താൽപ്പര്യപത്രം ക്ഷണിച്ചു
print edition കൊച്ചിയിൽ രണ്ടാം മറീന സ്ഥാപിക്കാൻ തുറമുഖ അതോറിറ്റി

മട്ടാഞ്ചേരി വാർഫിനോടനുബന്ധിച്ച് മറീന സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന 4. 8 ഏക്കർ സ്ഥലം, പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു
കൊച്ചി: വിനോദസഞ്ചാര ജലയാനങ്ങൾക്കായി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള രാജ്യത്തെ രണ്ടാമത്തെ മറീന, മട്ടാഞ്ചേരി വാർഫിനോടുചേർന്ന് സ്ഥാപിക്കാനുള്ള പദ്ധതിയുമായി കൊച്ചി തുറമുഖ അതോറിറ്റി. സ്വകാര്യപങ്കളിത്തത്തോടെ പൂർത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയിൽ യാട്ടുകൾക്കും ചെറു ജലയാനങ്ങൾക്കും നങ്കൂരമിടാനുള്ള സൗകര്യങ്ങൾ, ഫ്ലോട്ടിങ് പോണ്ടൂണുകൾ, ഗാങ്‌വേകൾ, മറീന യൂട്ടിലിറ്റികൾ, ക്ലബ്‌ഹൗസ് തുടങ്ങിയവയാണ് ഒരുങ്ങുക. സംസ്ഥാന ടൂറിസം വികസന കോർപറേഷനുകീഴിൽ ബോൾഗാട്ടിയിൽ പ്രവർത്തിക്കുന്ന മറീനയാണ് അന്താരാഷ്‌ട്ര സൗകര്യങ്ങളോടുകൂടിയ രാജ്യത്തെ ഏക മറീന.
മട്ടാഞ്ചേരി വാർഫിലെ ക്യു4 എക്സ്റ്റൻഷൻ ഏരിയയിൽ തീരത്തിന് അഭിമുഖമായ 4.8 ഏക്കറിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മറീനയുടെ നിർമാണത്തിന് സ്വകാര്യ പങ്കാളിത്തം ക്ഷണിച്ച് തുറമുഖ അതോറിറ്റി താൽപ്പര്യപത്രം ക്ഷണിച്ചു. പരിസ്ഥിതി നിയമങ്ങൾക്കും തുറമുഖ സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസൃതമായി മറീന രൂപകൽപ്പന ചെയ്യാനും പണം കണ്ടെത്തി നിർമിക്കാനും ദീർഘകാലത്തേക്ക് പ്രവർത്തിപ്പിക്കാനും പരിപാലിക്കാനുമുള്ള ഉത്തരവാദിത്വം സ്വകാര്യ പങ്കാളിക്കാകും. വരുമാനം പങ്കിടുന്ന വ്യവസ്ഥകൾ പിന്നീട് തീരുമാനിക്കും. വാണിജ്യാവശ്യത്തിന് വർഷം ഏക്കറിന് 13.2 ലക്ഷമാണ് നിലവിലെ പാട്ടനിരക്ക്. അതുപ്രകാരം മറീന സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് 64 ലക്ഷം രൂപയാകും വർഷം വാടക.
കൊച്ചിയുടെ സമുദ്രവിനോദസഞ്ചാരം മെച്ചപ്പെടുത്താനും ആഭ്യന്തര-–അന്തർദ്ദേശീയ വിനോദയാന ഗതാഗതത്തെ ആകർഷിക്കാനും ഉതകുന്ന പദ്ധതിയിലൂടെ സുസ്ഥിര വരുമാനവും തുറമുഖ അതോറിറ്റി ലക്ഷ്യമിടുന്നു. തുറമുഖ അതോറിറ്റിക്കുകീഴിലുള്ള ഭൂമി ഫലപ്രദമായി വിനിയോഗിക്കാനായി തയ്യാറാക്കിയിട്ടുള്ള മാസ്‌റ്റർപ്ലാൻപ്രകാരമാണ് മറീന പ്രോജക്ടും ആവിഷ്‌കരിച്ചിട്ടുള്ളത്. താൽപ്പര്യപത്രങ്ങളുടെ പരിശോധന മെയ് 15ന് നടക്കും.
ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണനാണ് 2010ൽ ബോൾഗാട്ടിയിലെ മറീന ഉദ്‌ഘാടനംചെയ്‌തത്. 10 കോടിയോളം രൂപ ചെലവിൽ നിർമിച്ച മറീനയിൽ 36 യാനങ്ങൾക്ക് നങ്കൂരമിടാം. യാത്രികർക്ക് താമസിക്കാനുള്ള മുറികൾ, ഹെൽത്ത് ക്ലബ്, കഫ്‌തീരിയ, കലാ, കായിക വിനോദോപാധികൾ, ഗോൾഫ് കോഴ്‌സ് എന്നിവയുമുണ്ട്. ഇന്ത്യൻ തീരത്തെവിടെയും അന്താരാഷ്‌ട്ര നിലവാരത്തിലുള്ള മറ്റ് മറീനകളില്ലാത്തതും വടക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പാശ്ചാത്യസഞ്ചാരികൾക്ക് നങ്കൂരമിടാൻ മറ്റ് സൗകര്യമില്ലാത്തതുമാണ് കൊച്ചി മറീനയുടെ സാധ്യത വർധിക്കാനിടയാക്കിയത്.










0 comments