ad
Deshabhimani

ഊരാളുങ്കലിനെതിരായ കെ സി വേണുഗോപാലിന്റെ പരാമർശം: കേരളത്തിൽ 'കമ്മീഷൻ സംസ്കാരം' ഇറക്കുമതി ചെയ്യാനുള്ള ശ്രമമെന്ന് ആക്ഷേപം

k c venugopal

കെ സി വേണുഗോപാൽ

വെബ് ഡെസ്ക്

Published on Apr 08, 2026, 04:45 PM | 4 min read

തിരുവനന്തപുരം: കെ സി വേണുഗോപാൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ (ULCCS) ലക്ഷ്യമിടുന്നത് കേരളത്തിന്റെ വികസന മേഖലയിൽ കമ്മീഷൻ വ്യവസ്ഥ നടപ്പിലാക്കാനാണെന്ന് ആക്ഷേപം. ഇതര സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന അടിസ്ഥാന സൗകര്യ വികസന രംഗത്തെ അഴിമതി സംസ്കാരം കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് എം പി ഫവാസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.


ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകളിൽ ഭരണകക്ഷികൾക്ക് 10% മുതൽ 20% വരെ കമ്മീഷൻ ലഭിക്കുന്നത് ഒരു പരസ്യമായ രഹസ്യമാണ്. എന്നാൽ സഹകരണ മാതൃകയിൽ പ്രവർത്തിക്കുന്ന ഊരാളുങ്കൽ സൊസൈറ്റി കേരളത്തിലെ നിർമ്മാണ മേഖലയിൽ സജീവമായതോടെ ഇത്തരത്തിലുള്ള കമ്മീഷൻ ഇടപാടുകൾക്ക് വലിയ തടസ്സമാണ് നേരിടുന്നത്. കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തിൽ പണം വാങ്ങി സീറ്റ് വിൽക്കുന്ന രീതി ഇല്ലാത്തതിനാലാണ് ഹരിയാന പോലുള്ള സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വരെ കമ്മീഷൻ ആരോപണം നേരിടുന്ന വേണുഗോപാൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നതെന്നാണ് വിമർശനം.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:


K C വേണുഗോപാൽ എന്ത്കൊണ്ട് ഊരാളുങ്കൽ സൊസൈറ്റിയെ ടാർഗറ്റ് ചെയ്യുന്നു ?


ഉത്തരം ലളിതമാണ്. ഇതൊരു കമ്മീഷൻ പ്രശ്നമാണ്. ഇന്ത്യയിൽ വ്യവസ്ഥാപിതമായ അഴിമതി ഏറ്റവും ഫലപ്രദമായി നടക്കുന്ന മേഖല അടിസ്ഥാന സൗകര്യ വികസന മേഖലയാണ്. കേരളത്തിന് പുറത്ത് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകൾക്ക് ഭരണ കക്ഷിക്കുള്ള കമ്മീഷൻ 10 % മുതൽ 20 % വരെയാണ് എന്നുള്ളത് പരസ്യമായ രഹസ്യമാണ്.

K Cക്ക് കമ്മീഷനുള്ള താൽപര്യം ഇപ്പോൾ ചർച്ച വിഷയമാണല്ലോ. ബിജെപി യുമായി നേരിട്ട് ഏറ്റുമുട്ടി ജയിക്കാൻ സാധ്യതയുളള ഹിന്ദി ബെൽറ്റായ ഹരിയാനയിൽ പോലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ അദ്ദേഹത്തെ നയിച്ചത് കമ്മീഷനാണെന്ന് ഇപ്പോൾ വ്യക്തമായി കഴിഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബാവൽ മണ്ഡലത്തിൽ സീറ്റ് വാഗ്ദാനം ചെയ്തു 7 കോടി രൂപ K C വേണുഗോപാൽ അടക്കമുള്ള നേതാക്കളും ഇവരുടെ സ്റ്റാഫ് അംഗങ്ങളും കൈപ്പറ്റിയെന്ന് ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. ഹരിയാനയിലെ മഹിളാ കോൺഗ്രസ് മുൻ നേതാവിൻ്റ പങ്കാളി ഗൗരവ് കുമാർ ദില്ലി പൊലീസിലും കേരള പോലീസിലും ഇതുമായി ബന്ധപെട്ട് പരാതി നൽകിയിരിക്കുകയാണ്. എന്നാൽ കേരളത്തിൽ ഇങ്ങനെ പണം വാങ്ങി സീറ്റ് കൊടുക്കാൻ വേണുഗോപാലിന് പോലും സാധിക്കാത്ത രീതിയിൽ കേരള രാഷ്ട്രീയ സംസ്കാരം മുന്നോട്ട് പോയി കഴിഞ്ഞു.


