വെറും വാക്കല്ല; സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്ത വർധിപ്പിച്ച് ഉത്തരവ്, നാല് ശതമാനം ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തിയുള്ള ഉത്തരവുമായി സംസ്ഥാന ധനവകുപ്പ്. നാല് ശതമാനം ഡിഎ അനുവദിച്ചാണ് ഉത്തരവ്. വർധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകും. ജീവനക്കാരുടെ 18 ശതമാനം ക്ഷാമ ബത്ത 22 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ഇത് ഒക്ടോബറിലെ ശമ്പളത്തോടൊപ്പം ലഭിക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

ഇൗ വർഷം ഏപ്രിൽ, സെപ്‌തംബർ മാസങ്ങളിലും ഓരോ ഗഡു അനുവദിച്ചിരുന്നു. മൂന്ന് ശതമാനം വീതമാണ് നൽകിയത്. നവംബറിൽ നൽകുക നാല് ശതമാനവും. ഇതോടെ അവസാന എട്ട് മാസത്തിനുള്ളിൽ 10 ശതമാനം ഡിഎ, ഡിആർ വർധനയാണ് നടപ്പാക്കിയത്. ഇനി അഞ്ചു ഗഡുവാണ് കുടിശ്ശിക. ഒന്നാം പിണറായി സർക്കാരാണ് 2021 ഫെബ്രുവരിയിൽ 16 ശതമാനം ഡിഎ, ഡിആർ ഒരുമിച്ചുനൽകി കുടിശ്ശിക പൂർണമായും തീർത്തത്. യുഡിഎഫ് സർക്കാരുകളുടെ കാലത്ത് പലപ്പോഴും വലിയ കുടിശ്ശികയാണ് വരുത്തിയത്. തുടർന്ന് ജീവനക്കാർ സമരത്തിനിറങ്ങേണ്ടിവന്നു.
കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മൂന്ന് ഗഡു ക്ഷാമബത്ത വെട്ടിക്കുറച്ചു. പല സംസ്ഥാനങ്ങളും ഇത് പിന്തുടർന്നപ്പോൾ കേരളം അതുൾപ്പെടെ അനുവദിച്ചു. പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ മൂന്നും നാലും ഗഡുക്കളാണ് ഇൗ സാമ്പത്തിക വർഷം നൽകുക. 2026 ഏപ്രിൽ ഒന്നിനുശേഷം ഇത് പിഎഫിൽ ലയിപ്പിക്കും. പിഎഫ് ഇല്ലാത്തവർക്ക് പണമായി 2026 ഏപ്രിൽ ഒന്നിനുശേഷം നൽകും. ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ ഈ വർഷം നൽകിയിരുന്നു.
ഡിഎ വർധന
ഒഎ (അടിസ്ഥാന ശമ്പളം 23,000)– 920 രൂപ
ക്ലർക്ക് (26,500)–1060
എൽപിഎസ്‌എ (35,600)– 1424
എച്ച്‌എസ്‌എ (41,300)–1652
പൊലീസ് കോൺസ്‌റ്റബിൾ(31,100)–1244
അസി. എൻജിനിയർ (55,200)–2208
സെക്രട്ടറിയറ്റ് അസിസ്‌റ്റന്റ് (39,300)–1572
നഴ്‌സിങ് ഓഫീസർ (39,300)–1572
(ഓരോ തസ്‌തികയിലും ഏറ്റവും കുറഞ്ഞ വർധനവാണിത്. സർവീസ് അനുസരിച്ച് തുക ഉയരും)









0 comments