സോനയുടെ ദാരുണ മരണം: തീ പടർന്നത് കാറിന്റെ പിൻഭാഗത്തുനിന്ന്; എൻജിനിലും ബോണറ്റിലും സൂചനകളില്ല

സോന (ഇടത്), കത്തിക്കരിഞ്ഞ കാറിന്റെ ഉൾവശം (വലത്)
പേരാമ്പ്ര: കോഴിക്കോട് ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് കക്കറമുക്ക് സ്വദേശി സോന (28) ദാരുണമായി മരിച്ച സംഭവത്തിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. മേപ്പയൂര്‍ പൊലീസ് ഇൻസ്‌പെക്ടര്‍ എ അജീഷിന്റെ നേതൃത്വത്തില്‍ പൊലീസും കോഴിക്കോട് നിന്നുള്ള ജില്ലാ ഫോറന്‍സിക് വിഭാഗവും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും സംയുക്തമായാണ് കാറിൽ പരിശോധന നടത്തിയത്.
കാറിന്റെ പിൻഭാഗത്തുനിന്ന് തീ പടർന്നെന്നാണ് കരുതുന്നത്. എൻജിനിലും ബോണറ്റിലും തീപിടിച്ചതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട് ലഭ്യമായാലേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു.
വെള്ളി രാത്രി ഒമ്പതരയോടെ പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡ് തോട്ടുമുറി മരക്കാട്ടുപുറത്ത് താഴെയാണ് അപകടമുണ്ടായത്. ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുകയായിരുന്നു. കാറിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു സോന. വീടിന് സമീപമെത്താറാകുമ്പോഴാണ് ഉഗ്രസ്‌ഫോടനത്തോടെ കാറിന് തീപിടിച്ചത്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി. തൊട്ടടുത്ത നെൽവയലിൽനിന്ന് വെള്ളം കോരിയൊഴിച്ചാണ് തീയണച്ചത്.
ഭർത്താവ് റിജിൻ ലാലിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലോടെ റിജിൻ കാറിന് പുറത്തെത്തി സമീപമുള്ള തോട്ടിലേക്ക് ചാടുകയായിരുന്നു. റിജിൻ നൽകിയ വിവരമനുസരിച്ച് കാറിന്റെ പിൻസീറ്റ് പരിശോധിച്ചപ്പോഴാണ് സോനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരം പൂർണമായും കത്തിക്കരിഞ്ഞിരുന്നു. കാറിന് തീപിടിച്ച് ഡോർ ലോക്കായതോടെ സോനയ്ക്ക് തുറക്കാൻ സാധിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം.
സോനയുടെ മൃതദേഹം ശനിയാഴ്ച വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാലേരി കുഴുമ്പിലിലെ കല്ലിൽക്കണ്ടി മീത്തൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ചെറുവണ്ണൂർ കക്കറമുക്കിലുള്ള ഭർതൃവീട്ടിലെത്തിച്ച ശേഷമാണ് പാലേരിയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്. അപകടത്തിൽ 65 ശതമാനത്തോളം പൊള്ളലേറ്റ ഭർത്താവ് റിജിൻലാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.










0 comments