താളപ്പിഴകൾ അക്കമിട്ടുനിരത്തി കേന്ദ്ര കമീഷന് കത്തയച്ചു
print edition വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന ; കൂട്ടവെട്ട് ബിജെപി രണ്ടാമതായ മണ്ഡലങ്ങളിൽ

തിരുവനന്തപുരം
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ റെക്കോർഡ് പുറത്താക്കൽ നടന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാംസ്ഥാനത്തെത്തിയ മണ്ഡലങ്ങളിൽ. കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ട മണ്ഡലങ്ങളിൽ അഞ്ചിൽ മൂന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാമതെത്തിയവയാണ്.
വട്ടിയൂർക്കാവിൽ 49,740, കഴക്കൂട്ടത്ത് 39,519, നേമത്ത് 45,618 എന്നിങ്ങനെയാണ് ഒഴിവാക്കപ്പെടുന്നവരുടെ കണക്ക്. പാലക്കാട്ട് 29,339 പേരെയും പുറത്താക്കി. കണ്ടെത്താൻ സാധിക്കാത്തവർ, താമസം മാറിയവർ, മരിച്ചവർ തുടങ്ങിയ വിഭാഗങ്ങളാക്കിയാണ് ഇത്രയുംപേരെ പട്ടികയ്ക്ക് പുറത്തുനിർത്തിയത്.
എസ്‌ഐആർ നടപടികൾ സുതാര്യമായി നടപ്പാക്കുന്നില്ലെന്ന് ബിജെപി ഒഴികെയുള്ള പാർടികൾ പരാതിപ്പെട്ടിരുന്നു. ഇരട്ടിപ്പുകൾ നീക്കുന്നതിനുപുറമെ വോട്ടുചെയ്യാൻ യോഗ്യതയുള്ളവരെ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്. സർവീസ് സംഘടനയുടെ ജീവനക്കാരെ ബിജെപി ഉന്നത നേതാക്കൾ സ്വാധീനിച്ച് എസ്ഐആർ ഫോം നൽകുന്നതിൽനിന്ന് പിന്തിരിപ്പിച്ചതായും പരാതിയുണ്ട്.
സംസ്ഥാനത്ത് കൂടുതൽ പേരെ പുറത്താക്കിയത് തിരുവനന്തപുരം മണ്ഡലത്തിലാണ്– 54,627. കാസർകോട് തൃക്കരിപ്പൂരിലാണ് കുറവ്– 6901. ജില്ലകളിലും തിരുവനന്തപുരത്താണ് കൂടുതൽ പേർ പുറത്താകുന്നത്. നാലുലക്ഷത്തിലേറെ പേരെയാണ് ഒഴിവാക്കിയത്.
എന്യൂമറേഷൻ ഫോം വിതരണം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ഒഴിവാക്കപ്പെട്ടവരുടെ വിവരം കമീഷൻ പുറത്തുവിട്ടത്. കൃത്യമായ വിവരം നേരത്തെ ലഭ്യമാക്കിയിരുന്നെങ്കിൽ കൂടുതൽ പേരെ പട്ടികയിൽ നിലനിർത്താനായേനെ എന്ന് പാർടികൾ ചൂണ്ടിക്കാട്ടി. ജോലിക്കും വിദ്യാഭ്യാസത്തിനുമായി താൽകാലികമായി മാറിനിൽക്കുന്നവരെ സ്ഥിരമായി താമസം മാറിയവരെന്നും ഫോം നിരാകരിച്ചവരെന്നും മുദ്രകുത്തിയാണ് ഒഴിവാക്കിയത്. പട്ടികയിൽനിന്ന് പുറത്തായവർ പുതിയ അപേക്ഷ നൽകി പേര് ചേർക്കേണ്ടിവരും.
ഒരു ബൂത്തിലെ പരമാവധി വോട്ടർമാർ 1200 , ശ്രീവരാഹം ബൂത്തിൽ 704 പേർ പുറത്ത്
തിരുവനന്തപുരം മണ്ഡലത്തിലെ ശ്രീവരാഹം (138) ബൂത്തിൽ 704 വോട്ടർമാർ പുറത്ത്. ഒരു ബൂത്തിൽ മൊത്തം വോട്ടർമാർ സാധാരണയായി 1200ൽ താഴെയായിരിക്കെ അത്യന്തം അസ്വാഭാവികമായ നടപടിയാണ് ഇവിടെയുണ്ടായത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള കൂടുതൽ ബൂത്തുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പാർടികളും ആരോപിക്കുന്നുണ്ട്. എന്നാൽ ഇൗ വിഷയം പരിഗണിച്ച് കൂടുതൽ പരിശോധന നടത്താൻ കമീഷൻ തയ്യാറായിട്ടില്ല.

