തോറ്റതിൽ അരിശംപൂണ്ട് കെഎസ്‍യു അക്രമം; എസ്എഫ്ഐ പ്രവർത്തകരെ അർധരാത്രി അറസ്റ്റ് ചെയ്ത് പൊലീസ്

കായംകുളം: കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കായംകുളം എംഎസ്‌എം കോളേജിൽ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് എസ്എഫ്ഐ നേതാക്കളെയാണ് വെള്ളി അർധരാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ആക്രമണം അഴിച്ചുവിട്ട കെഎസ്‍യു പ്രവർത്തകരെ പിടികൂടിയിട്ടില്ല.
എസ്എഫ്ഐ ജില്ലാ സെക്രട്ടറ്ററിയറ്റ് അംഗങ്ങളായ ആഷിക്, അരവിന്ദ് രാജ്, ജില്ലാകമ്മിറ്റിയംഗം അർഷാദ് എന്നിവരാണ് അറസ്റ്റിലായത്. അൻപതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കെഎസ്‍യു നേതാക്കൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.
ആലപ്പുഴ ജില്ലയിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 18ൽ 18 കോളേജുകളിലും എസ്എഫ്ഐയാണ് വിജയിച്ചത്. എംഎസ്എമ്മിൽ എസ്‌എഫ്‌ഐയുടെ ചെയർമാൻ സ്ഥാനാർഥിയെ നിയമവിരുദ്ധമായി പുറത്താക്കിയെങ്കിലും മറ്റ് സീറ്റുകളിൽ മുന്നൂറോളം വോട്ടിന് കെഎസ്‌യു ദയനീയ തോൽവി ഏറ്റുവാങ്ങി. തുടർന്ന് കായംകുളം നഗരത്തിൽ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
സ്വകാര്യബസ് സ്‌റ്റാൻഡിന് സമീപത്തെ കോൺഗ്രസ് ഓഫീസിൽ തമ്പടിച്ചവരാണ് പൊലീസുകാർ നോക്കിനിൽക്കെ കല്ലെറിഞ്ഞത്. ഇവരെ പിടികൂടുന്നതിന് പകരം എസ്‌എഫ്ഐ പ്രവർത്തകര്‍ക്കുനേരെയാണ് പൊലീസ് തിരിഞ്ഞത്. പ്രതിഷേധിക്കാൻ ശ്രമിച്ചതോടെ പൊലീസും എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചു. ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
കല്ലേറിൽ എസ്‌എ-ഫ്‌ഐ പ്രവർത്തകരായ മുഹമ്മദ്അലി, വൈഷ്‍ണവി എന്നിവർക്ക് ഗുരുതര പരിക്കേറ്റു. അലിയുടെ കൈക്കും താടിയെല്ലിനും വൈഷ്‍ണവിയുടെ തലയ്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments