മസ്കിന്റെ 'പ്രഭുവര്‍ഗ്ഗ' പരാമര്‍ശം പ്രതിരോധിക്കാൻ മണിപ്പൂരിലെ തീവ്രവാദ ബന്ധാരോപണം കുത്തിപ്പൊക്കി

ഇംഫാൽ:മണിപ്പൂരിൽ വിമത സംഘടനകൾ ഇന്റര്‍നെറ്റ് നിരോധനം മറികടക്കാൻ അനധികൃതമായി സ്റ്റാര്‍ ലിങ്കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്തിയ വാര്‍ത്ത വീണ്ടും ചര്‍ച്ചയിൽ. ഇന്ത്യയിൽ സ്റ്റാര്‍ലിങ്ക് സേവനത്തിന് ഉടക്കിട്ടത് രാജ്യത്തെ ഉന്നത ഭരണ കര്‍ത്താക്കൾക്ക് താത്പര്യമുള്ള ചില "പ്രഭുക്കൻമാരുടെ" സംഘമാണെന്ന് കമ്പനി സിഇഒ ഇലോൺ മസ്ക് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാര്‍ലിങ്കിനെ കുരുക്കുന്ന വാര്‍ത്ത വീണ്ടും പ്രത്യക്ഷപ്പെട്ടത്.
2024 ൽ മണിപ്പൂര്‍ കലാപത്തിനിടെ വിമത ഗ്രൂപ്പുകളിൽ നിന്നും സുരക്ഷാ സേന സ്റ്റാർലിങ്കിന്റെ ഡിഷും റൂട്ടറും പിടിച്ചെടുത്ത സംഭവമാണ് വാര്‍ത്തയുടെ അടിസ്ഥാനം. ഈ സൗകര്യം അതിര്‍ത്തികളിൽ കലാപകാരികൾ ഉപയോഗപ്പെടുത്തുന്നതായി അന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട് ചെയ്തു. ഇതേ വിവരമാണ് ഇപ്പോൾ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണിപ്പൂരിന് ചേര്‍ന്ന് അയൽ രാജ്യമായ മ്യാൻമറിൽ സ്റ്റാര്‍ ലിങ്ക് പ്രവര്‍ത്തന ക്ഷമമാണ്.
പരിഹാസവും തിരിച്ചടിയും
സ്റ്റാര്‍ലിങ്ക് ഇന്ത്യയിൽ പ്രവര്‍ത്തനം തുടങ്ങുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഒരുക്കി ഒരു വര്‍ഷമായി കാത്തിരിപ്പാണ്. 20 ഗേറ്റ്‌വേ സൈറ്റുകളും നൂറുകണക്കിന് ആന്റിനകളും എല്ലാം സജ്ജമായിട്ടുണ്ട്. എന്നാൽ ആഭ്യന്തര മന്ത്രാലയം ഇതുവരെ പ്രവര്‍ത്തന അനുമതി നൽകിയില്ല. ഇതിൽ സഹികെട്ടാണ് ഇലോൺ മസ്ക് ഭരണ ബന്ധമുള്ള പ്രഭുവര്‍ഗം കനിഞ്ഞില്ല എന്ന് പരിഹാസത്തോടെ അമര്‍ഷം പരസ്യമാക്കിയത്.
സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ബന്ധം വഴി നേരിട്ട് ഇന്റര്‍നെറ്റ് സൗകര്യം നൽകാൻ തുടങ്ങിയാൽ റിലയൻസ് ജിയോ, ഭാരതി എയര്‍ടെൽ കമ്പനികൾക്ക് വിപണിയിൽ വലിയ തിരിച്ചടിയാവും. ഇതിനെ പ്രതിരോധിക്കാൻ പ്രഭുക്കൻമാര്‍ ഭരണ ബന്ധം ഉപയോഗിച്ച് കളിക്കുന്നു എന്ന സൂചനയാണ് മസ്ക് പരസ്യപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയം അനുമതി നീട്ടിക്കൊണ്ടു പോകുന്നത് വ്യോമസേനാ അനുമതിയുടെ പേരിലാണ്.
മണിപ്പൂര്‍ വാര്‍ത്ത വന്ന വഴിയും
മസ്കിന്റെ വിശദീകരണവും
ഇലോൺ മസ്കിന്റെ പ്രഭു പരാമര്‍ശത്തോടെ രാജ്യ സുരക്ഷ, പ്രതിരോധം, രാഷ്ട്രീയം, വിദേശകാര്യം എന്നീ രംഗങ്ങളിൽ പ്രചാരണം നടത്തുന്ന The Modern Himachal എന്ന പേജിൽ നിന്നാണ് മണിപ്പൂരിൽ നിന്നുള്ള പഴയ വാര്‍ത്ത വീണ്ടും പുറത്തെത്തിയത്.
ഇതിനെ ഉടൻ തന്നെ ഇലോൺ മസ്ക് തള്ളി. ഇന്ത്യയ്ക്ക് മുകളിൽ തങ്ങളുടെ ഉപഗ്രഹ സിഗ്നലുകൾ പൂര്‍ണമായും ഓഫ് ചെയ്തിരിക്കയാണ്. രാജ്യത്ത് ആര്‍ക്കും ഇത് ഉപയോഗിക്കാൻ കഴിയില്ല എന്ന് ആവര്‍ത്തിച്ചു. മസ്കിന്റെ പേരിൽ അറിയപ്പെടുന്ന ഡോഗ്ഡിസൈനർ (DogeDesigner) എന്ന എക്സ് അക്കൗണ്ട് വഴിയാണ് പ്രതികരണം പുറത്തു വിട്ടത്.
സ്റ്റാര്‍ലിങ്ക് നിലവിൽ രാജ്യത്ത് പ്രവര്‍ത്തിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രവര്‍ത്തന അനുമതി ആയിട്ടില്ല. ഇതിലെ അമര്‍ഷ പ്രകടനവും അതിനെ പ്രതിരോധിക്കാൻ തീവ്രവാദ ബന്ധം ആരോപിച്ചുള്ള വാര്‍ത്താ പ്രചാരണവുമാണ് വിവാദം കത്തിച്ചത്.









0 comments