യാത്രക്കാക്കാരുടെ ശ്രദ്ധയ്ക്ക്: നാല് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: യാത്രക്കാർക്ക് താത്കാലിക ആശ്വാസവുമായി റെയിൽവേ. മാവേലി എക്സ്പ്രസിലും മലബാർ എക്സ്പ്രസിലും താംബരം-കന്യാകുമാരി-താംബരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിലും ചെന്നൈ സെൻട്രൽ–തിരുവനന്തപുരം–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റിലും അധികം കോച്ചുകൾ അനുവദിച്ച് റെയിൽവേ.
മാവേലി എക്സ്പ്രസ് (16603/16604)
മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസിൽ സെപ്റ്റംബർ 30 മുതലും, തിരുവനന്തപുരം–മംഗളൂരു മാവേലി എക്സ്പ്രസിൽ ഒക്ടോബർ 1 മുതലും ഒരു അധിക സ്ലീപ്പർ കോച്ച് ഉണ്ടാകും.ട്രെയിനിലെ ആകെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 10 ആയി ഉയരും. 1 എസി ഫസ്റ്റ് ക്ലാസ് കം ടു ടയർ, 1 എസി ടു ടയർ, 5 എസി ത്രീ ടയർ, 10 സ്ലീപ്പർ ക്ലാസ്, 5 ജനറൽ സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കായി 2 സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിങ്ങനെയാകും പുതിയ കോച്ച് ഘടന.
മലബാർ എക്സ്പ്രസ് (16629/16630)
മംഗളൂരു–തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ സെപ്റ്റംബർ 28 മുതലും, തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസിൽ സെപ്റ്റംബർ 29 മുതലും ഓരോ അധിക സ്ലീപ്പർ കോച്ച് അനുവദിച്ചു. ഇതോടെ മലബാർ എക്സ്പ്രസിലെയും സ്ലീപ്പർ കോച്ചുകളുടെ എണ്ണം 10 ആയി.
താംബരം–കന്യാകുമാരി–താംബരം സൂപ്പർഫാസ്റ്റ് (22657/22658):
ഒക്ടോബർ 4 മുതൽ ട്രെയിനിൽ സ്ഥിരമായി അധിക കോച്ചുകൾ സർവീസ് നടത്തും. 1 എസി ടു ടയർ, 2 എസി ത്രീ ടയർ, 3 സ്ലീപ്പർ ക്ലാസ്, 1 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളാണ് സ്ഥിരമായി വർധിപ്പിച്ചത്.
ചെന്നൈ സെൻട്രൽ–തിരുവനന്തപുരം–ചെന്നൈ സെൻട്രൽ (22207/22208):
രണ്ട് എസി ത്രീ ടയർ കോച്ചുകൾ അധികമായി അനുവദിച്ചു. ഒക്ടോബർ 2, ഒക്ടോബർ 4 തീയതികൾ മുതൽ പുതിയ കോച്ചുകളോടെ ട്രെയിൻ സർവീസ് നടത്തും.
അതേസമയം, ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ കടുത്ത തിരക്ക് വർധിച്ചുവരുമ്പോഴും ആവശ്യത്തിന് ജനറൽ കോച്ചുകൾ അനുവദിക്കാൻ റെയിൽവേ തയ്യാറാകുന്നില്ലെന്ന പരാതി ശക്തമാണ്. ഇപ്പോൾ അനുവദിച്ച അധിക കോച്ചുകളിൽ ഭൂരിഭാഗവും സ്ലീപ്പർ, എസി ക്ലാസുകളാണെന്നത് സാധാരണക്കാരായ പ്രതിദിന യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. ജനറൽ കമ്പാർട്ടുമെന്റുകളിലെ ശ്വാസം മുട്ടിക്കുന്ന തിരക്കിന് പരിഹാരമായി കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.








0 comments