print edition അമ്പേ പാളി എസ്‌ഐആർ ; ഗുരുതര പിഴവുകളുമായി കരടുപട്ടിക


വൈഷ്‌ണവ് ബാബു
Published on Dec 24, 2025, 02:20 AM | 1 min read
തിരുവനന്തപുരം
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽനിന്ന് 24,08,503 പേർ പുറത്ത്. എസ്‌ഐആർ നടപടി ആരംഭിക്കുംമുമ്പ് ഒക്‌ടോബറിൽ 2,78,50,855 വോട്ടർമാരാണുണ്ടായിരുന്നത്. ചൊവ്വാഴ്‌ച പുറത്തിറങ്ങിയ കരട് പട്ടികയിലുള്ളത് 2,54,42,352 പേർ മാത്രം. 1,23,83,341 പുരുഷന്മാരും 1,30,58,731 സ്‌ത്രീകളും 280 ട്രാൻസ്‌ജെൻഡർമാരും ഇതിലുൾപ്പെടുന്നു.
5,030 പുതിയ ബൂത്ത് ഉൾപ്പെടെ ആകെ 30,498 ബൂത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക. കരട് പട്ടികയിൽ ഉൾപ്പെട്ടവരിൽത്തന്നെ 19.32 ലക്ഷത്തോളം പേർ വോട്ടവകാശം ഉറപ്പാക്കാൻ രേഖകളുമായി വീണ്ടും ഹിയറിങ്ങിന് ഹാജരാകേണ്ടിവരും. പുറത്തായവർ വോട്ടവകാശം പുനഃസ്ഥാപിക്കാൻ പുതിയ വോട്ടർമാരെപ്പോലെ ഫോം ആറിൽ അപേക്ഷിക്കണം.
ഒഴിവാക്കപ്പെട്ട 24 ലക്ഷത്തിൽ അർഹരായവരുമുണ്ടെന്ന് സിപിഐ എം ഉൾപ്പെടെയുള്ള പാർടികൾ രേഖാമൂലം പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. 2024ലെ പട്ടിക സംബന്ധിച്ച അവകാശവാദവും എതിർപ്പും ജനുവരി 22 വരെ അറിയിക്കാം. ഫെബ്രുവരി 14 വരെയാണ് നോട്ടീസ് ഘട്ടം. പരാതി പരിഹരിച്ച് ഫെബ്രുവരി 21-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

'കണ്ടെത്താനാകാത്തവർ' ചെയ്യേണ്ടത്
‘കണ്ടെത്താനാകാത്തവരായി’ കരടിന് പുറത്തുള്ള 24 ലക്ഷം പേർക്ക് എസ്ഐആറിന്റെ ഭാഗമാകണമെങ്കിൽ പുതുതായി പട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷ ഫോം ആറിൽ നൽകുന്നതിനൊപ്പം ഡിക്ലറേഷൻ ഫോമും നൽകണം. നിലവിലെ എന്യൂമറേഷൻ ഫോം മാതൃകയിലാണ് ഡിക്ലറേഷൻ ഫോം. ഇവർക്ക് ഹിയറിങ് ഉണ്ടാകില്ല. ഇതിനുപുറമേ പുതുതായി വോട്ടുകൂട്ടിച്ചേർക്കുന്നവർക്കും ഇതേ മാതൃകയിൽ അപേക്ഷിക്കാം. എല്ലാ ഫോമുകളും ഓൺലൈനിലും ബിഎൽഒമാരുടെ കൈയിലും ലഭ്യമാണ്.










0 comments