നോവോർമയായി ശ്രീനന്ദ


സായൂജ് ചന്ദ്രൻ
Published on Apr 12, 2026, 12:30 AM | 1 min read
കടമ്പഴിപ്പുറം (പാലക്കാട്)
: ഒരു നാടിന്റെയാകെ കാത്തിരിപ്പിന് വിരാമമിട്ട് ശ്രീനന്ദ വിട പറഞ്ഞു. കുടുംബത്തോടൊപ്പം കർണാടകയിലെ ചിക്കമംഗളൂരുവിലേക്ക് വിനോദയാത്രപോയ ശ്രീനന്ദയെ (15) ഏഴിന് വൈകിട്ട് 5.30മുതലാണ് കാണാതായത്. വെള്ളി പകൽ 11ന് മൃതദേഹം കണ്ടെത്തി. രാത്രി പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ശനി പകൽ 11 ന് പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു.
ഏപ്രിൽ നാലിനാണ് അച്ഛനും അമ്മയും ഉൾപ്പെട്ട 41 അംഗ സംഘത്തിനൊപ്പം ശ്രീനന്ദ വിനോദയാത്ര പുറപ്പെട്ടത്. കടമ്പഴിപ്പുറം ക്ഷേത്രത്തിലെ പൂരാഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു യാത്ര. ഏഴിന് വൈകിട്ട് ചിക്കമംഗളൂരുവിലെ മാണിക്യധാര വെള്ളച്ചാട്ടത്തിലെത്തി. വെള്ളച്ചാട്ടവും സമീപത്തെ ബാബ ബുഡാൻഗിരി വ്യൂപോയിന്റിലെയും കാഴ്‌ചകൾ പൂർത്തിയാക്കി ട്രക്കിങ്ങിന് പുറപ്പെട്ട വാഹനത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞത്.
തുടർന്ന് കർണാടക പൊലീസിനെ വിവരമറിയിച്ചു. കെ പ്രേംകുമാർ എംഎൽഎ മുഖ്യമന്ത്രിയുടെ ഓഫീസിലും ജില്ലാ പൊലീസ് മേധാവിയെയും കലക്‌ടറെയും ബന്ധപ്പെട്ടു. പരിശോധന ഉൗർജിതമാക്കാൻ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. പാലക്കാട് സ്‌പെഷ്യൽ ബ്രാഞ്ചിൽനിന്ന് നാലംഗ സംഘവും ചിക്കമംഗളൂരുവിലെത്തി വ്യാപക പരിശോധന നടത്തിയെങ്കിലും ശ്രമം വിഫലമായിരുന്നു. നാലാം ദിവസം ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വ്യൂ പോയിന്റിൽനിന്ന് 1500 അടി താഴ്‌ചയിൽ മൃതദേഹം കണ്ടെത്തി. മുകളിലെത്തിച്ച് ഇൻക്വസ്റ്റ് പൂർത്തിയാക്കി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമികവിവരം അനുസരിച്ച് തലയുടെ വലതുവശത്തേറ്റ പരിക്കാണ് മരണകാരണം. ശരീരത്തിൽ മുറിവുകളുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പകൽ രണ്ടിന് പാന്പാടി ഐവർമഠം ശ്‌മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. കടന്പഴിപ്പുറം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദ പരീക്ഷ ഫലം കാത്തിരിക്കുകയായിരുന്നു. അച്ഛൻ: രമേഷ്. അമ്മ: രോഹിണി. സഹോദരൻ: സച്ചിൻ.










0 comments