പരിമിതികൾ മറികടന്നു ; അവർ ആടി, പാടി രസിച്ചു


റഷീദ് ആനപ്പുറം
Published on Jan 20, 2026, 07:48 PM | 3 min read
സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച ‘സവിശേഷ’ ഭിന്നശേഷി സർഗോത്സവം പരിമിതികളുടെ അതിരില്ലാത്ത ലോകത്തേക്ക് പറക്കാൻ ഭിന്നശേഷി കുട്ടികൾക്ക് ചിറക് നൽകുകയാണ്. തൊഴിൽ മേള, സിനിമാ പ്രദർശനം, ഓപ്പൺ ഫോറം, നൈപുണ്യ വികസന ശിൽപ്പശാലകൾ തുടങ്ങിയ ഓരോ പരിപാടിയും അരികുവൽക്കരിക്കപ്പെട്ട് നിരാലംബരായ ഒരു സമൂഹത്തിന് ഉയിർപ്പേകി. കാഴ്‌ച പരിമിതിയടക്കമുള്ള കുട്ടികൾ നിർമിച്ച ഉൽപ്പന്നങ്ങളുടെ വിൽപ്പനശാല അവരുടെ കരവിരുതിന്റെ കാഴ്‌ചയൊരുക്കുന്നു. കേരളത്തിൽ ഇത്തരം കൂട്ടായ്‌മ തുടരണമെന്ന് ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും പറഞ്ഞു.
തിരുവനന്തപുരം: ‘ശിവദം നിറയും പ്രണയം ചിന്മയ രൂപം...’ ശിവനും പാർവതിയുമായി സ്‌തുതിപാടി വേദിയിൽ ചുവടുവയ്‌ക്കുന്പോൾ കണ്ണൂർ ധർമടം ജേസി സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികളുടെ മനസ്സിൽ ആഹ്ലാദത്തിന്റെ താളം നിറഞ്ഞു. ഓരോ ചുവടിലും പരിമിതികളെ അവർ അതിജീവിച്ചു. കൈയടിച്ചും കൈകൊട്ടിയും രക്ഷിതാക്കളും അധ്യാപകരും മതിമറന്നു. പെൺവേഷമണിഞ്ഞ അർജുൻ സതീശിന്റെയും അക്ഷയിന്റെയും മുഖത്ത് ചെറിയൊരു നാണവും കാണാം. ഹിന്ദി പാട്ടിനൊപ്പം നിറഞ്ഞാടിയ ഷാദ് ഫർഹാന്റെയും റിദ ഫാത്തിമയുടെയും നൃത്തച്ചുവടുകൾ കാണികളുടെ ഉള്ളം നിറച്ചു.
സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച ‘സവിശേഷ’ ഭിന്നശേഷി സർഗോത്സവം പരിമിതികളുടെ അതിരില്ലാത്ത ലോകത്തേക്ക് പറക്കാൻ ഭിന്നശേഷി കുട്ടികൾക്ക് ചിറക് നൽകുകയാണ്. തൊഴിൽ മേള, സിനിമാ പ്രദർശനം, ഓപ്പൺ ഫോറം, നൈപുണ്യ വികസന ശിൽപ്പശാലകൾ തുടങ്ങിയ ഓരോ പരിപാടിയും അരികുവൽക്കരിക്കപ്പെട്ട് നിരാലംബരായ ഒരു സമൂഹത്തിന് ഉയിർപ്പേകി. കാഴ്‌ച പരിമിതിയടക്കമുള്ള കുട്ടികൾ നിർമിച്ച ഉൽപ്പന്നങ്ങളുടെ വിൽപ്പനശാല അവരുടെ കരവിരുതിന്റെ കാഴ്‌ചയൊരുക്കുന്നു. കേരളത്തിൽ ഇത്തരം കൂട്ടായ്‌മ തുടരണമെന്ന് ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും പറഞ്ഞു.
ധർമടം സായിക്കുന്നിലെ ജേസി സ്‌കൂളിലെ എട്ട് കുട്ടികളാണ് തിരുവാതിര അവതരിപ്പിച്ചത്. ആദ്യമായാണ് ഇത്തരമൊരു വേദി ലഭിക്കുന്നത്. സുസ്രത്ത് ജഹാൻ, മർസീന, നിവേദ്യ, വിധിഷ , ആദിത്യ, ദർശന എന്നിവരും സംഘത്തിലുണ്ട്. മലപ്പുറം ജില്ലയിൽനിന്ന് എത്തിയ സംഘമാണ് സിനിമാറ്റിക് ഡാൻസ് അവതരിപ്പിച്ചത്. അഫ്‌ല, ഷഹീ, റിഷാൻ, ഷെഹീന ഷെറിൻ, ഷിബിൻഷ, ഷർഷ എന്നിവരും ആടിത്തിമിർത്തു. രക്ഷിതാക്കളുടെ കൂട്ടായ്‌മയായ വിളക്ക് ഫൗണ്ടേഷനാണ് പരിപാടി ഏകോപിപ്പിച്ചത്.
