"എന്റെ കൊച്ചുമകൾക്ക് ജീവൻകൊടുത്ത കുഞ്ഞിനെ എങ്ങനെ കാണാതിരിക്കും'

ചന്ദ്രൻ (ഇടത്), ആലിൻ ഷെറിൻ ഏബ്രഹാം (വലത്)
മല്ലപ്പള്ളി (പത്തനംതിട്ട): "എന്റെ കൊച്ചുമകളിലുള്ളത് ആലിനിന്റെ ജീവനല്ലേ...? ആ കുഞ്ഞിനെ എനിക്ക് കാണാതിരിക്കാനാകില്ല'–തങ്ങളുടെ കുഞ്ഞിന് ജീവൻ പകുത്തുനൽകിയ ആലിനിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ ചന്ദ്രൻ പറഞ്ഞു. ആലിനിന്റെ ഇരുവൃക്കകളും സ്വീകരിച്ച തിരുവനന്തപുരം സ്വദേശിനി പത്ത് വയസുകാരി ശ്രേയയുടെ മുത്തച്ഛനാണ് ചന്ദ്രൻ. ആലിനിനെ കാണാൻ ഞായർ പുലർച്ചെതന്നെ ചന്ദ്രൻ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുകയായിരുന്നു.
"എന്നെപോലൊരു മുത്തച്ഛൻ ആലിനിനുമുണ്ട്. മാധ്യമങ്ങളിലൂടെ അദ്ദേഹം സംസാരിച്ചതൊക്കെ കേട്ടു. കാണണമെന്ന് അപ്പോൾതന്നെ ഉറപ്പിച്ചിരുന്നു'- ചന്ദ്രൻ പറഞ്ഞു. ആലിനിന്റെ മുത്തച്ഛൻ റെജി ശാമുവേലിനെ കണ്ട ശേഷമാണ് ചന്ദ്രൻ മടങ്ങിയത്.
മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്നാണ് മല്ലപ്പള്ളി മഞ്ഞത്താനം അരുൺ ഏബ്രഹാം- ഷെറിൻ ദമ്പതികളുടെ പത്തുമാസം പ്രായമുള്ള മകൾ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്തത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലായിരുന്ന ശ്രേയയ്ക്കാണ് കുട്ടിയുടെ രണ്ട് വൃക്കകളും നൽകിയത്. ശസ്‌ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം മെച്ചപ്പെട്ട കുട്ടി നിരീക്ഷണത്തിലാണ്.
വാലുമണ്ണിൽ വീട്ടിലെ പൊതുദർശനത്തിൽ ആലിനിനെ കാണാൻ ആയിരങ്ങളാണ് എത്തിയത്. സംസ്ഥാന സർക്കാരിന്റെ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി തോമസ്, പി സി വിഷ്‌ണുനാഥ്, സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. വൈകിട്ട് 5.15ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.









0 comments