ad
Deshabhimani

print edition സഹോദരങ്ങളും പങ്കാളിയും ‘ബന്ധു’ അല്ലെന്ന്‌ കമീഷൻ ; ഡിജിറ്റൈസ്‌ ചെയ്യാനാകാതെ ലക്ഷക്കണക്കിന്‌ ഫോമുകൾ

Enumaration Form FAQ
വെബ് ഡെസ്ക്

Published on Nov 25, 2025, 02:30 AM | 2 min read


തിരുവനന്തപുരം

കേരളത്തിലെ വോട്ടർപ്പട്ടിക പുനഃപരിശോധന സാങ്കേതിക കുരുക്കിൽപ്പെട്ട് പ്രതിസന്ധിയിൽ. ലക്ഷക്കണക്കിന് എന്യൂമറേഷൻ ഫോമുകളാണ് ഡിജിറ്റൈസ് ചെയ്യാനാകാതെ ബിഎൽഒമാരുടെ കൈകളിൽ കെട്ടിക്കിടക്കുന്നത്. ‘2002-ലെ എസ്‌ഐആർ വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ട ബന്ധുക്കൾ’ എന്ന കോളത്തിൽ സഹോദരങ്ങളുടെയോ പങ്കാളിയുടെയോ പേര് രേഖപ്പെടുത്തിയ ഫോമുകളാണ് കുരുക്കിൽപ്പെട്ടത്‌. ഈ ഫോമുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് അപ്‌ലോഡ്‌ ചെയ്യാൻ ഓപ്ഷനില്ല.


മാതാവ്‌, പിതാവ്‌, അവരുടെ മാതാപിതാക്കൾ എന്നിവരെ മാത്രമേ ബന്ധുവായി ഉൾപ്പെടുത്താൻ പാടുള്ളൂ എന്നാണ്‌ 19–ാം ദിവസം സിഇഒ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. ഇ‍ൗ കാര്യം വീടുകയറി പറഞ്ഞ്‌, തിരുത്തി എഴുതാൻ വോട്ടർമാർക്ക് നിർദേശം നൽകേണ്ട അവസ്ഥയാണ് നിലവിലുള്ളത്‌. ഇ‍ൗ മൂന്ന്‌ വിഭാഗത്തിൽപ്പെട്ടവർ 2002-ലെ വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ മാത്രമേ മറ്റ് ബന്ധുക്കളുടെ പേര് നൽകാൻ പാടുള്ളൂ. അങ്ങനെ ചെയ്താലും, ബന്ധുക്കൾ ആരും എസ്‌ഐആറിൽ ഉൾപ്പെട്ടിട്ടില്ലെന്ന്‌ വെബ്‌സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യേണ്ടിവരും. ഇവർ 12 രേഖയിലൊന്ന്‌ ഹാജരാക്കേണ്ടിയുംവരും. കമീഷന്റെ ആസൂത്രണത്തിലെ പിഴവ്‌ ലക്ഷക്കണക്കിന് വോട്ടർമാരെയാണ്‌ വെട്ടിലാക്കുന്നത്‌.


​ആരാണ്‌ ബന്ധുക്കൾ

എസ്‌ഐആർ ആരംഭിച്ചതുമുതൽ മാധ്യമങ്ങളിലും രാഷ്ട്രീയ പാർടി യോഗത്തിലും ഏറ്റവും കൂടുതൽ ഉയർന്ന ചോദ്യമായിരുന്നു ‘ആരാണ്‌ ബന്ധുക്കൾ’ എന്നത്‌. ബിഎൽഒമാർ വീടുകൾ കയറുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞതിനാലാണ്‌ ഇ‍ൗ ആശയക്കുഴപ്പമുണ്ടായത്‌. ഏഴുദിവസമാണ്‌ ബിഎൽഒമാരെ പരിശീലിപ്പിക്കാൻ സമയം അനുവദിച്ചത്‌. ഇ‍ൗ പരിശീലനത്തിൽ, ഫോം എങ്ങനെ പൂരിപ്പിക്കണമെന്നതടക്കമുള്ള പ്രാഥമിക വിവരങ്ങൾപ്പോലും തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർ അവതരിപ്പിച്ചില്ല. ‘അടുത്ത ബന്ധുക്കളെ’ എഴുതാമെന്ന നിർദേശത്തിൽ ബിഎൽഒമാരും വോട്ടർമാരും ഒരുപോലെ കുരുങ്ങി.



