ad
Deshabhimani

മുഖ്യമന്ത്രി പറയുന്നത്‌ വസ്തുതാവിരുദ്ധം

print edition സിൽവർലൈൻ ഡിപിആർ 
സഭയിൽ വച്ചിരുന്നു

K Rail.jpg
വെബ് ഡെസ്ക്

Published on May 21, 2026, 12:17 AM | 1 min read

തിരുവനന്തപുരം : കേരളത്തിന്‌ അതിവേഗ റെയിൽ ഗതാഗതം സാധ്യമാക്കാനുള്ള നിർദിഷ്ട സിൽവർ ലൈൻ പദ്ധതിക്ക്‌ ഡിപിആർ (വിശദ പദ്ധതി രേഖ) പോലുമുണ്ടായില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണം വസ്‌തുതാവിരുദ്ധം. മന്ത്രിസഭ അംഗീകരിച്ച ഡിപിആർ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‌ കൈമാറുകയും വെബ്‌സൈറ്റ്‌ വഴി നിയമസഭയിൽ സമർപ്പിക്കുകയുംചെയ്‌തിട്ടുണ്ട്‌. സർക്കാരിന്റെ കീഴിൽ കെ റെയിൽ കോർപറേഷൻ പ്രവർത്തിക്കെ വസ്‌തുതകൾ അന്വേഷിക്കാതെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്‌താവന അനുചിതമായി.


ആറ് വാല്യങ്ങളിലായി 3776 പേജുള്ളതാണ് സിൽവർ ലൈനിന്റെ ഡിപിആർ. പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട്‌, സ്റ്റേഷനുകളുടെ രൂപരേഖ, ട്രാഫിക് സർവേ, ജിയോ ടെക്‌നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്, ട്രോപ്പോഗ്രാഫിക്‌സ് സർവേ, പൊളിക്കേണ്ട കെട്ടിടങ്ങൾ, നഷ്ടമാകുന്ന സസ്യജാലങ്ങളുടെ വിശദമായ വിവരം എന്നിവയും ഒപ്പമുണ്ട്‌. സംസ്ഥാന സർക്കാരും റെയിൽ മന്ത്രാലയവും ചേർന്ന്‌ രൂപീകരിച്ച കെ റെയിൽ കോർപറേഷനാണ്‌ സിൽവർ ലൈനിന്റെ ചുമതല.


ഫ്രഞ്ച് കൺസൾട്ടൻസി കമ്പനിയായ ‘സിസ്ട്ര' തയ്യാറാക്കിയ ഡിപിആർ 2020 ഏപ്രിൽ 16ന്‌ ഡയറക്ടർ ബോർഡ് അംഗീകരിച്ചു. 2020 ജൂൺ 10ന്‌ മന്ത്രിസഭ അന്തിമാനുമതി നൽകി. 2020 ആഗസ്‌തിൽ അന്തിമ അനുമതിക്കായി കേന്ദ്ര റെയിൽവെ ബോർഡിനും മന്ത്രാലയത്തിനും സമർപ്പിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം 2022 ജനുവരി 15ന്‌ നിയമസഭയുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു. അന്നുതന്നെ ദൃശ്യമാധ്യമങ്ങളിലും അടുത്ത ദിവസം പത്രങ്ങളിലും വാർത്തവന്നതുമാണ്‌.


കേരളത്തിന്റെ റെയിൽ യാത്രാപ്രശ്‌നം പരിഹരിക്കാനുള്ള മാർഗമായാണ്‌ അർധ അതിവേഗ പാത നിർമിക്കാനുള്ള പദ്ധതി എൽഡിഎഫ്‌ സർക്കാർ തയ്യാറാക്കിയത്‌. പദ്ധതിയെ കണ്ണടച്ച്‌ എതിർക്കുകയായിരുന്നു യുഡിഎഫ്‌. പദ്ധതി റദ്ദാക്കുമ്പോൾ കേരളത്തിന്റെ വികസനക്കുതിപ്പിന്‌ തടയിടുകയുമാണ്‌. ഇനിയൊരു പദ്ധതി തയ്യാറാക്കാൻ വീണ്ടും വർഷങ്ങളെടുക്കും. മലയാളികളുടെ യാത്രാപ്രയാസം തീരണമെങ്കിൽ കാലങ്ങൾ കഴിയണം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home