അടിസ്ഥാനസൗകര്യ മേഖലയിലും കേരളത്തിലെ സ്ഥിതി വത്യസ്തമല്ല. അല്ലറ ചില്ലറ ഉദ്യോഗസ്ഥ തല അഴിമതികൾ ഉണ്ടെങ്കിലും കണക്ക് വെച്ച് കമ്മീഷൻ വാങ്ങുന്ന രീതി കേരളത്തിൽ ഒരു രാഷ്ട്രീയ കക്ഷികളും പിന്തുടരാറില്ല. ഒറ്റ വാക്കിൽ പറഞ്ഞാൽ ഈ കമ്മീഷൻ വ്യവസ്ഥ കേരളത്തിലേക്ക് കൊണ്ട് വരാനുള്ള മുന്നൊരുക്കമാണ് K C വേണുഗോപാൽ നടത്തുന്നത്. അതിന് ഇടത് വലത് ഗവൺമെന്റുകളുടെ വിശ്വസ്തരായ നിർമ്മാണ പങ്കാളി ഊരാളുങ്കലിനെ നശിപ്പിക്കേണ്ടതുണ്ടെന്ന് K Cക്ക് നന്നായി അറിയാം.

ഒരു നൂറ്റാണ്ടിലേറെയായി, റോഡുകളും പാലങ്ങളും മുതൽ ഐടി പാർക്കുകളും ദേശീയപാതകളും വരെ എണ്ണമറ്റ അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയാക്കി, യുഎൽസിസിഎസ് കേരളത്തിന്റെ വികസന ചരിത്രത്തിൽ മുൻനിരയിൽ തിളങ്ങുന്ന ഒരു സഹകരണ സ്ഥാപനമാണ്. സാമൂഹ്യ പരിഷ്കർത്താവായ വാഗ്ഭടാനന്ദ ഗുരുദേവൻ പകർന്നുനൽകിയ സാമൂഹ്യനീതിയുടെയും സ്വാഭിമാനത്തിന്റെയും മൂല്യങ്ങളിൽ ഉറച്ച വിശ്വാസത്തോടെ, കാരക്കാടിലെ ഒരു കൂട്ടം യുവാക്കൾ സ്ഥാപിച്ച ഊരാളുങ്കൽ സൊസൈറ്റി ഇന്ന് ലോകം ആദരിക്കുന്ന മഹാപ്രസ്ഥാനമായി വളർന്ന് കഴിഞ്ഞു. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി, സത്യസന്ധമായ പ്രവർത്തനത്തിലൂടെയും വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കത്തോടെയുമാണ് കേരളത്തിലുടനീളം വിവിധ തരത്തിലുള്ള നിർമ്മിതികൾ സൊസൈറ്റി പൂർത്തീകരിച്ച് കഴിഞ്ഞു. 