നിയമസഭാ തെരഞ്ഞെടുപ്പ്: സോഷ്യൽ മീഡിയ നിരീക്ഷണത്തിൽ; നിയമം ലംഘിച്ചാൽ കർശന നടപടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് കർശന നിർദേശങ്ങളുമായി കേരളാ പൊലീസ്. വ്യാജ വാർത്തകൾ, വിദ്വേഷ പ്രചാരണങ്ങൾ, എഐ ദുരുപയോഗം എന്നിവ തടയാൻ കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എഐ വീഡിയോകൾക്ക് ലേബൽ നിർബന്ധം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ഡീപ് ഫേക്ക് വീഡിയോകൾ, ഓഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം 'AI-Generated' എന്ന ലേബൽ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.
വിദ്വേഷ സന്ദേശങ്ങൾക്ക് തടയിടും
ജാതി, മതം, വർഗ്ഗം, കമ്മ്യൂണിറ്റി എന്നിവയുടെ പേരിൽ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ഭാരതീയ ന്യായ സംഹിത (ബിഎൻഎസ് 196) പ്രകാരം കുറ്റകരമാണ്. വോട്ടെടുപ്പ് തീയതി, സ്ഥാനാർത്ഥികൾ, വർഗീയ സംഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത 'വ്യാജ വാർത്തകൾ' പ്രചരിപ്പിക്കാൻ പാടില്ല. കൂടാതെ, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് തുടങ്ങുന്ന 'സൈലൻസ് പീരിയഡിൽ' യാതൊരു വിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സോഷ്യൽ മീഡിയ വഴി നടത്താൻ അനുവദിക്കില്ല.
ഗ്രൂപ്പ് അഡ്മിൻമാരുടെ ഉത്തരവാദിത്തം
സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ അഡ്മിൻമാർ കൃത്യമായി നിരീക്ഷിക്കണം. ഗ്രൂപ്പ് അംഗങ്ങളുടെ പോസ്റ്റുകൾക്ക് അഡ്മിൻമാർ നേരിട്ട് ഉത്തരവാദികൾ ആയിരിക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും താഴെ പറയുന്ന സാഹചര്യങ്ങളിൽ അഡ്മിൻമാർ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും.
നിയമവിരുദ്ധമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അവ നീക്കം ചെയ്യാതെ കുറ്റകൃത്യത്തിന് പ്രേരണ (Abetment) നൽകുക.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ അഡ്മിൻ കൂട്ടുനിൽക്കുകയോ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയോ ചെയ്യുക.
ഐടി ആക്ട് അല്ലെങ്കിൽ ബിഎൻഎസ് പ്രകാരം പൊലീസ് നൽകുന്ന നോട്ടീസുകളോട് സഹകരിക്കാതിരിക്കുക.










0 comments