‘കൽപ്പാന്ത കാലത്തോളം' ആ ഓർമകൾ ; ശ്രീമൂലനഗരം വിജയൻ വിടവാങ്ങിയിട്ട് 33 വർഷം

കെ ഡി ജോസഫ്
Published on May 23, 2025, 02:00 AM | 1 min read
കാലടി
ശ്രീമൂലനഗരം ഗ്രാമത്തിന്റെ യശസ്സ് രാജ്യമാകെ എത്തിച്ച അനശ്വര കലാകാരൻ ശ്രീമൂലനഗരം വിജയന്റെ സ്മരണകൾക്ക് 33ന്റെ ചെറുപ്പം. 1992 മെയ് 22നാണ് ശ്രീമൂലനഗരം വിജയൻ കാലയവനികയിൽ മറഞ്ഞത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിരന്തരം കലഹിച്ച വിജയന്‍, സിനിമയില്‍ സജീവമായിരുന്നെങ്കിലും അവസാനംവരെ നെഞ്ചോടുചേര്‍ത്തത് നാടകത്തെത്തന്നെ.
പഠിച്ചിരുന്ന അകവൂര്‍ ഹൈസ്കൂളിലെ നാടകങ്ങളില്‍ ചെറുവേഷങ്ങളില്‍ തുടങ്ങിയ വിജയൻ, പിന്നീട് നാടകരചനയിലേക്ക് കടന്നു. പി ജെ ആന്റണിക്കൊപ്പം നിരവധി വേദികളിൽ അഭിനയിച്ചു. ‘കുടുംബിനി’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.
എണ്ണായിരത്തോളം നാടക അരങ്ങുകളില്‍ അഭിനേതാവായി. എൺപതിലേറെ റേഡിയോ നാടകങ്ങളുടെ രചയിതാവും അറുപതിലേറെ സിനിമകളില്‍ നടനുമായി. 28 ചിത്രങ്ങളില്‍ കഥയും തിരക്കഥയും സംഭാഷണവും അമ്പതോളം ചെറുകഥകള്‍, ഒട്ടേറെ നാടകങ്ങളിലും സിനിമയിലും ഗാനരചയിതാവ്, പത്തോളം ചിത്രങ്ങളുടെ സഹസംവിധായകന്‍, ഒരു സിനിമയുടെ സംവിധായകന്‍, അഞ്ഞൂറോളം ലേഖനങ്ങള്‍ എന്നിങ്ങനെ വിജയനിലെ കലാപ്രതിഭയുടെ നാള്‍വഴികള്‍ വരികളിലൊതുങ്ങിയില്ല.
ഇബിലീസിന്റെ ശര്‍റ്, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, സൂര്യപുത്രി, കാഴ്ചശീവേലി, ഹരിശ്രീ, കളരി, പത്തുസെന്റ്, സമുദ്രം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്, നാലമ്പലം, ശുദ്ധികലശം, കസേരകേളി, അനുഗ്രഹം, കല്‍പ്പാന്ത കാലത്തോളം എന്നിങ്ങനെ വിജയന്റെ രചനയില്‍ അരങ്ങുകളില്‍നിന്ന് അരങ്ങുകളിലേക്ക് ജൈത്രയാത്ര നടത്തിയ നാടകങ്ങള്‍ ഒട്ടേറെയാണ്. പലതും സിനിമകളുമായി. 45 വർഷംമുമ്പ് വിജയൻ എഴുതിയ "കൽപ്പാന്ത കാലത്തോളം കാതരേ നീയെൻ മുന്നിൽ' എന്ന ഗാനം മലയാളിമനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. ‘ക’കാരം ആദ്യക്ഷരപ്രാസമായി മറ്റൊരു പാട്ടും മലയാളത്തിലില്ല. നാടകകൃത്തും സംവിധായകനുമായ ശ്രീമൂലനഗരം പൊന്നൻ മകനാണ്. ഭാര്യ: പരേതയായ വിലാസിനി. മകൾ: റാണി ജിജോ (പൊന്നി).










0 comments