print edition എസ്ഐആറിൽ വീഴ്ച; വോട്ടർമാർക്ക്‌ ആശങ്ക

sir voter
വെബ് ഡെസ്ക്

Published on Nov 10, 2025, 02:04 AM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവികാരവും സവിശേഷ സാഹചര്യങ്ങളും കണക്കിലെടുക്കാതെ തിടുക്കപ്പെട്ട് വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) നടത്തുന്നത്‌ സംസ്ഥാനത്തുടനീളം വലിയ ആശങ്കകൾക്ക്‌ തിരികൊളുത്തുന്നു. ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വീടുകൾ സന്ദർശിക്കുമ്പോൾ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുന്നതും സാങ്കേതിക ബുദ്ധിമുട്ടുകളുമാണ്‌ വോട്ടർമാരെ പ്രതിസന്ധിയിലാക്കുന്നത്‌.


2002ലെ വോട്ടർപട്ടികയാണ്‌ എസ്‌ഐആർ പരിശോധനയ്‌ക്ക്‌ ആധാരം. 2002-ലെ പട്ടികയിൽ ആരുടെയൊക്കെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ ബിഎൽഒമാർ വീടുകയറുമ്പോൾ പ്രത്യേകം അറിയിക്കണം. മിക്ക പ്രദേശങ്ങളിലും ഈ നിർദേശം പാലിക്കപ്പെടുന്നില്ലെന്നാണ് പരാതി. പലയിടത്തും ‘എസ്ഐആർ ഫോം ഇത്രപേർക്ക് ഉണ്ട്, രണ്ടുദിവസത്തിനകം പൂരിപ്പിക്കണം’ എന്നുമാത്രം അറിയിച്ച് ബിഎൽഒ മടങ്ങുകയാണ്‌. എന്തിനാണ്ഫോം, നടപടിക്രമങ്ങൾ എങ്ങനെയാണ്‌, ആരൊക്കെ ഏതൊക്കെ വിവരങ്ങൾ നൽകണം, എവിടെയാണ് പേര് തിരയേണ്ടത്, വിദേശത്തോ മറ്റ്‌ സംസ്ഥാനത്തോ ജോലി ചെയ്യുന്നവർ എങ്ങനെ ഫോം സമർപ്പിക്കും തുടങ്ങി അടിസ്ഥാന വിവരങ്ങളിൽ വോട്ടർമാർക്ക് വ്യക്തമായ മാർഗനിർദേശം ലഭിക്കുന്നില്ല.


സ്ഥലത്തില്ലാത്തവരുടെ ഫോമുകൾ ബന്ധുക്കൾ പൂരിപ്പിച്ചുനൽകണം എന്നകാര്യംപോലും വീടുകയറുമ്പോൾ പറയാതെ, ജനങ്ങളിൽ പരിഭ്രാന്തി പരത്തുകയാണ്‌ ചിലർ. ബിഎൽഒമാർ വീടുകളിൽ എത്തുന്നില്ലെന്ന മറ്റൊരു പരാതിയും ഉയരുന്നുണ്ട്‌. പൊതുവായ ഒരു സ്ഥലത്ത്‌ വോട്ടർമാരെ വിളിച്ചുചേർത്ത്‌ ഫോം കൊടുത്തുവിടുന്ന രീതിയാണ്‌ ചിലർ സ്വീകരിക്കുന്നത്‌.


പ്രായോഗിക പ്രശ്നമുണ്ടാകുമെന്ന്‌ മുമ്പേ പറഞ്ഞു


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ്‌ നടപടികൾക്കിടെ വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന നടത്തുന്നതിൽ പ്രായോഗിക പ്രശ്നമുണ്ടാകുമെന്ന്‌ ബിജെപി ഒഴികെയുള്ള ഏഴ്‌ അംഗീകൃത പാർടികൾ മുമ്പേ പറഞ്ഞിരുന്നു. ബിഎൽഒയ്‌ക്കൊപ്പം വീടുകയറാൻ ബൂത്ത്‌ ഏജന്റുമാർക്ക്‌ സാധിക്കില്ലെന്നും അവർ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായോ സജീവ പ്രവർത്തകരായോ പൂർണസമയം പ്രവർത്തിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറെ അറിയിച്ചിരുന്നതാണ്‌.


ഇ‍ൗ അഭിപ്രായം ആദ്യഘട്ടത്തിൽ പരിഗണിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ കത്തയച്ചെങ്കിലും എസ്‌ഐആറുമായി മുമ്പോട്ടുപോകാനാണ് തീരുമാനിച്ചത്‌. പിന്നീട്‌ രണ്ട്‌ യോഗത്തിലും എസ്‌ഐആർ മാറ്റിവയ്‌ക്കുന്നത്‌ ചർച്ചചെയ്‌തിട്ട്‌ കാര്യമില്ലെന്ന നിലപാടിലായിരുന്നു സിഇഒ. കേരളത്തിലെ ജനസംഖ്യാ സവിശേഷതകളും തദ്ദേശ തെരഞ്ഞെടുപ്പും പരിഗണിച്ച് എസ്‌ഐആറിൽ ആവശ്യമായ മാറ്റം വരുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടണമെന്നാണ്‌ സംസ്ഥാനത്തിന്റെ പൊതുനിലപാട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home