ഇൗ ടീം ചില്ലറക്കാരല്ല. യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ ഇവർ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ചില കോളേജുകളിലും തങ്ങളുടെ സർഗഭാവനകൾ പ്രകടമാക്കാൻ കുട്ടികൾക്ക് കഴിഞ്ഞതായി വിളക്ക് പ്രവർത്തക വഹീദ പറഞ്ഞു. ഷാദ് ഫർഹാൻ മലപ്പുറം ഗവ. കോളേജിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കി. ഷഹീൻ നിലവിൽ അതേ കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. അൽഫ് മക്കരപ്പറന്പ് ജിവിഎച്ച്‌എസ്‌എസ് പ്ലസ്‌ടു വിദ്യാർഥിയും. അടുത്ത ദിവസം കോഴിക്കോട് നടക്കുന്ന ഇൻക്ലൂസീവ് കോൺക്ലേവിൽ കലാപരിപാടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇൗ കുട്ടികൾ.
കേരളത്തിൽ ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാസവും ഇന്ന് രാജ്യത്തിന് മാതൃകയാണ്. സ്‌പെഷ്യൽ സ്‌കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി രാജ്യത്ത് ആദ്യമായി തയ്യാറാക്കുകയാണ് കേരളം. ബധിര വിദ്യാലയങ്ങളിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിലേക്ക് പ്രത്യേക പാഠപുസ്‌തകവുമുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക പരിഗണനയാണ് ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുന്നത്. ഓരോ കുട്ടിയേയും പരസഹായമില്ലാതെ സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കാൻ പ്രാപ്‌തരാക്കുകയാണ് സർക്കാർ നയം.
സമൂഹത്തിൽ പ്രത്യേകം പരിഗണന അർഹിക്കുന്നവരാണ് ഭിന്നശേഷി വിഭാഗം. നമ്മുടെ സഹതാപമോ കാരുണ്യമോ കണ്ണീരോ അവർക്കാവശ്യമില്ല. സാമൂഹ്യ ജീവിതം നയിക്കാനാവശ്യമായ പിന്തുണയാണ് വേണ്ടത്. സവിശേഷ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം എന്നിവയിൽ ഊന്നിയുള്ള പുനരധിവാസമാണ് ഈ ലക്ഷ്യം കൈവരിക്കാൻ വേണ്ടത്. ഈ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുമ്പിലാണ്. സാമൂഹ്യ നീതി വകുപ്പ് ഇൗ രംഗത്ത് നടത്തുന്ന ഇടപെടൽ ശ്രദ്ധേയമാണ്.
ജനസംഖ്യയിൽ അഞ്ച് മുതൽ ഏഴ് ശതമാനംപേർ ശാരീരികമോ ബുദ്ധിപരമോ ആയ ഏതെങ്കിലും വെല്ലുവിളി നേരിടുന്നവരാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരും കാഴ്‌ച–-കേൾവി–-ചലന പരിമിതിയുള്ളവരുമായിരുന്നു ഒരു കാലത്ത് ഭിന്നശേഷി വിഭാഗം. ഇന്ന് 22 വിഭാഗം ഭിന്നശേഷിയിൽപ്പെടും. ചലനവൈകല്യം, മസ്കുലാര്‍ ഡിസ്ട്രോഫി, ക്രോണിക് ന്യൂറോളജിക്കൽ, മള്‍ട്ടിപ്പിള്‍ സ്ലീറോസിസ്, കൂന്, ഹൃസ്വകായത്വം, അന്ധത, ഗുരുതരമായ കാഴ്ചക്കുറവ്, പഠനവൈകല്യം, സംസാര ഭാഷാ വൈകല്യം, ബുദ്ധിപരമായ വെല്ലുവിളി, മാനസിക രോഗം, ഓട്ടിസം, കേൾവി ഇല്ലായ്മ, കുഷ്ഠരോഗ വിമുക്തം, ഹീമോഫീലിയ താലസിമിയ, അരിവാള്‍ രോഗം, സെറിബ്രൽ പാള്‍സി, അപസ്മാരം, ബധിരാന്ധത, ബഹുവൈകല്യം എന്നിവയാണ് ഈ വിഭാഗം. ഏറ്റവും കൂടുതലുള്ളത് ( മൂന്ന് ശതമാനംവരെ) ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരാണ്. സെറിബ്രൽ പാൾസി, ഓട്ടിസം, ബഹുവൈകല്യം, പഠന വൈകല്യം എന്നിവയും ഇതിന്റെ ഭാഗമാണ്.
2015ൽ സാമൂഹ്യ നീതി വകുപ്പ് നടത്തിയ ‘ഭിന്നശേഷി സർവേ’ പ്രകാരം 7,93,937 പേർ ഏതെങ്കിലും പരിമിതി നേരിടുന്നവരാണ്. ഇതിൽ 4,38,853 പേർ പുരുഷൻമാരും 3,53,895 പേർ സ്‌ത്രീകളും 1,187 ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. 10,000 പേരിൽ 232 പേർക്ക് ഏതെങ്കിലും തരത്തിലുള്ള പരിമിതിയുണ്ട്. ഭിന്നശേഷിക്കാരിൽ ഏഴ് മുതൽ 10 ശതമാനംവരെ കുട്ടികളാണ്. വിദ്യാഭ്യാസ കാര്യത്തിലും ഈ വിഭാഗം ഒട്ടേറെ പ്രയാസം അനുഭവിക്കുന്നു. അവർക്ക് ആവശ്യമായ പിന്തുണയേകി ഉയർത്തിക്കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.











0 comments