ad
Deshabhimani

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം

കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും: സംസ്ഥാന പൊലീസ് മേധാവി

Ravada Chandrasekhar

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ മാധ്യമങ്ങളോട് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Apr 22, 2026, 12:15 PM | 1 min read

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടം സംബന്ധിച്ച് അന്വേഷണം നടത്താൻ തൃശൂർ സിറ്റി പൊലീസ് കമീഷണ(ക്രൈംബ്രാഞ്ച്)റുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സ്ഥലത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കമീഷണറുടെ കീഴിലുള്ള സംഘത്തിന് പുറമെ, അന്വേഷണത്തിനായി സിറ്റി അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിൽ മറ്റൊരു സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.


അപകടസമയത്ത് 34 പേർ സ്ഥലത്തുണ്ടായിരുന്നതായാണ് സ്ഥിരീകരണം. കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം പുരോ​ഗമിക്കുകയാണ്. മരിച്ച ഒൻപത് പേരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത് ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ബന്ധുക്കളെ തിരിച്ചറിഞ്ഞ് വിട്ടുനൽകും.


അപകടത്തിൽ പരിക്കേറ്റ 13 പേർ നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേൽക്കാതെ രക്ഷപ്പെട്ട 10 പേർ വീടുകളിലേക്ക് മടങ്ങി. നിസ്സാര പരിക്കേറ്റ രണ്ട് പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കഡാവർ നായ്ക്കളെ ഉപയോഗിച്ച് അപകടസ്ഥലത്ത് കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്.


ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനാ ഫലവും സ്ഫോടകവസ്തു നിയന്ത്രണ വിഭാഗമായ 'പെസോ'യുടെ (PESO) റിപ്പോർട്ടും ലഭിച്ച ശേഷം മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണത്തെക്കുറിച്ച് നിഗമനത്തിലെത്താൻ സാധിക്കൂ എന്ന് റവാഡാ ചന്ദ്രശേഖർ വ്യക്തമാക്കി. പരിക്കേറ്റ് ചികിത്സയിലുള്ളവരിൽ നിന്നും രക്ഷപ്പെട്ടവരിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home