കഴിവ് മാനദണ്ഡമാണോ എന്ന് ഷമ മുഹമ്മദ്; ജംബോ പട്ടികയ്ക്ക് പിന്നാലെ അടിയോടടി

ഷമാ മൂഹമ്മദ് | FB/Shama Mohamed
തിരുവനന്തപുരം: കെപിസിസി പുന:സംഘടനാ പട്ടിക പുറത്തുവന്നതിന് പിന്നാലെ പരസ്യപ്രതിഷേധവുമായി നേതാക്കൾ. വനിതാ നേതാവും ദേശീയ വക്താവുമായ ഷമാ മൂഹമ്മദ് കഴിവ് ഒരു മാനദണ്ഡമാണോ എന്ന് നേതൃത്വത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പുന:സംഘടനാ പട്ടികയിൽ ഷമയെ പരിഗണിച്ചിരുന്നില്ല. ഷമയ്ക്ക് പിന്നാലെ കൂടുതൽ നേതാക്കൾ പരസ്യപ്രതിഷേധവുമായി രംഗത്തെത്താൻ സാധ്യതയുണ്ട്. തന്‍റെ നോമിനിയെ ഒഴിവാക്കിയതില്‍ കെ മുരളീധരനും അതൃപ്തിയുണ്ട്.
ചാണ്ടി ഉമ്മനെ പരിഗണിക്കാത്തതിലും ഒരുവിഭാഗത്തിന് അതൃപ്തിയുണ്ട്. നാഷണൽ ഒൗട്ട്‌റീച്ച് സെല്ലിൽനിന്ന് നീക്കിയതിൽ രൂക്ഷവിമർശനവുമായി ചാണ്ടി ഉമ്മൻ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. അപമാനിക്കുന്ന രീതിയിലാണ് തന്നെ പുറത്താക്കിയതെന്നും അതിനു പിന്നിൽ ആരാണെന്ന് എല്ലാവർക്കുമറിയാമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൂടുതൽ കാര്യങ്ങൾ പറയുമെന്നുമാണ് ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഏറെനാൾ നീണ്ടുനിന്ന തർക്കങ്ങൾക്കും വിലപേശലുകൾക്കുമൊടുവിലാണ് കെപിസിസി ജംബോ കമ്മിറ്റിയുമായി പുന-ഃസംഘടിപ്പിച്ചത്. 58 ജനറൽ സെക്രട്ടറിമാർ, 13 വൈസ് പ്രസിഡന്റുമാർ അടക്കമുള്ള പട്ടികയിൽ തർക്കം കാരണം സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. രാഷ്‌ട്രീയകാര്യസമിതിയിൽ ആറ് പേരെ കൂട്ടിച്ചേർത്തിട്ടുണ്ട്. രാജ്മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, സിപി മുഹമ്മദ്, എ കെ മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ പുതിയതായി ഉൾപ്പെടുത്തിയത്. നിലവിൽ 34 അംഗങ്ങളാണ് സമിതിയിലുള്ളത്.
ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ ജനറൽ സെക്രട്ടറിയാക്കി. വി എ നാരായണൻ ആണ് ട്രഷറർ. എം ലിജുവിനെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി വൈസ് പ്രസിഡന്റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച പലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്റാക്കി.
ടി ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, വി ടി ബൽറാം, വി പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി സുഗതൻ, രമ്യ ഹരിദാസ്, എ എ ഷുക്കൂർ, എം വിൻസന്റ്, റോയ് കെ പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാർ. പുറമെ ഗ്രൂപ്പില്ലെന്ന് പറയുന്നുണ്ടെങ്കിലും ഗ്രൂപ്പ് സമവായത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക.
എന്നാൽ രമേശ് ചെന്നിത്തലയും കെ സുധാകരനും കൊടുത്ത പട്ടിക പൂർണമായും അംഗീകരിച്ചിട്ടില്ല. ഇതിന്റെ പേരിൽ വരുംദിവസങ്ങളിലും പൊട്ടിത്തെറിയുണ്ടായേക്കും. പാലോട് രവിയുടെ നിയമനം സംബന്ധിച്ചും തർക്കങ്ങളുണ്ട്.









0 comments