കെ റെയിലിനെതിരെ കുത്തിത്തിരിപ്പുണ്ടാക്കാൻ മാധ്യമങ്ങൾ

തിരുവനന്തപുരം
സംസ്ഥാനത്ത് റെയിൽ യാത്രാദുരിതം വർധിച്ചിട്ടും അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈനിനെതിരെ കുത്തിത്തിരിപ്പുണ്ടാക്കാൻ വലതുപക്ഷ മാധ്യമങ്ങൾ. മുഖ്യമന്ത്രി– റെയിൽവേ മന്ത്രി കൂടിക്കാഴ്‌ചയ്‌ക്ക് മുമ്പും ശേഷവും ഇത് പ്രകടമായി. മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേയുടെ സംസ്ഥാനത്തെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ എന്നിവരാണ് ചൊവ്വാഴ്‌ച ഡൽഹിയിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവിനെ കണ്ടത്.
കൂടിക്കാഴ്‌ചയ്‌ക്ക് മുമ്പുതന്നെ കെ റെയിൽ ചർച്ചയാകുമെന്ന് ചിലർ വാർത്ത നൽകി. ചർച്ചയ്‌ക്കുശേഷം, മെട്രോമാൻ ഇ ശ്രീധരൻ കേന്ദ്രസർക്കാരിന് സമർപ്പിച്ച തിരുവനന്തപുരം–കണ്ണൂർ സെമി ഹൈസ്‌പീഡ് പദ്ധതിയാണ് കേന്ദ്രസർക്കാർ പരിഗണിക്കുന്നതെന്നുമായി പ്രചാരണം. ഇതുസംബന്ധിച്ച് കേന്ദ്രം ഇ ശ്രീധരനെ അറിയിച്ചെന്നും ഡൽഹിയിൽ അദ്ദേഹവുമായി മന്ത്രി ചർച്ച നടത്തുമെന്നും തുടർവാർത്തകളും നൽകി. എന്നാൽ സെമി ഹൈസ്‌പീഡ് പദ്ധതി സമർപ്പിച്ചശേഷം കേന്ദ്രസർക്കാരിൽനിന്ന് മറുപടിയുണ്ടായില്ലെന്ന് ഇ ശ്രീധരൻ ‘ദേശാഭിമാനി’യോട് പറഞ്ഞു. കേന്ദ്രമന്ത്രി ചർച്ചയ്‌ക്ക് വിളിച്ചിട്ടില്ലെന്നും വിളിച്ചാൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
സങ്കുചിത രാഷ്‌ട്രീയം വച്ച് വാർത്തകൾ നൽകുന്നതിലെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമം. കേന്ദ്രസർക്കാരിന്റെ സഹകരണമില്ലാത്തതിനാൽ പദ്ധതി താൽക്കാലത്തേക്ക് മാറ്റിവയ്‌ക്കുകയാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.










0 comments