പ്രതിഷേധം അടിച്ചമർത്താൻ സംഘപരിവാർ ഗുണ്ടകളും ക്രിമിനൽ പൊലീസും: ഡൽഹിയിൽ കടുത്ത സന്നാഹം

ന്യൂഡൽഹി: ജനാധിപത്യ ലംഘനത്തിനെതിരെ ഡൽഹിയിൽ ശക്തമാകുന്ന ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ അതിഭീകരമായ സന്നാഹങ്ങളുമായി കേന്ദ്ര സർക്കാർ. സമാധാനപരമായ സമരങ്ങളെ അടിച്ചമർത്താൻ ഡൽഹി പൊലീസിനും കേന്ദ്ര സേനയ്ക്കും പുറമെ സംഘപരിവാർ ഗുണ്ടകളേയും ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരെയും പുറത്ത് നിന്ന് കൂടുതലായി ഡൽഹിയിലേക്കെത്തിക്കുന്നു. ശനിയാഴ്ച ജന്തർ മന്തറിൽ വൻ ജനകീയ പ്രക്ഷോഭമാണ് നടക്കാനൊരുങ്ങുന്നത്. ഇന്ത്യയിലെ പ്രതിപക്ഷ സംഘടനകളെല്ലാം അണിനിരക്കുന്ന ഈ സമരസദസിലേക്ക് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആയിരക്കണക്കിനാളുകൾ ഡൽഹിയിലേക്ക് എത്തും. ഇവരെ ക്രൂരമായി കൈകാര്യം ചെയ്ത് അടിച്ചമർത്തുന്നതിനാണ് ഭീകര മാർഗങ്ങൾ കേന്ദ്ര സർക്കാർ പ്രയോഗിക്കുന്നത്.
സംഘപരിവാർ ഗുണ്ടകളെ വ്യാപകമായി ഡൽഹിയിലെത്തിച്ച് കടന്നാക്രമണത്തിലൂടെ പ്രക്ഷോഭത്തെ തകർക്കാനാണ് ശ്രമം. തീവ്ര ഹിന്ദുത്വ സംഘടനകളെ ഉപയോഗിച്ച് ഡൽഹിയിൽ കലാപാഹ്വാനമുയർത്തി പൗരന്മാരെ പരസ്പരം പോരടിപ്പിച്ച് രാജ്യത്ത് വലിയ അശാന്തിയും ആഭ്യന്തര യുദ്ധസമാനമായ സാഹചര്യവും സൃഷ്ടിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. പ്രതിഷേധക്കാർക്കെതിരെ അക്രമം അഴിച്ചുവിടാനുള്ള തയ്യാറെടുപ്പുകൾ ശക്തമായി നടക്കുമ്പോൾ, ഇത് മുൻകൂട്ടക്കണ്ട് തികഞ്ഞ സമാധാനത്തോടെ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകൾ തയാറെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സനടന്ന പ്രതിഷേധങ്ങളിൽ എസ്എഫ്ഐ സെക്രട്ടറി ആദർശ് എം സജിക്കും സംഘത്തിനും നേരെ സംഘപരിവാർ ഗുണ്ടകളുടെ ആക്രമണം നടന്നിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ആക്രമികൾക്ക് കൂട്ടുനിൽക്കുകയായിരുന്നു.
കരുതിക്കൂട്ടി കലാപം നടത്താനെത്തുന്നവരെ തടയേണ്ടത് ഡൽഹി പൊലീസും മറ്റ് സുരക്ഷാ സേനകളുമാണ്. എന്നാൽ ഉത്തരവാദിത്തപ്പെട്ടവർ തന്നെ പൗരന്മാർക്ക് നേരെ അതിക്രൂര അതിക്രമം അഴിച്ചുവിടുന്ന കാഴ്ചയാണ് ജന്തർ മന്തർ പ്രക്ഷോഭങ്ങളിലും തുടർന്നുള്ള സമരങ്ങളിലും രാജ്യം കണ്ടത്. ആണി തറപ്പിച്ച ലാത്തികളും ഇലക്ട്രിക് ലാത്തികളും വ്യാപകമായി രംഗത്തിറക്കി ഭീകരർക്ക് സമാനമായി ജനങ്ങളെ കൈകാര്യം ചെയ്തത് ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ഗ്രനേഡുകളും കണ്ണീർവാതകവും മാരകായുധങ്ങളും കരുതി കേന്ദ്രം കാത്തിരിക്കുമ്പോഴും, സ്വന്തം ജീവൻ പണയം വച്ച് രാജ്യത്തെ പൗരന്മാർ പ്രതിഷേധവുമായി മുന്നോട്ടെത്തുന്നത് ജനാധിപത്യത്തിന്റെ സുതാര്യത വീണ്ടെടുക്കാനാണ്.
ഭരണപക്ഷത്തിന്റെ താത്പര്യങ്ങൾക്ക് കൂട്ടുനിന്ന് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ. ബിജെപിക്ക് വോട്ട് പിടിക്കാൻ കേന്ദ്ര സർക്കാർ നയങ്ങൾക്ക് വഴിയൊരുക്കുകയും, ലക്ഷക്കണക്കിനാളുകളുടെ അവകാശങ്ങൾ നിഷേധിച്ച് അവരെ വോട്ടർ പട്ടികയിൽ നിന്ന് അന്യായമായി തള്ളിക്കളയുകയും ചെയ്യുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ. അനീതിക്കെതിരെ ഇന്ത്യയൊന്നായി മുന്നേറുന്ന ഘട്ടത്തിലും, വോട്ടർ പട്ടികയിലെ അട്ടിമറിയും വ്യാപക വോട്ട് വെട്ടലും സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. പകരം ശബ്ദമുയർത്തുന്നവരുടെ വായടപ്പിക്കാനും പ്രതികാര നടപടികൾ സ്വീകരിക്കാനുമാണ് ശ്രമം. ചോദ്യങ്ങളെ ഒരു ഭരണകൂടം എന്തിനാണ് ഭയക്കുന്നത്?









0 comments