അർഹമായ വിഹിതം ലഭിക്കാൻ നിരന്തരം ഇടപെടും; യുഡിഎഫ് എംപിമാർ കേരളത്തിനിട്ട് പാരപണിയുന്നു: ജോൺ ബ്രിട്ടാസ്

ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: കേരളത്തിന് അർഹമായ കേന്ദ്രവിഹിതം ലഭിക്കാൻ എംപി എന്ന നിലയിൽ നിരന്തരം സമ്മർദം ചെലുത്തുമെന്ന് ഡോ.ജോൺ ബ്രിട്ടാസ് പറഞ്ഞു. തടഞ്ഞുവെക്കപ്പെട്ട സമഗ്രശിക്ഷ അഭിയാൻ (എസ്എസ്എ) ഫണ്ട് ലഭ്യമാക്കണമെന്നാണ് താൻ രാജ്യസഭയിൽ ആവശ്യപ്പെട്ടത്. കേരളത്തിന്റെ ആവശ്യങ്ങൾക്കായി കേന്ദ്രമന്ത്രിമാരെ കാണും. അത് തന്റെ ചുമതലയാണെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
എല്ലാ പാർലമെന്റ് സമ്മേളനങ്ങൾക്കും മുൻപായി മുഖ്യമന്ത്രി കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കും. തടഞ്ഞുവെക്കപ്പെട്ട ഫണ്ടുകളുടെ കണക്ക് അവതരിപ്പിക്കും. അതനുസരിച്ച് ഇടതുപക്ഷ എംപിമാർ കേരളത്തിനായി ഇടപെടും. പക്ഷേ, ഫണ്ടിനായി പരിശ്രമിക്കാം എന്ന് യോഗത്തിൽ ഉറപ്പുപറയുന്ന യുഡിഎഫ് എംപിമാർ പുറത്തുപോയി കേരളത്തിനിട്ട് പാരപണിയുകയാണ് ചെയ്യുന്നത്.
ഫാസിസ്റ്റ് ഭരണത്തെ എതിർക്കുന്നതിൽ ഒരു കോൺഗ്രസുകാരുടെയും മുസ്ലിംലീഗുകാരുടെയും സർട്ടിഫിക്കറ്റ് തനിക്ക് വേണ്ട. നരേന്ദ്രമോദിയുടെ അനുഗ്രഹം വാങ്ങി തിരിച്ചുപോയ ആളാണ് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ അംബാസിഡർമാർ രാജീവ് ചന്ദ്രശേഖരനും വി മുരളീധരനുമാണെന്ന് പറഞ്ഞവരാണ് ലീഗുകാർ. ചന്ദ്രികയ്ക്കെതിരെയുള്ള ഇഡി കേസ് എങ്ങനെയാണ് ആവിയായിപ്പോയത്? ബിജെപിയുമായി നിരന്തരം സന്ധിചെയ്യുന്നവരാണ് യുഡിഎഫ്. കെ സി വേണുഗോപാൽ തന്റെ രാജ്യസഭാസ്ഥാനം കൊടുത്തത് കോൺഗ്രസിൽനിന്ന് ബിജെപിയിൽ ചേർന്ന വിദ്വാനാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയെക്കുറിച്ചുള്ള ചർച്ച പാർലമെന്റിൽ നടന്നപ്പോൾ പ്രധാനമന്ത്രിക്ക് സ്തുതിപാടിയവരാണ് കോൺഗ്രസുകാർ. ഓരോദിവസവും മോദിസ്തുതി നടത്തുന്നയാളാണ് കോൺഗ്രസിന്റെ പ്രവർത്തകസമിതിയംഗമായ ശശി തരൂർ. ആർഎസ്എസിന്റെ ബി ടീമായി മാറിയ കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾക്ക് മുഖംരക്ഷിക്കാനാണ് തനിക്കെതിരെ സൈബർ അധിക്ഷേപം നടത്തുന്നതെന്നും ബ്രിട്ടാസ് എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.








0 comments