ബിഎൽഎമാർ ജാഗ്രത പാലിക്കണം ; അർഹരെ പുറത്താക്കരുത്

അർഹരായ ഒരാൾപോലും വോട്ടർപ്പട്ടികയിൽനിന്ന്‌ പുറത്താകില്ലെന്ന്‌ ഉറപ്പുവരുത്താൻ രാഷ്‌ട്രീയ പാർടികളുടെ ബൂത്ത് ഏജന്റുമാർക്ക്‌(ബിഎൽഎ)കൂടി ഉത്തരവാദിത്വമുണ്ടെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ). പുനഃപരിശോധനയുടെ ഭാഗമായി പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്നവരെ ബിഎൽഎ– ബിഎൽഒ യോഗം ചേർന്ന് പരിശോധിക്കണം. ഭാവിയിൽ ആക്ഷേപമുണ്ടാകാത്തവിധം വിഷയം തീർപ്പാക്കണമെന്നാണ് സിഇഒയുടെ നിർദേശം. സ്ഥിരമായി സ്ഥലംമാറിയവർ, മരിച്ചവർ, കണ്ടെത്താനാകാത്ത വോട്ടർമാർ, ഓൾ റെഡി എൻറോൾഡ്‌, മറ്റുള്ളവർ എന്നീ വിഭാഗത്തിലാണ്‌ വോട്ടർമാരെ നീക്കുന്നത്‌. ബിഎൽഒയാണ്‌ ഇതിൽ റിപ്പോർട്ട്‌ നൽകുക. ഇ‍ൗ റിപ്പോർട്ട്‌ ശരിയാണോ എന്ന്‌ പരിശോധിക്കാൻ പ്രത്യേകം പദ്ധതിയോ ഇടപെടലോ ഉണ്ടാകില്ല.


‘മറ്റുള്ളവർ’ എന്ന വിഭാഗക്കാരെ എങ്ങനെയാണ്‌ നിർവചിക്കുന്നതെന്ന്‌ ബിഎൽഒയ്ക്ക്‌ മാത്രമേ അറിയൂ. സ്ഥിരമായി താമസം മാറിയെന്നും ഇരട്ടവോട്ടുണ്ടെന്നും റിപ്പോർട്ട്‌ നൽകുന്നത്‌ ഏതുവിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നതിലും ആശയക്കുഴപ്പമുണ്ട്‌. കൃത്യമായി അന്വേഷിച്ച്‌, സമയമെടുത്ത്‌ ചെയ്യേണ്ട പ്രവർത്തനത്തിന്‌ സമയം അനുവദിക്കാത്തതാണ്‌ വിനയായത്‌. മൂന്നുതവണ വീടുകയറണം എന്നാണ്‌ കമീഷന്റെ നിർദേശം. സമയക്കുറവുകാരണം ഇത്‌ ചെയ്യാനാകുന്നില്ല. ഒരുതവണ പോയശേഷം ‘ആളില്ല’ എന്ന കാരണംപറഞ്ഞ്‌ ഫോം വാങ്ങാത്തവരുമുണ്ട്‌.


ഒഴിവാക്കൽ പ്രക്രിയ ബിഎൽഒയ്‌ക്ക്‌ എളുപ്പത്തിൽ നടപ്പാക്കാനാകുന്നതായി മാറിയെന്നും പരാതിയുണ്ട്‌. പട്ടികയിൽനിന്ന്‌ നീക്കുന്നവരുടെ വിവരങ്ങൾ സംസ്ഥാനാടിസ്ഥാനത്തിൽ പുറത്തുവിടണമെന്നും ജനങ്ങൾക്ക്‌ പരിശോധിക്കാനാകുന്ന രീതിയിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും രാഷ്ട്രീയപാർടികൾക്ക്‌ കോപ്പി നൽകണമെന്നും പൊതു ആവശ്യം ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home