സാമ്പത്തിക അവലോകന റിപ്പോർട്ട്
കിടപ്പാടവും ക്ഷേമവും; ഇത് മാതൃകാ സർക്കാർ: സാമ്പത്തിക അവലോകന റിപ്പോർട്ട്

തിരുവനന്തപുരം: തലചായ്‌ക്കാനിടമില്ലാത്ത നിരാലംബർക്ക് അടച്ചുറപ്പുള്ള വീട് ഒരുക്കുന്നതിൽ കേരളം ഏറെ മുന്നിലെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. ലൈഫ് മിഷനു കീഴിൽ, യൂണിറ്റുകൾ ഉൾപ്പെടെ മൊത്തം 4,71,442 വീടുകൾ കഴിഞ്ഞ ഒക്ടോബർ 31 നകം നിർമിച്ചു. ഇതിൽ പട്ടികജാതി ഗുണഭോക്താക്കൾക്കായി 1,25,360 വീടുകളും പട്ടികവർഗ ഗുണഭോക്താക്കൾക്കായി 45,976 വീടുകളും നിർമിച്ചത് ഉൾപ്പെടുന്നു. ഇപിഇപി ഭവനരഹിതരുടെ വിഭാഗത്തിൽ 4,005 വീടുകളുടെയും ഇപി ഇപി ഭൂരഹിതരുടെയും വീടില്ലാത്തവരുടെയും വിഭാഗത്തിൽ 1,417 വീടുകളുടെയും നിർമ്മാണം പൂർത്തിയായി.
പാർശ്വവൽക്കരിക്കപ്പെട്ടവരും ദുർബലരുമായവരുടെ, ക്ഷേമത്തിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2016 ൽ ഒരു ഗുണഭോക്താവിന് പ്രതിമാസം ലഭിച്ചിരുന്ന 600 രൂപയിൽ നിന്ന് 2021 ൽ ക്ഷേമ പെൻഷനുകൾ 1,600 രൂപയായി ഉയർത്തി. സർക്കാർ അടുത്തിടെ ക്ഷേമ പെൻഷൻ 2,000 രൂപയായി ഉയർത്തി. 2025 നവംബർ മുതൽ അവ പ്രാബല്യത്തിൽ വന്നു. സാമൂഹ്യ സുരക്ഷാ പെൻഷൻകാരുടെ എണ്ണം 2015–16 ൽ 34 ലക്ഷമായിരുന്നു, അത് 2025 ഒക്ടോബറിൽ 49.74 ലക്ഷമായി ഉയർന്നു. ഇതിൽ ക്ഷേമനിധി ബോർഡുകളുടെ പെൻഷനുകൾ ഉൾപ്പെടുന്നില്ല. 49.74 ലക്ഷം പെൻഷൻകാർ ഉള്ളതിൽ 31.08 ലക്ഷം പേർ (62.49 ശതമാനം) വനിതകളാണ്. ശതമാനം ഗുണഭോക്താക്കളും വാർദ്ധക്യകാല പെൻഷൻ വിഭാഗത്തിൽ പെടുന്നു.
പട്ടികജാതി–പട്ടിക വർഗ ക്ഷേമത്തിലും കുതിപ്പ്
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനമാണ് സർക്കാരിന്റെ പ്രധാന താല്പര്യം. നിലവിൽ സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി വിഹിതത്തിന്റെ 9.81 ശതമാനം പട്ടികജാതി ക്ഷേമത്തിനും 2.83 ശതമാനം പട്ടികവർഗ ക്ഷേമത്തിനുമായി നീക്കിവച്ചിട്ടുണ്ട്. ഭവന നിർമ്മാണത്തിനായി ഭൂരഹിത കുടുംബങ്ങൾക്കുള്ള ഭൂമി പദ്ധതിക്ക് കീഴിൽ 2024–25 ൽ 1,756 കുടുംബങ്ങൾക്കും 2025-–26 ൽ 1060 കുടുംബങ്ങൾക്കും (2025 ഓഗസ്റ്റ് 31 വരെ) സഹായം നൽകി. 2025 ഒക്ടോബർ 31 വരെയുള്ള കണക്കുകൾ പ്രകാരം പട്ടികജാതി ഗുണഭോക്താക്കൾക്കായി 1,25,360 വീടുകൾ നിർമിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിലെ വിദ്യാർഥികൾക്കായി 6,622 പഠന മുറികളുടെ നിർമ്മാണം 2024-–25 ൽ പൂർത്തിയായി. അതുപോലെ, 2025–-26 ൽ (2025 ഓഗസ്റ്റ് 31 വരെ) 334 പഠന മുറികൾ നിർമിച്ചു. 2024-25 ൽ, ഉന്നതി വിദേശ സ്കോളർഷിപ്പ് പദ്ധതിയിലൂടെ 211 പട്ടികജാതി വിദ്യാർഥികളെ വിദേശത്തുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിന് സർക്കാർ സഹായിച്ചു, ഇത് 25 ലക്ഷം രൂപ വരെ സ്കോളർഷിപ്പായി നൽകുന്നു. 2025 ഓഗസ്റ്റ് 31 ലെ കണക്കനുസരിച്ച് മൊത്തം 4223 പേർക്ക് ചികിത്സാ സഹായം ലഭിച്ചു. 2024-–25 ൽ 806 പേർ വിവിധ നൈപുണ്യ വികസന പരിപാടികളിലൂടെ പരിശീലനം നേടുകയും 273 ഗുണഭോക്താക്കൾക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിന് സബ്സിഡി ലഭിക്കുകയും ചെയ്തു.










0 comments