18000 ലധികം വരുന്ന തൊഴിലാളികളുടെ കഠിനാധ്വാനവും അർപ്പണബോധവുമാണ് ഊരാളുങ്കൽ സൊസൈറ്റിയെ ആഗോളതലത്തിൽ സഹകരണ നിർമ്മാണ സ്ഥാപനങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തിയത്. ഭാരത്മാല പദ്ധതിയുടെ ഭാഗമായി നിർമിച്ച നാഷണൽ ഹൈവേയുടെ ആദ്യ റീച്ച് ആയ തലപ്പാടി–ചെങ്കള ആറുവരിപ്പാത സമയബന്ധിതമായി പൂർത്തിയാക്കി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രവർത്തന മികവിന്റെ ഉദാഹരണമാണ്. കേരളത്തിൽ ഈ പ്രവൃത്തി നടക്കുന്ന 23 സ്ട്രെച്ചുകളിൽ ഏറ്റവുമാദ്യം പൂർത്തിയായ സ്ട്രെച്ചാണിത്. തൊഴിലാളികളുടെ ഐക്യവും കൃത്യനിഷ്ഠയും പ്രൊഫഷണൽ മികവും ഒന്നിച്ചുചേർന്നപ്പോൾ ഒരു സഹകരണ സ്ഥാപനം എത്ര വലിയ നേട്ടങ്ങൾ കൈവരിക്കാമെന്നതിന് ലോകോത്തര മാതൃകയാണ് ഊരാളുങ്കൽ സൊസൈറ്റി. ഇന്റർനാഷണൽ കോഓപ്പറേറ്റീവ് അലയൻസിൽ അംഗത്വമുള്ള ഇന്ത്യയിലെ ഏക പ്രാഥമിക സംഘം എന്നതും ചെറുതല്ലാത്ത ബഹുമതിയാണ്. സൊസൈറ്റിയുടെ ഉപസ്ഥാപനങ്ങളും ദേശീയ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി മികച്ച പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്.ഈ നേട്ടങ്ങൾ വെറും അടിസ്ഥാന സൗകര്യ നിർമ്മിതികൾ മാത്രമല്ല; ആയിരക്കണക്കിന് തൊഴിലാളികൾക്കും യുവാക്കൾക്കും തൊഴിലും ആത്മവിശ്വാസവും നൽകുന്ന ഒരു വലിയ സാമൂഹിക മുന്നേറ്റവുമാണ്. മൂലധന കേന്ദ്രീകരണത്തിനും വലിയ തോതിലുള്ള അസമത്വത്തിനും ചൂഷണത്തിനും വഴി വെക്കുന്ന ഇന്നത്തെ കോർപ്പറേറ്റ് വികസന രീതിക്കുള്ള മികച്ച ജനപക്ഷ ബദലാണ് ഊരാളുങ്കൽ സൊസൈറ്റി ലോകത്തിന് മുന്നിൽ കാഴ്ച വെക്കുന്നത്. ഈ മാതൃകയെ തകർക്കാൻ K C കാണുന്ന കുറുക്കു വഴിയാണ്, സഹകരണ പ്രസ്ഥാനങ്ങൾക്കുള്ള സവിശേഷ പരിഗണനകളെ ആക്രമിക്കുക എന്നത്.


