ad
Deshabhimani

വേണുഗോപാലും കൊടിക്കുന്നിലും ഉൾപ്പെട്ട ആരോപണം

print edition സീറ്റ് കോഴയിൽ കേസ്

Scam
വെബ് ഡെസ്ക്

Published on Mar 28, 2026, 03:01 AM | 2 min read

ന്യൂഡൽഹി: ​ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ്‌ വാഗ്‌ദാനംചെയ്‌ത്‌ കോൺഗ്രസ്‌ നേതാക്കൾ ചേർന്ന്‌ കോടികൾ തട്ടിയെന്ന ആരോപണത്തിൽ കേസെടുത്ത്‌ ഡൽഹി പൊലീസ്‌. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്‌ എംപി തുടങ്ങിയ നേതാക്കൾക്കെതിരെ ഗുരുതര ആരോപണമുയർന്ന സംഭവത്തിലാണ്‌ കേസ്‌. നേതാക്കളും കൂട്ടാളികളും സീറ്റിന്‌ കോടികൾ വാങ്ങിയെന്ന ഹരിയാനയിലെ മഹിളാകോൺഗ്രസ്‌ മുൻ ജനറൽ സെക്രട്ടറി സുചിത്രാദേവിയുടെ ഭർത്താവ്‌ ഗ‍ൗരവ്‌ കുമാറിന്റെ പരാതിയിൽ നോർത്ത്‌അവന്യു പൊലീസാണ്‌ കേസെടുത്തതെന്ന്‌ എഎൻഐ, ഐഎഎൻഎസ് എന്നീ വാർത്താഏജൻസികൾ റിപ്പോർട്ട്‌ ചെയ്‌തു.


ആരൊക്കെയാണ്‌ പ്രതികളെന്ന്‌ വ്യക്തമാക്കാൻ പൊലീസ്‌ തയ്യാറായില്ല. കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെയാണ്‌ കേസെന്നും വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്നും പൊലീസ്‌ പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ്‌ ചുമത്തിയത്‌. 2024 ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ സുചിത്രാദേവിക്ക്‌ ബവാന സീറ്റ്‌ വാഗ്‌ദാനംചെയ്‌ത്‌ പണം വാങ്ങിയെന്നാണ്‌ പരാതി.

അതിനിടെ കെ സി വേണുഗോപാൽ ഡൽഹിയിലെത്തി കേസ്‌ ഒതുക്കാൻ ശ്രമം തുടങ്ങി. മധ്യസ്ഥർ വഴി ഗ‍ൗരവ്‌ കുമാറിനെ ബന്ധപ്പെട്ടതായാണ്‌ വിവരം.


​പണം കൈമാറിയ 
രേഖ പുറത്ത്‌


കൊടിക്കുന്നിൽ സുരേഷിന്റെയും സ്റ്റാഫ്‌ എബിൻ കെ ജോയിയുടെയും അക്ക‍ൗണ്ടിൽ ഗ‍ൗരവ്‌ കുമാർ പണമിട്ടതിന്റെ രേഖകൾ പുറത്തുവന്നു. 2024 ജൂലൈ മൂന്നിന്‌ കൊടിക്കുന്നിലിന്റെ എസ്‌ബിഐ പാർലമെന്റ്‌ ബ്രാഞ്ചിലെ സാലറി അക്ക‍ൗണ്ടിലേക്ക്‌ ഒരു ലക്ഷവും 2024 ആഗസ്‌ത്‌ 15ന്‌ എബിൻ കെ ജോയിയുടെ അക്ക‍ൗണ്ടിലേക്ക്‌ മൂന്ന്‌ ലക്ഷവും കൈമാറിയതിന്റെ സ്റ്റേറ്റ്‌മെന്റാണ്‌ പുറത്തുവന്നത്‌. വേണുഗോപാലിന്റെ പിഎ അനസ്‌ അലിയുടെ അക്ക‍ൗണ്ടിലേക്കും രണ്ടുതവണ പണം കൈമാറി. വേണുഗോപാലിന്റെ പിഎ വിവിധ അക്ക‍ൗണ്ടുകളിലേക്ക്‌ പണം വാങ്ങിയതിന്‌ പുറമേ വേണുഗോപാലിന്റെ ഡൽഹിയിലെ വസതിയിൽവച്ച്‌ 75 ലക്ഷം രൂപ നേരിട്ട്‌ കൈപ്പറ്റിയെന്നും പരാതിയിലുണ്ട്‌.


കൊടിക്കുന്നിൽ സുരേഷ്‌ സ്വന്തം അക്ക‍ൗണ്ടിലേക്കും മകന്റെയും പിഎയുടെയും അക്ക‍ൗണ്ടിലേക്കും പണം വാങ്ങി. ഇതിനുപുറമേ, പ്രിയങ്ക ഗാന്ധിയുടെ പിഎ സദബ്‌ഖാൻ 25 ലക്ഷം രൂപ കൈപ്പറ്റിയെന്നും ഗ‍ൗരവ്‌ പറഞ്ഞിട്ടുണ്ട്‌. നേതാക്കൾക്ക്‌ നാല്‌ കോടിയും അനുയായികൾക്ക്‌ മൂന്ന്‌ കോടിയും ഉൾപ്പടെ മൊത്തം ഏഴ്‌ കോടി നൽകി. സീറ്റ്‌ ലഭിക്കാത്തതിനെ തുടർന്ന്‌ മറ്റ്‌ പദവികൾ വാഗ്‌ദാനംചെയ്‌തെങ്കിലും വഞ്ചിച്ചുവെന്ന്‌ ഗ‍ൗരവ്‌ കൂട്ടിച്ചേർത്തു. സീറ്റിന്‌ മുടക്കിയ പണം ഉടൻ തിരിച്ചുതന്നില്ലെങ്കിൽ,‍ രാഹുൽ ഗാന്ധിയുടെ വീടിന്‌ മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന്‌ ഗ‍ൗരവ്‌ കുമാർ പറഞ്ഞിരുന്നു. വ്യാഴാഴ്‌ച ഡൽഹിയിലെത്തിയ ഗ‍ൗരവിനെ പൊലീസ്‌ പിടികൂടി തിരിച്ചയച്ചു.











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home