സംസ്ഥാനത്ത് പാമ്പുകടി കേസുകൾ വർധിക്കുന്നു; പ്രത്യേക കർമ്മപദ്ധതിയുമായി ആരോഗ്യവകുപ്പ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് ഒൻപത് പേർക്കാണ് പാമ്പുകടിയേറ്റത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്; മൂന്ന് പേർ ഇവിടെ ചികിത്സ തേടി.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, കണ്ണൂർ ജില്ലകളിലും ഇന്നലെ പാമ്പുകടി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 108 ആംബുലൻസ് സർവീസ് വഴി ലഭ്യമായ കണക്കുകൾ പ്രകാരം 15 പേർ പാമ്പുകടിയേറ്റെന്ന സംശയത്തിൽ ഇന്നലെ നിരീക്ഷണത്തിലായി.
തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇത്തരത്തിൽ മൂന്ന് വീതം കേസുകൾ റിപ്പോർട്ട് ചെയ്തു. ആന്റിവെനം സ്വീകരിച്ചവരുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് നിലവിലെ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. മരണസംഖ്യ വർധിക്കുന്നത് കണക്കിലെടുത്ത് ആരോഗ്യവകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകി.
നിലവിൽ 151 സർക്കാർ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളിലും ആന്റിവെനം ലഭ്യമാണ്. പാമ്പുകടി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഹോട്ട്‌സ്‌പോട്ട് മാപ്പിങ് നടത്തും. പിഎച്ച്സി/സിഎച്ച്സികളിലും ആന്റിവെനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
ഹമ്പ് നോസ് പിറ്റ് വൈപ്പർ, മലബാർ പിറ്റ് വൈപ്പർ തുടങ്ങിയ വിഷപ്പാമ്പുകളുടെ കടിയേറ്റാൽ പാലിക്കേണ്ട പ്രത്യേക ചികിത്സാ പ്രോട്ടോക്കോൾ ഉടൻ നടപ്പിലാക്കും. മഴക്കാലത്തിന് മുന്നോടിയായി പാമ്പുകളുടെ ശല്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും രാത്രികാലങ്ങളിൽ ടോർച്ച് ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.










0 comments