K C ഉന്നയിക്കുന്ന പ്രധാന ആരോപണം അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ടതാണ്. പലപ്പോഴും ടെൻഡറുകൾ ഇല്ലാതെ ഊരാളുങ്കൽ സൊസൈറ്റിക്ക് പ്രവർത്തി നൽകി എന്നാണ് അദ്ദേഹം പറയുന്നത് . K C മനസ്സിലാക്കേണ്ട കാര്യം 2015 ൽ ബഹുമാന്യനായ ഉമ്മൻ ചാണ്ടി മുഖ്യ മന്ത്രിയായിരിക്കുമ്പോഴാണ് നിർമ്മാണങ്ങളിലെ കാലതാമസം ഒഴിവാക്കാൻ നിശ്ചിത തുക വരെയുള്ള കരാറുകൾ ടെൻഡറുകൾ കൂടാതെ നൽകാനായി സർക്കാർ സർക്കാരിതര സഹകരണ സ്ഥാപനങ്ങളെ അക്രഡിറ്റ് ചെയ്ത് കൊണ്ടുള്ള നിയമം പാസ്സാക്കിയത്. പിന്നീട് വന്ന വിവിധ സർക്കാരുകൾ കൂടുതൽ സ്ഥാപനങ്ങളെ ചേർത്ത് ആ പട്ടിക വിപുലപ്പെടുത്തി മുന്നോട്ട് പോകാൻ തയാറായിട്ടുണ്ട്. ഇങ്ങനെ കരാറുകാർ നൽകുന്നത് ചോദ്യം ചെയ്ത് സ്വകാര്യ കമ്പനികൾ ബഹുമാനപ്പെട്ട സുപ്രീം കോടതിയിലടക്കം കേസ് ഫയൽ ചെയ്‌തെങ്കിലും ഈ അക്രഡിറ്റേഷൻ നടപടികളെ സുപ്രീം കോടതി ശെരി വെക്കുകയാണ് ചെയ്തത്. രണ്ട് വർഷത്തിലൊരിക്കൽ ആ ഉത്തരവ് പുതുക്കിയിറക്കും.അപ്പോഴെല്ലാം അത് കേരളത്തിലെ ചില മാധ്യമങ്ങൾക്കുള്ള വാർത്തയും അതിന്റെ ഭാഗമായുള്ള ചർച്ചയും നടക്കാറുണ്ട്. ആ ഉത്തരവ് പ്രകാരം ഊരാളുങ്കൽ സൊസൈറ്റിക്ക് ഓരോ തവണ കരാർ പുതുക്കി കൊടുക്കുമ്പോഴും വാർത്തകൾ കാണാറുണ്ട്. രാജ്യത്തെ അതി സമ്പന്ന വ്യവസായികളുടെ നിർമ്മാണ കമ്പനികളുണ്ട്. അത്തരത്തിലുള്ള നിർമ്മാണ കമ്പനികളോട് വരെ മത്സരിക്കാനും കരാറെടുക്കാനും കഴിയുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് ഇന്ന് ഊരാളുങ്കൽ സൊസൈറ്റി. ഊരാളുങ്കൽ സൊസൈറ്റി തൊഴിലാളികൾക്ക് നൽകുന്ന ഉയർന്ന വേതനവും ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും സാമൂഹ്യ സേവനവും പരിശോധിച്ചാൽ സ്വകാര്യ കരാർ മേഖലയേക്കാൾ ഉയർന്ന ആനുകൂല്യങ്ങളും സേവനങ്ങളുമാണ് തൊഴിലാളികൾക്ക് നൽകുന്നത്. കോൺഗ്രസ്സ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ കോഴിക്കോട് ഹൈവേ പ്രവർത്തനത്തിലടക്കം പറഞ്ഞ സമയത്തിന് മുൻപ് പണി തീർത്തതിന് ഊരാളുങ്കൽ സൊസൈറ്റിയെ അഭിനന്ദിക്കുയും തുടർന്ന് നിരവധി പ്രവർത്തികൾ നൽകുകയും ചെയ്തിട്ടുണ്ട് എന്നത് ചരിത്രമല്ല കേരളത്തിൽ ജീവിക്കുന്ന സാക്ഷ്യങ്ങളാണ്.


അത് കൊണ്ട് K C വേണുഗോപാൽ കേവലമൊരു രാഷ്ട്രീയ ലക്ഷ്യം വെച്ച് കർണാടകയിലെയും തെലുങ്കാനയിലെയും കമ്മീഷൻ അനുഭവം മുൻനിർത്തി കേരളത്തിലെ മഹത്തായ ഒരു സഹകരണ സ്ഥാപനത്തെ അളക്കാൻ വരരുത്. ഇത്തരം ആരോണപങ്ങളിലൂടെ വേണുഗോപാൽ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നത് വ്യവസ്ഥാപിതമായ അഴിമതിയുടെ കമ്മിഷൻ സംസ്കാരമാണ്, തകർക്കാൻ ശ്രമിക്കുന്നത് സഹകരണ പ്രസ്ഥാനങ്ങളെയാണ്, നമുക്ക് നഷ്ടപ്പെടുന്നത് ഗുണമേന്മയുള്ള റോഡുകളും, പാലങ്ങളുമാണ്. എങ്ങാനും അധികാരത്തിൽ വന്നാൽ കർണ്ണാടക മോഡൽ അടിസ്ഥാന സൗകര്യ അഴിമതിക്കുള്ള പാലമാണ് K C വേണുഗോപാൽ വെട്ടിതുറക്കാൻ ശ്രമിക്കുന്നത്. കേരത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയും. ഊരാളുങ്കലിന്റെ നിർമ്മാണ വൈദഗ്ദ്യം തൊട്ടറിഞ മലയാളികൾ ഇതിന് മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home