print edition ജനം ദുരിതത്തിൽ: ശ്രീകാര്യം വികസനം പാതിവഴിയിൽ

ശ്രീകാര്യം ജങ്‌ഷൻ വികസനത്തിനുവേണ്ടി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുവേണ്ടിയെടുത്ത കുഴി മൂടാത്തനിലയിൽ
തിരുവനന്തപുരം: ശ്രീകാര്യം മേൽപ്പാലത്തിന്റെയും സർവീസ് റോഡിന്റെയും നിർമാണം പാതിവഴിയിലായതോടെ ജനം ദുരിതത്തിൽ. ഭരണവും എംഎൽഎയും മാറിയതോടെ പ്രവൃത്തികളുടെ മെല്ലെപ്പോക്കും ആരംഭിച്ചു. ഇളംകുളംമുതൽ പാങ്ങപ്പാറവരെയും ശ്രീകാര്യം ചെക്കാലമുക്ക് റോഡിലും വാട്ടർ അതോറിറ്റി പൈപ്പ്‌ലൈൻ സ്ഥാപിക്കൽ പൂർത്തീകരിച്ചില്ല. പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴികൾ ടാർ ചെയ്യാതായിട്ട് മാസങ്ങളായി. ഇരുചക്രവാഹനങ്ങൾ മറിഞ്ഞുവീണ് അപകടങ്ങൾ പതിവാണ്. സ്കൂൾ തുറന്നതോടെ അപകടസാധ്യത ഇരട്ടിയായി.
റോഡ് വികസനത്തിന് ഓടകൾ പൊളിച്ചതോടെ ശ്രീകാര്യം ചന്തയിലടക്കം മലിനജലം കെട്ടിക്കിടക്കുകയാണ്. ഇളംകുളം മഹാദേവ ക്ഷേത്രത്തിന് സമീപം ഓടയിലെ മാലിന്യം വീടുകളിലേക്കിറങ്ങി. കിണറുകളിൽ മലിനജലം നിറഞ്ഞ് കുടിവെള്ളപ്രതിസന്ധിയും രൂക്ഷം. ഷിഗല്ല രോഗം ഉൾപ്പെടെ പകരുന്ന സാഹചര്യത്തിൽ നാട്ടുകാർ ഭയത്തിലാണ്.
പാലത്തിനായി മെട്രോയുടെ പ്ലാൻ ലഭിച്ചില്ലെന്ന ന്യായമാണ് കോൺട്രാക്ടറുടേത്. മണ്ണന്തല–പൗഡിക്കോണം–ശ്രീകാര്യം റോഡ് വികസനത്തിന്റെ സ്ഥലം ഏറ്റെടുപ്പ് ഇതുവരെ ആരംഭിച്ചില്ല. വസ്‌തു വിട്ടുനൽകാൻ തയ്യാറായ ഉടമകളും ബുദ്ധിമുട്ടിലായി.
രണ്ട് പ്രശ്‌നത്തിലും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോ–ഓർഡിനേഷൻ ഓഫ് റസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ (കോർവ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭമെന്നും കോർവ ജില്ലാ പ്രസിഡന്റ് വി എസ് അനിൽ പ്രസാദ്, പൂജപ്പുര വർക്കിങ് പ്രസിഡന്റ് അഡ്വ. കെ അശോകൻ, ജനറൽ സെക്രട്ടറി കെ ജയദേവൻ, ട്രഷറർ വിഷ്ണു എസ് നായർ എന്നിവർ അറിയിച്ചു.









0 comments