Deshabhimani

print edition ആറാം കാബിനറ്റ്‌ പദവി: വെട്ടിലായി ലീഗ്‌

Congress Muslim League Flags
avatar
റഷീദ്‌ ആനപ്പുറം

Published on Oct 03, 2026, 01:31 AM | 1 min read

തിരുവനന്തപുരം : യുഡിഎഫിലെ പുതിയ പോരിൽ പ്രതിരോധത്തിലായി മുസ്ലിംലീഗ്‌. ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ നിയമനവുമായി ബന്ധപ്പെട്ട ചർച്ച ലീഗിന്‌ ആറാം കാബിനറ്റ്‌ പദവിയെന്ന പ്രചാരണം ശക്തിപ്പെടാൻ ഇടയാക്കുമെന്നാണ്‌ ലീഗിന്റെ ഭയം. മുന്പ്‌, അഞ്ചാം മന്ത്രിസ്ഥാനത്തിനായി വാശി പിടിച്ചപ്പോൾ ഉണ്ടായതിന്‌ സമാനമാണ്‌ സ്ഥിതി. യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശിന്റെ വിമർശം ഇ‍ൗ പ്രചാരണത്തിന്‌ എരിവ്‌ പകരുന്നതാണ്‌. ഇതോടെ വെട്ടിലായിരിക്കുകയാണ്‌ ലീഗ്‌.


ഉമ്മൻചാണ്ടി സർക്കാരിന്റെ (2011–2016) കാലത്താണ്‌ ലീഗ്‌ അഞ്ചാം മന്ത്രിസ്ഥാനം ആവശ്യപ്പെട്ടത്‌. എൽഡിഎഫിൽനിന്ന്‌ കാലുമാറിയ മഞ്ഞളാംകുഴി അലിക്കുവേണ്ടിയായിരുന്നു അത്‌. അന്ന്‌ യുഡിഎഫിലും കോൺഗ്രസിലും വലിയ എതിർപ്പുയർന്നു. വി ഡി സതീശൻ പരസ്യമായി ലീഗിനെ വിമർശിച്ചു. സാമുദായിക സമവാക്യം തകിടം മറിയുമെന്നായിരുന്നു സതീശന്റെ വാദം. ഉമ്മൻചാണ്ടിയുൾപ്പെടെ ഒരുവിഭാഗം നേതാക്കൾ മന്ത്രിസ്ഥാനം നൽകാൻ തയ്യാറായി. സമാന സാഹചര്യമാണ്‌ കാബിനറ്റ്‌ റാങ്കോടെ ഭരണപരിഷ്‌കാര കമീഷൻ ചെയർമാനായി ഡോ. എം കെ മുനീറിനെ നിയമിക്കുന്പോഴും ഉള്ളതെന്നാണ്‌ ഉയരുന്ന വിമർശം.


സതീശനും ലീഗും തമ്മിലുള്ള ചങ്ങാത്തം കോൺഗ്രസിൽ ചർച്ചയാണ്‌. മുഖ്യമന്ത്രി സ്ഥാനത്തിനുള്ള കലഹത്തിൽ സതീശനായി ഉറച്ചുനിന്നത്‌ ലീഗാണ്‌. ആർഎസ്‌എസ്‌ ഡീലിന്‌ ലീഗ്‌ പിന്തുണയും നൽകുന്നു. പിഎം ശ്രീ, വഖഫ്‌ ബോർഡ്‌ ഭേദഗതി നിയമം, പിഎംഎവൈ പദ്ധതിയുടെ ഭാഗമായി വീടുകളിൽ മോദിയുടെ ചിത്രം പതിക്കൽ തുടങ്ങിയ ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാൻ മുന്നിലുള്ളതും ലീഗ്‌ മന്ത്രിമാരാണ്‌.

കഴിഞ്ഞദിവസം മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന്‌ ഇറക്കിവിട്ടിട്ടും മുഖ്യമന്ത്രിയോ ലീഗ്‌ നേതൃത്വമോ പ്രതികരിച്ചിട്ടില്ല. സതീശനിലൂടെ ലീഗ്‌ ആർഎസ്‌എസിലേക്ക്‌ പാലമിട്ടിട്ടുണ്ട്‌. ഇതു മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് യുഡിഎഫ്‌ കൺവീനർ വിഷയം ചർച്ചയാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home