വിജിലൻസ് എത്തി
print edition സീതിസാഹിബ് സ്‌കൂളിലെ സാമ്പത്തിക ക്രമക്കേട് ; വെട്ടിലായി മുസ്ലിംലീഗ്

തളിപ്പറമ്പ്
മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയും തളിപ്പറന്പ് നഗരസഭാ ചെയർമാനുമായ പി കെ സുബൈർ കെയർടേക്കർ മാനേജരായ തളിപ്പറന്പ് സീതിസാഹിബ് ഹയർസെക്കൻഡറി സ്‌കൂളിലെ സാമ്പത്തിക ക്രമക്കേടിൽ പരിശോധന നടത്തി വിജിലൻസ്. തളിപ്പറന്പ് ജുമാഅത്ത് പള്ളിയുടെ കീഴിലുള്ളതാണ് സ്‌കൂൾ. ശനിയാഴ്‌ച സ്‌കൂളിലെത്തിയ വിജിലൻസ് സംഘം രേഖകൾ പരിശോധിച്ചു. പരാതി നൽകിയ തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിഭാരവാഹികളുടെ മൊഴിയെടുത്തു. പള്ളിയുടെ കീഴിലുള്ള സ്ഥാപനത്തിൽ നടത്തിയ അഴിമതി സംബന്ധിച്ച് വിശദീകരിക്കാനാകാത്ത പ്രതിസന്ധിയിലാണ് ലീഗ് നേതൃത്വം.
വഖഫിലേക്ക് നൽകുന്ന സംഭാവന തിരികെ നൽകാനാകില്ലെന്നിരിക്കെ, 2013–21 കാലയളവില്‍ സംഭാവനയായി സ്വീകരിച്ച തുകയില്‍നിന്ന് 74 ലക്ഷം തിരികെക്കൊടുത്തത് വലിയ സാന്പത്തികത്തട്ടിപ്പ് ലക്ഷ്യമിട്ടുള്ളതായിരുന്നെന്ന് പരാതിയിൽ പറയുന്നു. 5,000 രൂപയിലധികമുള്ള തുക പണമായി നൽകരുതെന്ന നിയമം ലംഘിച്ച്, 15 ലക്ഷം രൂപ അഷ്റഫ് എന്നയാള്‍ക്ക് നൽകി. ഒരേ വൗച്ചറില്‍ ഒന്നിലധികം വൗച്ചര്‍ നമ്പര്‍ ചേര്‍ത്തും ബില്ലുകളില്‍ കൃത്രിമം കാട്ടിയും 20 ലക്ഷത്തിൽപരം രൂപയുടെ തട്ടിപ്പും നടത്തി. ബില്ലില്ലാതെ 4,76,352 രൂപയുടെ മറ്റൊരു തട്ടിപ്പിന്റെയും രേഖകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
കെയർടേക്കർ മാനേജർക്ക് നിയമനാംഗീകാരം ഇല്ലെന്നിരിക്കെ, വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവുകൾ മറികടന്ന് 2025–26 അധ്യയനവർഷം ഹിന്ദി, കെമിസ്ട്രി, ഇസ്ലാമിക് ഹിസ്റ്ററി വിഷയങ്ങളിൽ നാലുപേർക്ക് നിയമനം നൽകി ഓരോരുത്തരിൽനിന്നും 50 ലക്ഷം രൂപ മുതൽ വാങ്ങിയതുസംബന്ധിച്ച വിവരങ്ങളും വിജിലൻസിന് കൈമാറിയിട്ടുണ്ട്.
പി കെ സുബൈർ മാനേജരായ കമ്മിറ്റിയുടെ കാലാവധി 2016 മെയ് അഞ്ചിന് കഴിഞ്ഞെങ്കിലും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തില്ലെന്ന സാങ്കേതിക കാരണത്താൽ തുടരുകയായിരുന്നു. ഇതിനെതിരെ വഖഫ് സ്വത്ത് സംരക്ഷണസമിതിയുടെ പരാതിയിൽ വഖഫ് ബോർഡ്, മനേജ്‌മെന്റ് കമ്മിറ്റി പിരിച്ചുവിട്ട് മുതവല്ലിയെ ഭരണമേൽപ്പിച്ചു. തുടർന്ന്, പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിലൂടെ 2023 ജൂലൈ 22ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ താൽക്കാലിക മാനേജരായി ചുമതലപ്പെടുത്തി. പിന്നീട്, കോടതിയെ സമീപിച്ചാണ് സുബൈർ കെയർടേക്കർ മാനേജരായത്.
വഖഫ് ബോർഡ് എം പാനൽ ഓഡിറ്ററായ ഇ കെ കരുണാകരൻ 2022 ജൂൺ 14ന് നൽകിയ റിപ്പോർട്ടിൽ സ്‌കൂളിന്റെ 2013–21 കാലത്തെ കണക്കുകളിൽ വ്യാപക ക്രമക്കേടുള്ളതായി പറഞ്ഞിട്ടുണ്ട്. സ്‌കൂൾ നടത്തിപ്പിലുൾപ്പെടെ അതീവ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്. ഇതും പരാതിക്കാർവിജിലൻസിന് കൈമാറിയിട്ടുണ്ട്.










0 comments