ad
Deshabhimani

ഡൽഹിയിലെ അവിശുദ്ധ കൂട്ടുകെട്ട്; ചെന്നിത്തലയെ വെട്ടി സതീശൻ ഒറ്റയ്ക്ക് അമിത് ഷായുടെ അരികിലേക്ക്; അരങ്ങേറിയത് അവിശുദ്ധ നാടകം

Ramesh Chennithala V D Satheesan

രമേശ് ചെന്നിത്തല, വി ഡി സതീശൻ

വെബ് ഡെസ്ക്

Published on May 28, 2026, 03:15 PM | 2 min read

തിരുവനന്തപുരം: കേരളത്തിൽ പ്രതിപക്ഷ നേതാവിന്റെയും മുൻമന്ത്രിയുടെയും വീടുകളിൽ കേന്ദ്ര ഏജൻസികൾ അകാരണമായി അഴിഞ്ഞാടുമ്പോൾ, തലസ്ഥാനത്ത് ബിജെപി നേതൃത്വവുമായി രഹസ്യ ധാരണയുറപ്പിക്കാനായിരുന്നുവോ മുഖ്യമന്ത്രി വി ഡി സതീശന്റെ ദില്ലി യാത്ര എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയകളിൽ ഉയരുന്നത്. മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എംഎൽഎ എന്നിവരുടെ വീടുകളിൽ ഇഡി രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ റെയ്ഡ് നടത്തുന്ന സമയത്ത് മുഖ്യമന്ത്രി വി ഡി സതീശൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.


കേരളത്തിന്റെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പൂർണമായും വെട്ടിമാറ്റിയാണ് സതീശൻ അമിത് ഷായുടെ അടുക്കലേക്ക് പോയത്. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമ്പോൾ, സംസ്ഥാനത്തെ ക്രമസമാധാന നിലയും ആഭ്യന്തര സുരക്ഷയും ചർച്ചയാകുന്ന വേളയിൽ സ്വാഭാവികമായും ഒപ്പമുണ്ടാകേണ്ടത് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയാണ്. എന്നാൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ദില്ലിക്ക് വിമാനമേറ്റാതെ, പൂർണ്ണമായും ഇരുട്ടിൽ നിർത്തിയാണ് സതീശന്റെ ഈ ഒളിച്ചുകളി.


പ്രധാനമന്ത്രിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച പോലെയല്ല, രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കുന്ന അമിത് ഷായെ കാണാൻ പോകുമ്പോൾ ചെന്നിത്തലയെ ഒപ്പം കൂട്ടിയാൽ തങ്ങളുടെ 'ഡീൽ' പുറത്താകുമെന്ന ഭയമാണ് സതീശനെ നയിച്ചതെന്നാണ് സോഷ്യൽമീഡിയകളിലെ ചർച്ച. ഇത് കോൺഗ്രസിനകത്തെ കടുത്ത ആഭ്യന്തര കലഹവും ബിജെപിയുമായുള്ള രഹസ്യ അവിശുദ്ധ കൂട്ടുകെട്ടും വെളിച്ചത്തു കൊണ്ടുവരുന്നു.


കേരളത്തിലെ ഇടതുപക്ഷ ജനപ്രതിനിധികളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ അമിത് ഷായുടെ മന്ത്രാലയം കയറൂരി വിടുമ്പോൾ, അതിനെതിരെ ഒരക്ഷരം മിണ്ടാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അമിത് ഷായെ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ പോലും ധൈര്യമില്ലാതെ, ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി വി ഡി സതീശൻ ദില്ലി വിടുകയായിരുന്നു. മാധ്യമപ്രവർത്തകർ രണ്ടുതവണ പ്രതികരണത്തിനായി സമീപിച്ചെങ്കിലും മുഖം നൽകാതെ തടിതപ്പിയ മുഖ്യമന്ത്രിയുടെ നടപടി ദുരൂഹത വർധിപ്പിക്കുന്നു.


കോൺഗ്രസ്-ബിജെപി ഭായ്-ഭായ് സഖ്യത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ കൂടിക്കാഴ്ചയെന്ന് വ്യക്തം. സ്വന്തം മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയെപ്പോലും വിശ്വസിക്കാതെ, പാതിരാത്രിയിൽ അമിത് ഷായുടെ തിണ്ണ നിരങ്ങുന്ന മുഖ്യമന്ത്രി വി ഡി സതീശൻ കേരളത്തിലെ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നതിൽ സംശയമില്ല.











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home