ad
Deshabhimani

ഷാഫി നടത്തിയത് 'സ്നേഹ തള്ളെന്ന്' ഡിസിസി പ്രസിഡന്റ്; നേതൃതർക്കത്തിൽ ഉത്തരമില്ലാതെ കോൺ​ഗ്രസ്

Shafi Parambil.jpg
വെബ് ഡെസ്ക്

Published on Feb 12, 2026, 08:49 AM | 1 min read

കോഴിക്കോട്‌: പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ്‌ ജാഥയിൽ ആദ്യം പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ അരിശംപൂണ്ട്‌ ഷാഫി പറമ്പിൽ എം പി അധ്യക്ഷന്റെ കഴുത്തിനുപിടിച്ചുതള്ളിയ സംഭവത്തിൽ മറുപടിയില്ലാതെ കോൺ​ഗ്രസ് നേതൃത്വം. ജാഥയിൽ ഒരു തർക്കവുമുണ്ടായിട്ടില്ലെന്നും സ്നേഹ തള്ളാണ് നടത്തിയതെന്നുമാണ് ഡിസിസി പ്രസിഡന്റ്‌ പ്രവീൺ കുമാറിന്‍റെ ന്യായം.


'ജാഥയിൽ ഒരു നീരസവും ഉണ്ടായിട്ടില്ല. ഷാഫിയെ പ്രസം​ഗിക്കാൻ വിളിക്കണമെന്ന് പ്രവർത്തകർ വീണ്ടും പറഞ്ഞപ്പോൾ സ്നേഹ തള്ള് നടത്തിയതാ, അതിനെ ഉന്തും തള്ളുമാക്കിയാൽ എന്ത് ചെയ്യാനാ'- പ്രവീൺ കുമാർ പറഞ്ഞു. കുറ്റ്യാടിയിലെ സ്റ്റേജിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയെന്നും പ്രവീൺ കുമാർ സമ്മതിക്കുന്നു. പിന്നീടുള്ള സ്റ്റേജുകളിൽ അത് നിയന്ത്രിച്ചെന്നും വലിയ ജനാധിപത്യ പാർടിൽ അങ്ങനെ ഒക്കെ സംഭവിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.


ജാഥ കുറ്റ്യാടിയിലെത്തിയപ്പോഴാണ്‌ കോഴിക്കോട്ടെ നേതൃതർക്കങ്ങൾ ഏറ്റുമുട്ടലിലെത്തിയത്‌. അധ്യക്ഷനായിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ്‌ കക്കട്ടിലാണ്‌ സതീശൻ എത്തിയതോടെ അദ്ദേഹത്തെ പ്രസംഗിക്കാൻ വിളിച്ചത്‌. സംസാരിക്കാനായി മൈക്കിനടുത്തേക്ക്‌ എത്തിയ ഷാഫി ഇതോടെ ഇളിഭ്യനായി. താനായിരുന്നില്ലേ സംസാരിക്കേണ്ടതെന്ന്‌ ആക്രോശിച്ച്‌ അധ്യക്ഷനെ തള്ളിമാറ്റി. പാറയ്‌ക്കൽ അബ്‌ദുള്ളയും ഡിസിസി പ്രസിഡന്റ്‌ പ്രവീൺ കുമാറും പിന്തിരിപ്പിക്കൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.


ഇടയ്‌ക്ക്‌ വേദിയിൽനിന്നിറങ്ങിപ്പോകാനും ശ്രമിച്ചു. നേതാക്കൾ ഇടപെട്ട്‌ അനുനയിപ്പിച്ചാണ്‌ സതീശന്റെ പ്രസംഗം കഴിയുംവരെ വേദിയിൽ നിർത്തിയത്‌. ഇനി താൻ പ്രസംഗിക്കാനില്ലെന്ന്‌ പ്രഖ്യാപിച്ചു. എന്നിട്ടും ഷാഫിയെ പ്രസംഗിക്കാനായി വിളിക്കാൻ മൈക്കിനടുത്തേക്കുപോയ അധ്യക്ഷനെ പിന്നിൽനിന്ന്‌ കഴുത്തിൽ ചുറ്റിപ്പിടിച്ചാണ്‌ ഷാഫി തടഞ്ഞത്‌.


വേദിയിൽ നിൽക്കുകയായിരുന്ന 82 വയസ്സുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ പിടിവലിക്കടിയിൽ പിന്നിലേക്ക്‌ മറിഞ്ഞുവീണു. മുതിർന്ന നേതാവ്‌ നിലത്തുവീണിട്ടും ആരും ശ്രദ്ധിച്ചില്ല. ഒടുവിൽ ഒരുവിധം മൈക്കിനരികിലെത്തിയ പ്രമോദ്‌ കക്കട്ടിൽ ഷാഫിയെ പ്രസംഗിക്കാൻ ക്ഷണിച്ചു.

താൻ സംസാരിക്കുന്നില്ലെന്ന്‌ പറഞ്ഞ്‌ തുടങ്ങിയ ഷാഫി ഒറ്റവരിയിൽ പ്രസംഗം അവസാനി
പ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home