ad
Deshabhimani

print edition ഉറപ്പ്‌ പാലിച്ച്‌ സംസ്ഥാന സർക്കാർ; കാബ്‌കോയ്‌ക്ക്‌ 63 ഹെക്ടർ ഭൂമി പാട്ടത്തിന്‌

kabco
avatar
സ്വന്തം ലേഖകൻ

Published on Mar 15, 2026, 12:00 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ കാർഷിക വിപണന സംവിധാനം ശക്തിപ്പെടുത്താനും ഉൽപ്പന്നങ്ങൾക്ക് മികച്ച വരുമാനം ഉറപ്പാക്കാനും കേരള അഗ്രോ ബിസിനസ്‌ കമ്പനി (കാബ്‌കോ)യുടെ തുടർ പ്രവർത്തനങ്ങൾക്കായി കൃഷി വകുപ്പിന്റെ 63.42 ഹെക്ടർ ഭൂമി പാട്ടത്തിന് നൽകും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനമനുസരിച്ച്‌ ഭൂമി പാട്ടത്തിനു നൽകി സംസ്ഥാന കൃഷി വകുപ്പിന്റെ ഉത്തരവിറങ്ങി. കൃഷി വകുപ്പിന്റെ കൈവശം തൃശൂർ, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, വയനാട് ജില്ലകളിലുള്ള ഭൂമിയും കാർഷിക മൊത്ത വ്യാപാര വിപണികളുടെയും അഗ്രോ പാർക്കുകളുടെയും ഭൂമിയുമാണ് കാബ്‌കോ ഉപയോഗപ്പെടുത്തുക.


തൃശൂരിലെ കണ്ണാറ (5.22 ഹെക്ടർ), എറണാകുളത്തെ മൂവാറ്റുപുഴ (4.5 ഹെക്ടർ), മരട് (15 ഹെക്ടർ), തിരുവനന്തപുരത്തെ ആനയറ (10 ഹെക്ടർ), നെടുമങ്ങാട് (4.24 ഹെക്ടർ), കോഴിക്കോട്ടെ വേങ്ങേരി (10.328 ഹെക്ടർ), കൂത്താളി (10 ഏക്കർ), വയനാട്ടിലെ ബത്തേരി (4.14 ഹെക്ടർ) എന്നിവിടങ്ങളിലെ ഭൂമിയാണ് കാബ്കോയ്ക്ക് 30 വർഷത്തേയ്‌ക്ക്‌ കൈമാറുക.

രാജ്യത്താദ്യമായാണ്‌ കർഷകരെക്കൂടി അവകാശികളാക്കി സർക്കാർ തലത്തിലുള്ള കമ്പനി. കൃഷി മന്ത്രിയാണ്‌ ചെയർമാൻ. സർക്കാരിന് 33, കർഷകർക്ക് 20, എഫ്പിഒ ഉൾപ്പെടെയുള്ള കർഷക കൂട്ടായ്മകൾക്കും സഹകരണ സംഘങ്ങൾക്കും 22 എന്നിങ്ങനെയാണ്‌ ഓഹരി ശതമാനം. കാർഷികോൽപ്പാദന ക്ഷമത വർധിപ്പിക്കുന്നതിലൂടെയും മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച് മികച്ച വിപണി കണ്ടെത്തുന്നതിലൂടെയും കർഷകർക്ക് മികച്ച വരുമാനം നേടാം.

‘കേരളാഗ്രോ’ എന്ന ബ്രാൻഡിലാകും വിപണനം. മൂല്യവർധിത കാർഷികോൽപ്പന്നങ്ങൾക്ക് ദേശീയ–അന്തർദേശീയ വിപണി ഉറപ്പാക്കും. ഇതിനായി 72 കോടി രൂപ ചെലവിൽ ആനയറയിൽ 65,000 ചതുരശ്ര അടിയിൽ കാബ്കോ എക്സ്പോ ആൻഡ്‌ അഗ്രി പാർക്ക്‌ ടവറിന്റെ നിർമാണം പൂർത്തിയാകുകയാണ്‌. രാജ്യത്താദ്യമായാണ് കാർഷിക മേഖലയിൽ ഇ‍ൗ സംവിധാനം. ഇവിടെ കൃഷിവകുപ്പ്‌ ആസ്ഥാനവും പ്രവർത്തിക്കും. അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കാനും ഏകോപിപ്പിക്കാനുമുള്ള അപെക്സ്‌ ബോഡിയായും കാബ്കോ പ്രവർത്തിക്കും. കർഷകരിൽനിന്ന് നേരിട്ട് ഉൽപ്പന്നം ശേഖരിച്ച് സംസ്കരണ യൂണിറ്റുകളിലേക്കും അഗ്രോ പാർക്കുകളിലേക്കും വിപണന കേന്ദ്രങ്ങളിലേക്കും എത്തിക്കാൻ വിപുലമായ വിതരണ ശൃംഖലയുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home