താളപ്പിഴകൾ അക്കമിട്ടുനിരത്തി കേന്ദ്ര കമീഷന് കത്തയച്ചു
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിലെ താളപ്പിഴകൾ അക്കമിട്ടുനിരത്തി കേന്ദ്ര കമീഷന് കത്തയച്ച് കേരളം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് കേരള സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. സംസ്ഥാനത്ത് ലക്ഷക്കണക്കിന് വോട്ടർമാരാണ് വിവിധ കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടത്.
തിരുവല്ലയിലെ നിലവിലെ എംഎൽഎ മാത്യു ടി തോമസും കുടുംബവും, ഒല്ലൂർ മണ്ഡലത്തിലെ മുൻ എംഎൽഎ രാജാജി മാത്യു തോമസും കുടുംബവും, കേരളത്തിന്റെ മുൻ ഡിജിപി രമൺ ശ്രീവാസ്തവയും കുടുംബവും തുടങ്ങി സ്ഥിരതാമസക്കാരായ നിരവധിപേർക്കാണ് വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുള്ളത്. 2025ലെ സ്പെഷ്യൽ സമ്മറി റിവിഷന് ശേഷം കേരളത്തിൽ 2.78 കോടി വോട്ടർമാരുണ്ട്. എല്ലാവർക്കും ഫോം നൽകിയിട്ടില്ല. വിതരണം ചെയ്യാത്ത ഫോമുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുകയോ പാർടികൾക്ക് നൽകുകയോ ചെയ്തിട്ടില്ല. ഇൗ വിവരങ്ങൾ അടിയന്തരമായി നൽകണം.
2002ൽ 18 വയസ്സിന് താഴെയാണെങ്കിലും പിന്നീട് യോഗ്യരായ വലിയൊരു വിഭാഗം വോട്ടർമാരെ ബന്ധുക്കളുമായി മാപ്പ് ചെയ്യേണ്ടതുണ്ട്. ഈ പ്രക്രിയ പൂർണമായിട്ടില്ല. മാപ്പ് ചെയ്യപ്പെടാത്തവരുടെ വിവരങ്ങൾ ബൂത്ത് അടിസ്ഥാനത്തിലും നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലും പ്രസിദ്ധീകരിക്കണം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്ന, അന്ന് വോട്ടുചെയ്ത നിരവധിപേർ ഒഴിവാക്കപ്പെട്ടു. ശേഖരിക്കാത്ത എന്യൂമറേഷൻ ഫോമുകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ചില ബൂത്തുകളിൽ എണ്ണം അസാധാരണമായി ഉയർന്നു.
കേരളത്തിലെ രാഷ്ട്രീയകക്ഷികളും സുപ്രീം കോടതിയും എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടാൻ കമീഷനോട് അഭ്യർഥിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഫോമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും നീട്ടണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് വ്യാപക ഹിയറിങ്ങിന് സാധ്യത
എസ്ഐആറിൽ സംസ്ഥാനത്ത് വ്യാപകമായ ഹിയറിങ് നടത്തുമെന്ന സൂചന നൽകി ബിഎൽഒമാരുടെ ഡ്യൂട്ടി ജനുവരി 22 വരെ നീട്ടി. കരട് പട്ടിക പ്രസിദ്ധീകരിക്കുംവരെ മാത്രമേ ബിഎൽഒമാർക്ക് ഡ്യൂട്ടിയുണ്ടാകൂയെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസാന സമയംവരെയാണ് ഇപ്പോൾ ഡ്യൂട്ടി തീയതി നീട്ടിയിരിക്കുന്നത്.
പരമാവധി നോട്ടീസുകളില്ലാതെ എസ്ഐആർ പ്രവർത്തനം പൂർത്തിയാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ആവർത്തിച്ചിരുന്നെങ്കിലും സാഹചര്യം മാറുന്നുവെന്നാണ് സൂചനകൾ. ബിഎൽഒമാർ ഹിയറിങ്ങിനായുള്ള നോട്ടീസ് വിതരണം ചെയ്യേണ്ടിവരും. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ നൽകുന്ന നോട്ടീസുകൾ ബിഎൽഒമാർ ശേഖരിച്ച് വോട്ടർമാർക്ക് നൽകേണ്ടിവരും. നോട്ടീസിന്റെ രണ്ടാമത്തെ പകർപ്പിൽ ഒപ്പിട്ട് വാങ്ങി ആപ്പിലൂടെ അപ്‌ലോഡ് ചെയ്യുകയും ഹാർഡ് കോപ്പി രേഖയായി സൂക്ഷിക്കുകയും വേണം. പരാതി പരിഹാരത്തിനായുള്ള ഹിയറിങ്ങിൽ ബിഎൽഒമാരുടെ സാന്നിധ്യമുണ്ടാകണം.
വോട്ടർപ്പട്ടികയിൽ ഇന്നുമുതൽ പേരുചേർക്കാം
എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാനാവാത്തവർക്കും കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്കും ഡിസംബർ 23 മുതൽ ജനുവരി 22 വരെ പുതുതായി പേരുചേർക്കാൻ അവസരം. ഫോം ആറിലും പ്രവാസികൾ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്. ഇതിനൊപ്പം ഡിക്ലറേഷനും നൽകണം. മരണം, താമസംമാറൽ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കാൻ ഫോം ഏഴിലും വിലാസം മാറ്റാനും മറ്റുതിരുത്തലുകൾക്കും ഫോം എട്ടിലും അപേക്ഷിക്കണം. https://voters.eci.gov.in ലിങ്കിലൂടെ ഫോം ലഭിക്കും.
കരടുപട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ ഉത്തരവുവന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അപ്പീൽ നൽകാം. ഇതിലും പരാതിയുണ്ടെങ്കിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ 30 ദിവസത്തിനകം സമീപിക്കണം.










0 comments