ad
Deshabhimani

print edition വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന ; സംസ്ഥാനത്ത്‌ 
22 ലക്ഷംപേർ പുറത്താകും

sir
വെബ് ഡെസ്ക്

Published on Dec 09, 2025, 03:51 AM | 1 min read


തിരുവനന്തപുരം

തെരഞ്ഞെടുപ്പ് കമീഷൻ ധൃതിപിടിച്ച് നടപ്പാക്കുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ കേരളത്തിലും ലക്ഷക്കണക്കിനാളുകൾ പുറത്താകും. സംസ്ഥാനത്ത് 97.74 ശതമാനത്തോളം ഫോം ഡിജിറ്റൈസ് ചെയ്തപ്പോൾ 22 ലക്ഷത്തോളം വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തുപോകുമെന്ന്‌ വ്യക്തമായി. ഇത്രയുംപേരെ കണ്ടെത്താനായില്ലെന്നാണ്‌ ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒമാർ) കമീഷന് റിപ്പോർട്ട് നൽകിയത്‌. ഡിജിറ്റൈസേഷൻ പൂർത്തിയാകുമ്പോൾ എണ്ണം ഇനിയും ഉയർന്നേക്കാം. "മരിച്ചവർ, താമസം മാറിയവർ, ഇരട്ടിപ്പ് വന്നവർ, മറ്റുള്ളവർ’ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ്‌ ബിഎൽഒമാർ റിപ്പോർട്ട്‌ നൽകിയത്‌.


2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട്‌ചെയ്തവരിൽനിന്നാണ്‌ ഇത്രയധികംപേർ പുറത്താകുന്നത്‌. വർഷത്തിൽ മൂന്നുലക്ഷത്തോളമാണ്‌ മരണം രജിസ്റ്റർ ചെയ്യുന്നത്‌. മരിച്ചവരുടെ കണക്ക്‌ മാറ്റിനിർത്തിയാൽ ബാക്കിയുള്ളവർക്ക്‌ എന്താണ്‌ സംഭവിച്ചതെന്ന പരിശോധന നടക്കുന്നില്ല. ഇ‍ൗ വിഭാഗത്തിൽ വോട്ടവകാശത്തിന് അർഹതയുള്ളവർ ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് പാർട്ടികളുടെ ബൂത്ത് ഏജന്റുമാരാണെന്നാണ് കമീഷന്റെ വാദം. എന്നാൽ, ഈ പട്ടിക പരിശോധിക്കാൻ ചേർന്ന സുപ്രധാന യോഗങ്ങൾ സിപിഐ എം ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ പാർട്ടികളെ അറിയിക്കാതെയാണ് കമീഷൻ നടത്തിയതെന്ന് പരാതിയുണ്ട്‌. ജനാധിപത്യ പ്രക്രിയയിൽ രാഷ്ട്രീയ പാർടികൾക്ക് സുതാര്യമായ പങ്കാളിത്തം ഉറപ്പാക്കേണ്ട കമീഷൻ, രഹസ്യമായി നീക്കങ്ങൾ നടത്തുന്നത് ദുരൂഹത വർധിപ്പിക്കുകയാണ്.


ബിഎൽഒമാർ നേരിടുന്ന കടുത്ത സമ്മർദവും അപര്യാപ്തമായ പരിശീലനവുമാണ് ലക്ഷക്കണക്കിനാളുകൾ പട്ടികയിൽനിന്ന് ഒഴിവാകാൻ കാരണമാകുന്നതെന്ന ആക്ഷേപവുമുണ്ട്‌. വോട്ടവകാശത്തിന് അർഹതയുള്ള നിരവധിപേർക്ക്‌ ഫോം ലഭിച്ചിട്ടില്ല. ജോലിയുടെ ഭാഗമായി നഗരങ്ങളിലും ക്വാർട്ടേഴ്സുകളിലും മറ്റും താമസിക്കുന്നവർ, ബന്ധുവീടുകളിലേക്ക് താൽക്കാലികമായി മാറിയവർ തുടങ്ങിയവരെ പരിശോധനയില്ലാതെ ‘കണ്ടെത്താൻ കഴിയാത്തവർ' വിഭാഗത്തിൽപ്പെടുത്തിയെന്ന്‌ പരാതിയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home