ad
Deshabhimani

'പറയുന്നത് അത്രയും പച്ചക്കള്ളം, ഫോണിലൂടെ അസഭ്യവും ഭീഷണിയും' ശോഭാ സുരേന്ദ്രനെതിരെ ബിജെപി നേതാവ്

sobha

ബിജെപി നേതാവ് ബിന്ദു വിനയകുമാർ (ഇടത്) ശോഭാ സുരേന്ദ്രന്‍ (വലത്)

വെബ് ഡെസ്ക്

Published on Apr 11, 2026, 05:03 PM | 2 min read

തിരുവനന്തപുരം: ബിജെപി നേതാവും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രനെതിരെ ​ഗുരുതര വെളിപ്പെടുത്തലുകളുമായി ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാർ. നിശ്ശബ്ദ പ്രചാരണ ദിനമായ എട്ടാം തീയതി കണ്ണാടി തരുവക്കുറിശിയിൽ എൻഡിഎ സ്ഥാനാർഥിക്കായി വോട്ടർക്ക് 5,000 രൂപ നൽകിയെന്ന പരാതിക്ക് പിന്നാലെ വീഡിയോ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ശോഭ സുരേന്ദ്രൻ ബിന്ദുവിനെതിരെ രം​ഗത്ത് വന്നിരുന്നു.


പാലക്കാട് പണം കൊടുത്തയച്ചത് ബിന്ദുവാണെന്നായിരുന്നു ശോഭയുടെ ആരോപണം. തനിക്ക് പങ്കുണ്ടെന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്നും വെറുതെ ആരോപിക്കാതെ തെളിയിക്കണമെന്നും ബിന്ദു ആവശ്യപ്പെടുന്നു. പാലക്കാട്ടെ പണമിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തെരഞ്ഞെടുപ്പ് കലാശക്കൊട്ട് സമയത്ത് താൻ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനൊപ്പമായിരുന്നുവെന്നും ബിന്ദു വ്യക്തമാക്കി. കൂടാതെ, ശോഭാ സുരേന്ദ്രൻ ഫോണിലൂടെ അസഭ്യം പറയുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ബിന്ദു ആരോപിച്ചു.


ഇതുസംബന്ധിച്ച ഫോൺ റെക്കോർഡ് ബിന്ദു പുറത്തുവിടുകയും ചെയ്തു. നിങ്ങൾ ബിജെപി പ്രവർത്തക അല്ലേ എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. പാലക്കാട്ടെ വോട്ടർക്ക് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദു ആണെന്ന് ആരോപിക്കുന്ന ശോഭ, അടിച്ച് പണിക്കുറ്റം തീർക്കുമെന്നാണ് ഫോൺ സന്ദേശത്തിൽ പറയുന്നത്. വോട്ടർക്ക് പണം നൽകിയ സ്ത്രീ വന്നത് ആലപ്പുഴ റജിസ്ട്രേഷനിലുള്ള കാറിലാണെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്ഥാന അധ്യക്ഷന് പരാതി നൽകുമെന്നും ശോഭ പറയുന്നുണ്ട്.


കഴിഞ്ഞ ദിവസമാണ് തനിക്ക് ശോഭയുടെ കോൾ വന്നതെന്നും ഫോണിലൂടെ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചതായും തന്നെയും ഭർത്താവിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ബിന്ദു വെളിപ്പെടുത്തി. പാലക്കാട് പണവുമായി എത്തിയെന്ന് പറയുന്ന സിന്ധു എന്ന പെൺകുട്ടി ഒരു സാധാരണ വീട്ടമ്മയല്ല. ഇവരാണ് പാലക്കാട്ട് പ്രചാരണത്തിനെത്തിയ രമേഷ് പിഷാരടിയെ തടഞ്ഞത്. ഇവർ ശബരിമല സമരകാലം മുതൽ ശോഭാ സുരേന്ദ്രന്റെ സന്തതസഹചാരിയും പിഎ ആയി കൂടെയുള്ള ആളുമാണെന്നും ബിന്ദു പറയുന്നു.


പാർട്ടിയിൽ തനിക്കെതിരെ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ശോഭാ സുരേന്ദ്രൻ ശ്രമിക്കുന്നതെന്ന് ബിന്ദു ആരോപിക്കുന്നു. ആലപ്പുഴ ജില്ലയിൽ ശോഭ സ്വന്തം പക്ഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഇതിന്റെ ഭാഗമായി പാർട്ടിയുടെ നെടുംതൂണുകളായ വനിതാ പ്രവർത്തകരെയും യുവമോർച്ചാ നേതാക്കളെയും തഴയുകയാണെന്നും അവർ പറഞ്ഞു. ജില്ലാ പ്രസിഡന്റിനെ അറിയിക്കാതെ ശോഭാ സുരേന്ദ്രൻ ജില്ലയിൽ പണപ്പിരിവ് നടത്തുന്നതിനെതിരെ നേരത്തെതന്നെ പരാതികൾ ഉയർന്നിരുന്നു.


ശോഭയുടെ ഈ നിലപാടുകൾക്കെതിരെ താൻ രാജീവ് ചന്ദ്രശേഖറിനും കേന്ദ്ര നേതാവ് നിതിൻ ഗഡ്കരിക്കും പരാതി നൽകിയിട്ടുണ്ടെന്നും ബിന്ദു കൂട്ടിച്ചേർത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തുച്ഛമായ വരുമാനം കാണിച്ചിരുന്ന ശോഭയ്ക്ക് ഇപ്പോൾ രണ്ട് കോടിക്കടുത്ത് ആസ്തി എങ്ങനെ വന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ശോഭാ സുരേന്ദ്രനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ബിന്ദു വിനയകുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്ന് ചൂണ്ടിക്കാണിച്ചാണ് ബിജെപി പാർട്ടി അം​ഗത്വത്തിൽ നിന്ന് ബിന്ദുവിനെ സസ്പെൻഡ് ചെയ്തത്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home