ad
Deshabhimani

സംവിധായകൻ ഷാഫിക്ക്‌ വിട

shafi funeral
വെബ് ഡെസ്ക്

Published on Jan 28, 2025, 12:18 AM | 1 min read


കൊച്ചി : എന്നും ഓർത്തുവയ്‌ക്കാവുന്ന ഒരുപിടി സിനിമകളിലൂടെ മലയാളികൾക്ക്‌ പ്രിയങ്കരനായ സംവിധായകൻ ഷാഫിക്ക്‌ വിട നൽകി കേരളം. മൃതദേഹം തിങ്കളാഴ്‌ച കലൂർ ജുമാ മസ്ജിദിൽ ഖബറടക്കി. സിനിമ, രാഷ്‌ട്രീയ, ഭരണ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു.


ഞായർ പുലർച്ചെ 12.25ന് അന്തരിച്ച ഷാഫിയുടെ മൃതദേഹം രണ്ടിനാണ്‌ ആസ്റ്റർ മെഡ്‌സിറ്റിയിൽനിന്ന് ഇടപ്പള്ളി​യിലെ വീട്ടിലെത്തിച്ചത്‌. തിങ്കൾ പകൽ ഒന്നുവരെ കലൂർ മണിപ്പാട്ടിപ്പറമ്പിലെ സഹകരണ ബാങ്ക് ഹാളിൽ പൊതുദർശനത്തിന് വച്ചു. സമൂഹത്തിലെ വിവിധ തുറകളിലെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.


മന്ത്രി പി രാജീവ്‌ റീത്ത്‌ സമർപ്പിച്ചു. കുറഞ്ഞ കാലംകൊണ്ട്‌ മലയാളസിനിമയ്‌ക്ക്‌ അതുല്യ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്‌ വിടപറഞ്ഞതെന്ന്‌ അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ജില്ലാ സെക്രട്ടറി സി എൻ മോഹനനും അന്ത്യാഞ്ജലി അർപ്പിച്ചു. ബി ഉണ്ണിക്കൃഷ്‌ണൻ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്‌, ഫഹദ് ഫാസിൽ, മുകേഷ്, ലാൽ, ഹരിശ്രീ അശോകൻ, സലിംകുമാർ, നമിത പ്രമോദ്, പൊന്നമ്മ ബാബു തുടങ്ങി നിരവധി താരങ്ങളും സിനിമാപ്രവർത്തകരും അന്ത്യോപചാരമർപ്പിച്ചു.


ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടർന്ന്‌ കഴിഞ്ഞ 16-നാണ് ഷാഫി ചികിത്സ തേടിയത്. വിദഗ്ധപരിശോധനയിൽ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.


എളമക്കര മൂത്തോട്ടത്ത് എം പി ഹംസയുടെയും നബീസയുടെയും മകനാണ്. ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്.


റാഫിയുടെയും ബന്ധുവായ സംവിധായകൻ സിദ്ദിഖിന്റെയും പാതയിലൂടെയാണ് സിനിമയിലേക്കുള്ള വരവ്‌. രാജസേനന്റെയും റാഫി–--മെക്കാർട്ടിൻ സംവിധായകരുടെയും സഹായിയായും പ്രവർത്തിച്ചു. സംവിധാനം ചെയ്ത 18 സിനിമകളിൽ ഏറെയും ഹിറ്റായിരുന്നു. 2001-ൽ വൺമാൻഷോ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. കല്യാണരാമൻ, പുലിവാൽകല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, ടു കൺട്രീസ്, ഷെർലക്ക് ടോംസ് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്‌. തൊമ്മനും മക്കളും ചിത്രത്തിന്റെ തമിഴ്‌ റീമേക്കായ ‘മജ’യും സംവിധാനം ചെയ്‌തു. 2022ൽ ഇറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചി​ത്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home