കാർ പിന്നോട്ടെടുക്കാൻ ഒതുക്കിയില്ല; കൊച്ചിയിൽ സ്കൂട്ടർ യാത്രികന് ക്രൂരമർദനം, കേൾവി നഷ്ടമായി

സ്കൂട്ടർ യാത്രികനെ മർദിക്കുന്നു (Photo: Screengrab)
കൊച്ചി: കാർ പിന്നോട്ട് എടുക്കുമ്പോൾ ഒതുക്കി നിർത്തിയില്ലെന്ന് ആരോപിച്ച് സ്കൂട്ടർ യാത്രികന് ക്രൂരമർദനം. വാഴക്കാല പടമുഗളിൽ താമസിക്കുന്ന സുധീഷ് ആണ് ആക്രമണത്തിന് ഇരയായത്. നാലു പേർ ചേർന്നാണ് സുധീഷിനെ മർദിച്ച് അവശനാക്കിയത്. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാല രജിസ്ട്രേഷനിലുള്ള കാറായിരുന്നു. ഉടമകളെ ബന്ധപ്പെട്ട് ഹജരാകാൻ നിർദേശം നൽകിയെങ്കിലും ഫോൺ നിലവിൽ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് അറിയിച്ചു.
ജൂലൈ 22 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 10 മണിയോടെ പാലാരിവട്ടം – സിവിൽ ലൈൻ റോഡിൽ വച്ചായിരുന്നു സംഭവം. നാലംഗ സംഘം സഞ്ചരിച്ച കാർ പിന്നിലേക്കെടുക്കുന്നതിനു കൂട്ടത്തിലൊരാൾ സ്കൂട്ടർ തടഞ്ഞു നിർത്തി. എന്നാൽ ഇതു കണക്കാക്കാതെ സ്കൂട്ടർ മുന്നോട്ടെടുത്ത സുധീഷിനെ ‘എന്താ നിനക്ക് വണ്ടി നിർത്തിയാൽ’ എന്നു ചോദിച്ച ശേഷം ആദ്യം മുഖത്തടിക്കുകയായിരുന്നു. തുടർന്ന് നെഞ്ചിലും ഇടതു ചെവിക്കും അടിച്ചു. സുധീഷിനെ നിലത്തിട്ടു ചവിട്ടി.
മർദനത്തിൽ സുധീഷിന്റെ ഒരു ചെവിയുടെ കേൾവിക്കു തകരാർ സംഭവിച്ചു. അക്രമത്തിനിടെ സുധീഷിന്റെ 14,000 രൂപ വിലയുള്ള മൊബൈൽ ഫോൺ അക്രമികൾ എറിഞ്ഞു തകർത്തു. കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രികരായ 3 യുവാക്കളെ കാറിലെത്തിയ മൂന്നംഗ സംഘം കാക്കനാട് വച്ച് ക്രൂരമായി മർദിച്ചിരുന്നു. ആക്രമണത്തിൽ തലയോട്ടിക്കു പൊട്ടലുണ്ടായി രക്തം കട്ട പിടിച്ച ഒരാളുടെ നില ഇപ്പോഴും ഗുരുതരമാണ്. കാപ്പാ കേസ് പ്രതിയടക്കമുള്ള അക്രമികളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും മർദംനം നടന്നത്.









0 comments