വർദ്ധിപ്പിച്ചു നൽകും. അത്‍ലറ്റിക്സ് വിഭാഗത്തിൽ സ്പോർട്സ് സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടുന്ന സ്കൂളിന് ഒരു ലക്ഷം, രണ്ടാം സ്ഥാനത്തിന് എഴുപത്തയ്യായിരം, മൂന്നാം സ്ഥാനത്തിന് അൻപതിനായിരം എന്ന നിരക്കിൽ പ്രൈസ് മണി നൽകുന്നതാണ്.
താമസസൗകര്യം
76 സ്കൂളുകളിലായാണ് താമസസൗകര്യം. ഇലക്ട്രിസിറ്റി, വാട്ടർ, ടോയ്ലറ്റ്, ബെഡ്, നൈറ്റ് വാച്ച്മാൻ, പ്രാദേശിക തല കമ്മിറ്റി, പൊലീസ് സംരക്ഷണത്തിനുളള ഏർപ്പാടുകൾ എന്നിവ മുൻനിർത്തി പ്രധാനാദ്ധ്യാപകരുടെ യോഗം ചേർന്നതായി മന്ത്രി അറിയിച്ചു.
സ്റ്റേഡിയങ്ങൾ
12 സ്റ്റേഡിയങ്ങളിലായി 41 ഇന മത്സരങ്ങൾ അരങ്ങേറും. പൊതു വിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് ഇന്നുമുതൽ വേദികൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തും
ഇൻക്ലൂസീവ് സ്പോർട്സ്
മേളയിൽ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1,944 കായിക താരങ്ങൾ പങ്കെടുക്കും. 20ന് രാത്രി ഏറനാട് എക്സ്പ്രസിൽ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന കാസർകോട് ജില്ലയിലെ കായിക താരങ്ങൾക്ക് പൊതു വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും.
ഗൾഫ് മേഖല
ഗൾഫിൽ കേരളാ സിലബസ് പഠിപ്പിക്കുന്ന 7 സ്കൂളുകളിൽ നിന്നുളള 35 ഇത്തവണ മേളയിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ തവണ ആൺകുട്ടികൾ മാത്രമാണ് പങ്കെടുത്തിരുന്നത്. ഇത്തവണ പന്ത്രണ്ട് പെൺകുട്ടികൾ കൂടി മേളയിൽ പങ്കെടുക്കുന്നുണ്ട്.









0 comments