ad
Deshabhimani

print edition മുടങ്ങാത്ത ചിരി

pension
വെബ് ഡെസ്ക്

Published on Mar 19, 2026, 02:43 AM | 2 min read

കേരളത്തിലെ സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ ചരിത്രം എൽഡിഎഫിൽനിന്ന്‌ തുടങ്ങുന്നു. ക്ഷേമ പെൻഷൻ വർധിപ്പിച്ചതിന്റെ ചരിത്രവും എൽഡിഎഫിന്‌ അവകാശപ്പെട്ടത്‌. വി എസ്‌ സർക്കാരിന്റെ കാലത്ത്‌ 500 രൂപയായിരുന്നു ക്ഷേമ പെൻഷൻ. 2011ൽ അധികാരത്തിൽവന്ന യുഡിഎഫ് സർക്കാർ അഞ്ചുവർഷംകൊണ്ട്‌ വർധിപ്പിച്ചത്‌ 100 രൂപയാണ്‌. അതുതന്നെ വിതരണംചെയ്‌തുമില്ല. 18 മാസംവരെയായിരുന്നു വിവിധ പെൻഷനുകളുടെ കുടിശ്ശിക.


2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റയുടൻ ആദ്യമെടുത്ത തീരുമാനം ഇ‍ൗ കുടിശ്ശിക മുഴുവൻ കൊടുത്തുതീർക്കാനായിരുന്നു. അവിടുന്ന്‌ തുടങ്ങിയ യാത്രയാണ്‌. പത്താം വർഷം എത്തിയപ്പോൾ രണ്ടായിരം രൂപയാക്കി. 32 ലക്ഷം പേർക്കായിരുന്നു യുഡിഎഫ് സർക്കാരിന്റെ കാലത്ത്‌ ക്ഷേമ പെൻഷൻ ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ 62 ലക്ഷത്തിലേറെയാണ്‌ ഗുണഭോക്താക്കൾ. ഇതിൽ 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതി പ്രകാരം കേന്ദ്രസർക്കാരിന്റെ നാമമാത്ര വിഹിതമുണ്ട്‌. ഇതും കൃത്യമായി ലഭിക്കാറില്ല. ഇ‍ൗ തുകയും സംസ്ഥാനം മുൻകൂർ അനുവദിക്കുന്നു.


മുടങ്ങാതിരിക്കാനും കരുതൽ


​2025 നവംബർ മുതലാണ്‌ ക്ഷേമ പെൻഷൻ രണ്ടായിരം രൂപയാക്കിയത്‌. പ്രതിമാസം 1050 കോടിയാണ്‌ ക്ഷേമപെൻഷൻ നൽകാൻ സർക്കാർ ചെലവിടുന്നത്‌. കുടിശ്ശികയില്ലാതെ എല്ലാ മാസവും കൃത്യമായി സർക്കാർ പെൻഷൻ എത്തിക്കുന്നു. ഒരു വർഷം പെൻഷൻ നൽകാൻ 14,500 കോടി രൂപയാണ്‌ വേണ്ടത്‌. പെൻഷൻ മുടങ്ങാതിരിക്കാൻ സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ്‌ രൂപീകരിച്ചാണ്‌ ഫണ്ട്‌ കണ്ടെത്തുന്നത്‌. സർക്കാർ ബജറ്റ്‌ വിഹിതത്തിനു പുറമേ, സഹകരണ ബാങ്കുകളിൽനിന്ന്‌ വായ്‌പയെടുത്തുമാണ്‌ പെൻഷൻ നൽകുന്നത്‌.


തുടങ്ങിയതും വർധിപ്പിച്ചതും ഇടതുപക്ഷം


1980ലെ ഇ കെ നായനാർ സർക്കാരാണ്‌ ആദ്യമായി കർഷകത്തൊഴിലാളി പെൻഷൻ പ്രഖ്യാപിച്ചത്‌– 45 രൂപ. പിന്നീട്‌ വന്ന യുഡിഎഫിന്റെ കെ കരുണാകരൻ സർക്കാർ ഒരു രൂപ കൂട്ടിയില്ല. 1987ൽ അധികാരത്തിലെത്തിയ നായനാർ സർക്കാർ 15 രൂപ വർധിപ്പിച്ച്‌ 60 രൂപയാക്കി. 1991–96ലെ യുഡിഎഫ്‌ സർക്കാർ പെൻഷൻകാരെ അവഗണിച്ചു. 1996ൽ അധികാരത്തിൽവന്ന നായനാർ സർക്കാർ പെൻഷൻ 60 രൂപ വർധിപ്പിച്ച്‌ 120 രൂപയാക്കി.


2001–2006ലെ എ കെ ആന്റണി–ഉമ്മൻചാണ്ടി മന്ത്രിസഭകൾ തുക കൂട്ടിയില്ലെന്ന്‌ മാത്രമല്ല 28 മാസംവരെ കുടിശ്ശികയാക്കി. 2006ൽ അധികാരത്തിലെത്തിയ വി എസ്‌ സർക്കാരാണ്‌ കുടിശ്ശിക നൽകിയതും പെൻഷൻ 500 രൂപയാക്കിയതും. 380 രൂപയാണ്‌ കൂട്ടിയത്‌. 2011ൽ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ പെൻഷൻത്തുക 100 രൂപ വർധിപ്പിച്ച്‌ 600 ആക്കിയെങ്കിലും 18 മാസം വരെയാണ്‌ കുടിശ്ശിക വരുത്തിയത്‌.


2016ൽ ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന്‌ ഇ‍ൗ കുടിശ്ശിക ഒരുമിച്ച്‌ വിതരണം ചെയ്യുമെന്നായിരുന്നു. 1473 കോടി രൂപയാണ്‌ കുടിശ്ശിക ഇനത്തിൽ നൽകിയത്‌. യുഡിഎഫ് സർക്കാരിന്റെ കാലത്ത്‌ 34 ലക്ഷം പേർക്കാണ്‌ പെൻഷൻ നൽകിയിരുന്നതെങ്കിൽ എൽഡിഎഫ്‌ അത്‌ 62 ലക്ഷമാക്കി.


600 രൂപയായിരുന്ന പെൻഷൻ വിവിധ ഘട്ടങ്ങളിലായി 1000 രൂപ കൂടെ വർധിപ്പിച്ച്‌ 1600 രൂപയാക്കി. രണ്ടാം പിണറായി സർക്കാർ ഇത്‌ വീണ്ടും 400 രൂപ കൂടെ വർധിപ്പിച്ച്‌ 2000 രൂപയാക്കി. ക്ഷേമപെൻഷനുകളിൽ ആകെ 100 രൂപയാണ്‌ യുഡിഎഫ്‌ സർക്കാരുകൾ വർധിപ്പിച്ചത്‌. എൽഡിഎഫ്‌ 1900 രൂപയും.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home